പൈപ്പ് ലൈൻ മാറ്റിയില്ല; കുടിവെള്ളം വിലകൊടുത്ത് വാങ്ങി തൊണ്ടുവേലിക്കാർ
തമ്പലക്കാട്: കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്ന ജോലികൾ വേഗത്തിലാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 22-ാംവാർഡിലെ തൊണ്ടുവേലി ഭാഗത്തേക്കുള്ള കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളാണ് മുടങ്ങിക്കിടക്കുന്നത്. ഇതോടെ കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനിലാണ് പല ഭാഗങ്ങളിലായി പൊട്ടി ചോർന്നതോടെ അറ്റകുറ്റപ്പണികൾ തുടങ്ങിയത്. രണ്ടാഴ്ചമുമ്പ് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. നിർമാണം പൂർത്തിയാകാൻ വൈകുന്നത് കുടിവെള്ള ക്ഷാമമുള്ള പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉടൻതന്നെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വാർഡംഗം ബേബി വട്ടക്കാടൻ പറഞ്ഞു.