കോവിഡ് പരിശോധനയ്ക്കാണോ? എന്നാൽ കയറിക്കോ…; സൗജന്യ ഓട്ടം നടത്തി രഞ്ജിത്ത്
എരുമേലി ∙ കോവിഡ് എന്നു കേൾക്കുമ്പോഴേ പലരും പേടിച്ചോടുമ്പോൾ നാട്ടുകാർ പഞ്ചാബി എന്നു വിളിക്കുന്ന ശ്രീനിപുരം സ്വദേശി രഞ്ജിത്തെന്ന ഓട്ടോ ഡ്രൈവറെ ഇതൊന്നും ബാധിക്കുന്നേയില്ല. കോവിഡ് പരിശോധന നടത്താൻ ആശുപത്രിയിൽ ആളുകളെ രഞ്ജിത്ത് എത്തിക്കുന്നതു സൗജന്യമായാണ്. വീട്ടിലെ സാഹചര്യം മൂലം മെഡിക്കൽ സ്റ്റോറിൽ പോയി മരുന്നു വാങ്ങാൻ കഴിയാത്തവർക്കു വേണ്ടിയും സൗജന്യ ഓട്ടം നടത്തുന്നു.
എരുമേലി സർക്കാർ ആശുപത്രിയിൽ വയോധികരെ സൗജന്യമായി എത്തിക്കുന്നതിനും തുക വാങ്ങില്ല. എരുമേലി നിന്ന് 60 കിലോമീറ്റർ അകലെ മെഡിക്കൽ കോളജിൽ അർബുദ രോഗികളെ എത്തിക്കാൻ വാങ്ങുന്നതു ചെറിയ തുക.ശ്രീനിപുരത്ത് അമ്മയുടെ പേരിലുള്ള രണ്ടര സെന്റ് സ്ഥലത്താണ് ഇപ്പോൾ താമസം.
ഭാര്യയും മകനുമുണ്ട്. എരുമേലി പഞ്ചായത്തിൽ മാത്രമാണ് സൗജന്യ സേവനം. അതിനും കാരണമുണ്ട്. ദൂരസ്ഥലങ്ങളിലേക്കു പോയാൽ കുടുംബം പട്ടിണിയിലാവും! പഞ്ചാബി എന്നു പേരിന്റെ പിന്നിൽ മറ്റൊന്നുമില്ല, നന്നായി പഞ്ചാബി നാടോടി നൃത്തം നടത്തും. ദലേർ മെഹന്തിയുടെ ആരാധകനാണ്. അത്രയേയുള്ളു!
