എരുമേലിയിൽ തീർഥാടന ടൂറിസത്തിന് തുടക്കമായി, രണ്ടുകോടി ചെലവിൽ പുതിയ മന്ദിരങ്ങൾ പൂർത്തിയയായി
എരുമേലി: എരുമേലി കൊരട്ടിയിലെ തീർഥാടക വിശ്രമകേന്ദ്രത്തിൽ പിൽഗ്രിം ടൂറിസം ഹബ്ബ് പദ്ധതിയിൽ പുതിയ മന്ദിരങ്ങളായി. ആദ്യഘട്ടമായി രണ്ടുകോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയാവുന്നത്. എയർ കണ്ടീഷൻ സൗകര്യമുള്ള മുറികളുടെ ബ്ലോക്ക്, ഹാൾ, ഭക്ഷണശാലയ്ക്കുള്ള സൗകര്യം, പുതിയ ശൗചാലയ ബ്ലോക്ക് എന്നിവയാണ് പുതിയ പദ്ധതിയിൽ പൂർത്തിയായത്. മുറ്റം പുല്ല് പാകി മനോഹരമാക്കുന്നതിനൊപ്പം കുട്ടികളുടെ ഉല്ലാസത്തിനുള്ള മിനിപാർക്കും സജ്ജമാകുകയാണ്. തീർഥാടകർക്ക് മാത്രമല്ല വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ആകർഷകമാകുന്ന വിധത്തിലാണ് വിശ്രമകേന്ദ്രത്തിന്റെ രൂപം മാറുന്നത്. എരുമേലിയിലേക്കുള്ള പ്രവേശന ഭാഗത്ത് മണിമലയാറിന്റെ തീരത്തിനടുത്ത് അഞ്ചേക്കറോളം സ്ഥലമാണ് തീർഥാടക വിശ്രമ കേന്ദ്രത്തിനുള്ളത്.
മുറികൾ, ഡോർമെട്രി, ഹാളുകൾ, വിശാലമായ അടുക്കള, ശൗചാലയ സമുച്ചയങ്ങൾ, വാഹന പാർക്കിങ്ങ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ഇതിനൊപ്പമാണ് ടൂറിസം ഹബ് പദ്ധതിയിൽ രണ്ട് കോടി രൂപാ ചെലവിൽ പുതിയ മന്ദിരങ്ങൾ തീർത്ത് മനോഹരവും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.
വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഓൺലൈൻ ഉദ്ഘാടനത്തിന്റെ ഭാഗമായി എരുമേലി തീർഥാടക വിശ്രമകേന്ദ്രത്തിൽ ചേർന്ന സമ്മേളനത്തിൽ പി.സി. ജോർജ് എം.എൽ.എ. ഭദ്രദീപം തെളിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗം ശുഭേഷ് സുധാകരൻ, ഡി.ടി.പി.സി. സെക്രട്ടറി ഡോ. ബിന്ദു നായർ, മുജീബ് റഹ്മാൻ, പി.കെ.ബാബു, ജനപ്രതിനിധികളായ ഇ.ജെ.ബിനോയി, പി.എ. ഷാനവാസ്, ജെസ്‌നാ നെജീബ്, നാസർ പനച്ചി, അനിശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.
