നാടിനെ വിറപ്പിച്ച് നടുറോഡിൽ കാട്ടാന, ബൈക്ക് തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു പരാക്രമം
എരുമേലി ∙ കാളകെട്ടിയിൽ റോഡിലിറങ്ങിയ കാട്ടാന നാട്ടുകാരിൽ ഭീതി പരത്തി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ ആന അര മണിക്കൂറിലേറെ നിരത്തിൽ നിലയുറപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണു നാട്ടുകാർ കോരൂത്തോട്–കണമല പാതയിൽ ആനയെ കണ്ടത്. കാട്ടാനയുടെ ആക്രമണം ഒഴിവാക്കാൻ നാട്ടുകാർ പാതയുടെ രണ്ടു വശങ്ങളിലും വാഹനങ്ങൾ തടഞ്ഞിട്ടു.
ഇതിനിടെ ഫോറസ്റ്റ് സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുത്തെറിഞ്ഞു. വനപാലകന്റേതാണു ബൈക്ക്. വണ്ടിക്കു കേടുപാട് സംഭവിച്ചു.ഭക്ഷണം തേടി നാട്ടിലേക്കിറങ്ങുന്ന ആനകൾ പൊതുവേ തേക്ക് പ്ലാന്റേഷനിലും മറ്റുമാണു വിഹരിക്കാറുള്ളത്. എന്നാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. വേനൽ കടുത്തതോടൈ അഴുതയാറ്റിലും ആനക്കൂട്ടമെത്തുന്നു.
വനത്തിലെ ചോലകൾ വറ്റിയതാണ് ആനയിറക്കത്തിനു കാരണം. അഴുതയാറ്റിൽ വെള്ളം കുടിക്കാൻ ആനക്കൂട്ടമെത്തുന്നതിനാൽ കുളി, അലക്ക് തുടങ്ങിയവ നടത്താൻ കഴിയാത്ത അവസ്ഥയിലാണു ജനം. എരുമേലി റേഞ്ചിനു കീഴിലെ വിവിധയിടങ്ങളിൽ കൃഷി നശിപ്പിക്കുന്നതു സംബന്ധിച്ചു നൂറുകണക്കിനു പരാതികൾ വനംവകുപ്പിൽ എത്തുന്നുണ്ട്.
