30,000നു മുകളിൽ വോട്ടു കിട്ടുന്ന മണ്ഡലം, കച്ച മുറുക്കി ബിജെപി; ‘സർപ്രൈസ്’ സ്ഥാനാർഥി?
∙ ബിജെപിയുടെ കണക്കിൽ ജില്ലയിലെ ഏക എ ഗ്രേഡ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ പോരു മുറുക്കാൻ തീരുമാനം. സംസ്ഥാനത്ത് 30,000നു മുകളിൽ വോട്ടു കിട്ടുന്ന നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി 30,000ൽ കൂടുതൽ വോട്ട് നേടിയതോടെയാണ് കാഞ്ഞിരപ്പള്ളി മുൻനിര മണ്ഡലമായി പരിഗണിക്കപ്പെടുന്നത്. ഈ മണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ഭരണം നേടാനായതും ബിജെപിക്ക് ആത്മവിശ്വാസമേകുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ മണിമല ഒഴികെ എല്ലാ പഞ്ചായത്തുകളിലും ബിജെപി മോശമല്ലാത്ത പ്രകടനം നടത്തി. അതേസമയം അമിത ആത്മവിശ്വാസം പാടില്ലെന്നു ബിജെപി ജില്ലാ നേതൃത്വത്തിന് ആർഎസ്എസിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ കുറവ് വോട്ടുകളാണു ലോക്സഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും കുറഞ്ഞു. ഭരണം ഉറപ്പിച്ചു മത്സരിച്ച ചിറക്കടവ് പഞ്ചായത്തിലെ സ്ഥിതിയും ആർഎസ്എസ് ഉയർത്തിക്കാട്ടുന്നു.
കേരള കോൺഗ്രസ് (എം) ഇടതു പക്ഷത്ത് എത്തുന്നത് എൽഡിഎഫിന് അനുകൂലമായേക്കുമെന്ന കാര്യം പരിഗണിച്ചുള്ള പ്രവർത്തനം വേണമെന്നാണു പാർട്ടിയിലെ പൊതുവികാരം. അൽഫോൻസ് കണ്ണന്താനം എംപി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച വി.എൻ. മനോജ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി. രാമൻ നായർ, ഡോ. ജെ. പ്രമീള ദേവി, ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു അടക്കമുള്ളവരെ കാഞ്ഞിരപ്പള്ളി സീറ്റിൽ പരിഗണിക്കുന്നുണ്ട്. സ്ഥിരം മുഖങ്ങൾക്കു പകരം പ്രാദേശികമായി സമ്മതരായ ‘സർപ്രൈസ്’ സ്ഥാനാർഥികളെ രംഗത്തിറക്കാനും സാധ്യതയുണ്ടെന്നു സംസ്ഥാന നേതാവ് പറഞ്ഞു.
2015, 2020
തദ്ദേശ തിരഞ്ഞെടുപ്പ്:ഗ്രാമപ്പഞ്ചായത്തുകളിൽവിജയിച്ച വാർഡുകൾ(9 പഞ്ചായത്തുകൾ: കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, കങ്ങഴ, കറുകച്ചാൽ, നെടുങ്കുന്നം, വാഴൂർ, വെള്ളാവൂർ, പള്ളിക്കത്തോട് )
2015
∙യുഡിഎഫ്: 55
∙എല്‍ഡിഎഫ്: 54
∙എൻഡിഎ: 19
∙സ്വതന്ത്രർ: 18
2020
∙യുഡിഎഫ്: 35
∙എല്‍ഡിഎഫ്: 77
∙എൻഡിഎ: 20
∙സ്വതന്ത്രർ: 14
കാഞ്ഞിരപ്പള്ളി മണ്ഡലം:മുന്നണികളുടെ പ്രകടനം
2016
നിയമസഭ
∙യുഡിഎഫ്: 53,126 (38.86%)
∙എൽഡിഎഫ്: 49,236 (36.02%)
∙ബിജെപി: 31,411 (22.98%)
2019
ലോക്സഭ
∙യുഡിഎഫ്: 55,330 (39.71%)
∙എൽഡിഎഫ്: 43,601 (31.30%)
∙ബിജെപി: 30,990 (22.24%)
2020
തദ്ദേശ തിരഞ്ഞെടുപ്പ് (പഞ്ചായത്തുകളിലെ വോട്ടിങ് കണക്ക്)
∙ യുഡിഎഫ് 44,648
∙ എൽഡിഎഫ് 61,118
∙ ബിജെപി 29,590
