ഗൃഹോപകരണങ്ങൾ നൽകാമെന്നു പറഞ്ഞ് അഡ്വാൻസ് വാങ്ങി മുങ്ങിയെന്നു പരാതി
ഇളങ്ങുളം: വിവിധ ഗൃഹോപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് തവണവ്യവസ്ഥയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് പരാതി. എൽഇഡി ടെലിവിഷനും അലമാരയും തവണവ്യവസ്ഥയിൽ നൽകാമെന്ന വാഗ്ദാനത്തിൽ രണ്ടായിരം രൂപ നഷ്ടപ്പെട്ട ഇളങ്ങുളം സ്വദേശിനിയായ വീട്ടമ്മ പൊൻകുന്നം പോലീസിൽ പരാതി നൽകി. വീട്ടുകാർ ഇയാളുടെ ചിത്രം മൊബൈൽഫോണിൽ പകർത്തിയതും പോലീസിന് കൈമാറി. 23,500 രൂപയുടെ സാധനം രണ്ടുദിവസത്തിനുള്ളിൽ എത്തിക്കാമെന്നറിയിച്ച് പണവുമായി പോയ ആൾ പിന്നീട് പ്രദേശത്തെത്തിയില്ല. വിവിധ ജില്ലകളിൽ ശാഖകളുണ്ടെന്ന് രേഖപ്പെടുത്തിയ ബില്ലിൽ ഫോൺ നമ്പറോ വിലാസമോ ഇല്ല. നൽകിയ മൊബൈൽ നമ്പറിൽ ഒരുതവണ വിളിച്ചുകിട്ടിയപ്പോൾ ഇയാൾ അശ്ലീലസംസാരമാണ് നടത്തിയതെന്നും പരാതിയുണ്ട്. ഇളങ്ങുളം മേഖലയിൽ ഇയാൾ പലവീടുകളിലും സമാനമായ തട്ടിപ്പുനടത്തിയെങ്കിലും മറ്റാരും പരാതി നൽകിയിട്ടില്ല. റഫ്രിജറേറ്റർ, ഫർണീച്ചറുകൾ, ടെലിവിഷൻ, എസി തുടങ്ങി നിരവധി സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. ആഴ്ചതോറും 100 രൂപ വീതം തവണയായി നൽകിയാൽ മതിയെന്ന് മോഹിപ്പിച്ചാണ് ആൾക്കാരിൽ നിന്ന് പണം തട്ടിയെടുത്തത്.
