ചൂട് കൂടുന്നു ; തീറ്റപ്പുല്ലിനും വെള്ളത്തിനും ക്ഷാമം ; ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ

വേനൽ ശക്തമായതോടെ മലയോര മേഖലയിലെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. തീറ്റപ്പുല്ലിന് പുറമേ ജലക്ഷാമംകൂടി രൂക്ഷമായതോടെ കന്നുകാലി വളർത്തൽ ഏറെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ചൂട് കൂടിയതോടെ പാൽ ഉത്പാദനം കുറഞ്ഞു. കൂടാതെ വരൾച്ച കൂടിയതോടെ പച്ചപ്പുല്ലിന് ക്ഷാമമായി. ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങിയതോടെ കുടിക്കാനും കുളിപ്പിക്കാനും തൊഴുത്ത് വൃത്തിയാക്കാനുംപോലും വെള്ളം കിട്ടാനില്ല.

‌ വാഹനങ്ങളിൽ പച്ചപ്പുല്ല് എത്തിച്ചാണ് പലരും കന്നുകാലികൾക്ക് നൽകുന്നത്. കൂടാതെ വൈക്കോലിനും കാലിത്തീറ്റയ്ക്കും വില ഉയർന്നതിന് അനുസൃതമായി പാൽവില വർധിക്കാത്തതും കർഷകർക്ക് തിരിച്ചടിയായി. സ്ഥിതി തുടർന്നാൽ കാലികളെ കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.

തീറ്റച്ചെലവ് വർധിച്ചു

പച്ചപ്പുല്ലിന് ക്ഷാമമേറിയതിനാൽ കുട്ടനാട്ടിൽനിന്നും തമിഴ്‌നാട്ടിൽനിന്നും എത്തിക്കുന്ന വൈക്കോലാണ് പശുക്കൾക്ക് നൽകുന്നത്. 30 കിലോയോളം തൂക്കമുള്ള ഒരുകെട്ട് വൈക്കോലിന് 400 രൂപയാണ് വില. തിരിക്കച്ചിക്ക്‌ ഒന്നരകിലോയ്ക്ക് 30 രൂപയും. കൂടാതെ കാലിത്തീറ്റവില ഉയർന്നതും തിരിച്ചടിയായി.

സാധാരണ 50 കിലോ കാലിത്തീറ്റയ്ക്ക് 1180 മുതൽ 1300 രൂപവരെയാണ് വില. 50 കിലോ പരുത്തിപ്പിണ്ണാക്കിന് 1300 രൂപയ്ക്ക് മുകളിലാണ് വില. ഒരു ലിറ്റർ പാലിന് വീടുകളിൽ 50 രൂപ കിട്ടുമെങ്കിലും സൊസൈറ്റികളിൽനിന്ന്‌ 30 മുതൽ 40 രൂപയിൽ താഴെ മാത്രമാണ് കർഷകർക്ക് കിട്ടുന്നത്. പാൽ ഉത്പാദനം കുറഞ്ഞതിന് പുറമേ തീറ്റച്ചെലവ് കൂടിയതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ.

ജലക്ഷാമവും തിരിച്ചടിയായി

കറവപ്പശുക്കൾക്ക് കുടിക്കാൻ 35 ലിറ്ററോളം വെള്ളം വേണം. കൂടാതെ കുളിപ്പിക്കാനും കൂട് വൃത്തിയാക്കാനുമായി ശരാശരി 100 മുതൽ 120 ലിറ്ററോളം വെള്ളം വേനൽക്കാലത്ത് വേണം. വീട്ടാവശ്യത്തിനുപോലും വെള്ളം തികയാത്ത സാഹചര്യത്തിൽ പശുക്കളുടെ പരിപാലനത്തിന് എങ്ങനെ വെള്ളം കണ്ടെത്തുമെന്നാണ് ഇവരുടെ ആശങ്ക.

ദിവസം ശരാശരി ചെലവ് ഇങ്ങനെ

• പത്തുലിറ്റർ പാലുകിട്ടുന്ന പശുവിന് ഒരു ലിറ്റർ പാലിന് 35 രൂപ നിരക്കിൽ സൊസൈറ്റിയിൽനിന്ന്‌ കിട്ടുന്നത് 350 രൂപ മാത്രം.

• വൈക്കോൽ: 60 രൂപ.

• കാലിത്തീറ്റ, ഗോതമ്പുതവിട്, പിണ്ണാക്ക്: 150 രൂപ. മിച്ചം 140 രൂപ.

error: Content is protected !!