KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.സി.ജോർജിന്റെ കാര്യത്തിൽ സംഭവിച്ചതെന്ത്?; ഇത്തവണയും തനിയെ മത്സരിക്കും?

യുഡിഎഫിലേക്കുള്ള പ്രവേശനത്തിനു വിലങ്ങു തടിയായത് ഉമ്മൻ ചാണ്ടിയുടെ നിലപാടുകളാണെന്ന വിമർശനവുമായി പി.സി. ജോർജ് എംഎൽഎ. ‘രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഞാൻ യുഡിഎഫിൽ എത്തുന്നതിനെ അനുകൂലിച്ചു. എന്നാൽ ഉമ്മൻ ചാണ്ടി എതിർത്തു. പ്രാദേശികമായ ചില എതിർപ്പുകളുമുണ്ടായി. മുസ്‌ലിം ലീഗിനെ ഉപയോഗിച്ച് എന്നെ എതിർക്കാനുള്ള ശ്രമങ്ങളും നടത്തി. ഇതിന് യുഡിഎഫ് വലിയ വില നൽകേണ്ടി വരും’– പി.സി ജോർജ് പറഞ്ഞു.പി.സി. ജോർജ് കൂടെയുണ്ടെങ്കിൽ കോട്ടയം ജില്ലയിൽ മുഴുവൻ സീറ്റുകളിലും യുഡിഎഫിനെ വിജയിപ്പിക്കാൻ സാധിക്കുമെന്ന് രമേശ്‌ ചെന്നിത്തല കോൺഗ്രസ് യോഗത്തിൽ പറഞ്ഞതായും ജോർജ് അവകാശപ്പെട്ടു.

ജോർജിന്റെ കാര്യത്തിൽ സംഭവിച്ചതെന്ത് ?

പി.സി. ജോർജ് പൂഞ്ഞാറിൽ സ്വതന്ത്രനായി മത്സരിച്ചാൽ മാത്രം പിന്തുണച്ചാൽ മതിയെന്നായിരുന്നു കോൺഗ്രസ് നിലപാട്. എന്നാൽ ഘടക കക്ഷിയാക്കിയാൽ മാത്രമേ യുഡിഎഫിനെ പിന്തുണയ്ക്കൂ എന്ന് പി.സി. ജോർജും നിലപാടെടുത്തു. ഈ തർക്കത്തിനിടെ ജോർജിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പു കൂടി വന്നു. ഇതോടെ പിസി. ജോർജിന്റെ യുഡിഎഫ് പ്രവേശനം പാളി. 2016ലെ തിരഞ്ഞെടുപ്പിൽ പി.സി. ജോർജ് പൂഞ്ഞാറിൽ ഒറ്റയ്ക്കു നിന്നു മത്സരിച്ചു ജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പി.സി. ജോർജിന്റെ മകൻ പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഒറ്റയ്ക്കു നിന്നു വിജയിച്ചു. ഇതോടെയാണ് പൂഞ്ഞാറിൽ പി.സി. ജോർജിന്റെ പിന്തുണ തേടിയാലോ എന്ന ആലോചന കോൺഗ്രസിൽ തുടങ്ങിയത്.

ജോർജിനെ യുഡിഎഫിലെടുക്കാൻ മുൻകയ്യെടുത്തത് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നായിരുന്നു. ജോർജിനെ പൂഞ്ഞാറിലോ അല്ലെങ്കിൽ പാലായിൽ ജോസ് കെ. മാണിക്കെതിരെയോ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിലെ ആലോചന. ജനപക്ഷത്തെ യുഡ‍ിഎഫിൽ ഘടക കക്ഷിയാക്കണമെന്ന ജോർജിന്റെ ആവശ്യം സംബന്ധിച്ച ചർച്ച അവസാന ഘട്ടം വരെ എത്തിയിരുന്നു. രണ്ടു വർഷം മുൻപ് പി.സി. ജോർജ് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശവും ഇടയ്ക്ക് എൻഡിഎ മുന്നണിയിൽ അംഗമായതും യുഡിഎഫിനു തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെയും മുസ്‍ലിം ലീഗിന്റെയും വാദം. പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണയും ഒറ്റയ്ക്കു മത്സരിക്കാനാണ് പി.സി. ജോർജിന്റെ നീക്കം. എൽഡിഎഫിൽ ഘടക കക്ഷിയാക്കാൻ സാധ്യതയില്ല.

error: Content is protected !!