ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ അതുല്യ കലാകാരി ഡാലി ജോസഫ്..
കാഞ്ഞിരപ്പള്ളി : രോഗിണിയായ അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകണം, തല ചായ്ക്കുവാൻ സ്വന്തമായി ഒരു ചെറിയ വീട് വേണം.. കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ അതുല്യ കലാകാരി ഡാലി ജോസഫിനുള്ളത് കൊച്ചുകൊച്ചു ആഗ്രഹങ്ങൾ മാത്രം..അതിന്റെ പൂർത്തീകരണത്തിന് വേണ്ടി, തനിക്കു വരദാനമായ ലഭിച്ച ദൈവദത്തമായ കഴിവുകൾ ഉപയോഗിച്ച് കാഞ്ഞിരപ്പള്ളി അഞ്ചനാട്ട് പരേതനായ ജോസഫ് മേരിക്കുട്ടി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത മകളായ ഡാലി ജോസഫ് അഞ്ചനാട്ട് വരയ്ക്കുന്നത് ആരെയും അതിശയിപ്പിക്കുന്ന ജീവൻ തുടിക്കുന്ന അതിമനോഹര ചിത്രങ്ങൾ ..
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പ്രമുഖ സാമൂഹികപ്രവർത്തകൻ ബോബി ചെമ്മണ്ണൂരിന്റെ ഛായചിത്രം മനോഹരമായി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഡാലി . ഒരു മാസത്തിലേറെ സമയമെടുത്ത് ഓയിൽ പെയിന്റ് ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. ആ ചിത്രം അദ്ദേഹത്തിന് നേരിട്ട് സമ്മാനിക്കണം എന്നതാണ് ഡാലിയുടെ വലിയ ആഗ്രഹം. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ഡാലി ഇപ്പോൾ.
ഓരോ സമയത്തും വാർത്തകളിൽ നിറയുന്ന വ്യക്തികളെയാണ് പ്രധാനമായും ഡാലി വരയ്ക്കുന്നത്. ആ വ്യക്തികളെ നേരിൽ കണ്ട് തന്റെ ചിത്രങ്ങൾ നൽകുവാനും ഡാലി പരിശ്രമിക്കാറുണ്ട് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനോഹരമായ ചിത്രം വരച്ച ശേഷം, അദ്ദേഹം കേരളത്തിൽ എത്തിയ സമയത്ത് നേരിൽ കണ്ട് ചിത്രം സമ്മാനിക്കണം എന്നാഗ്രഹിച്ചെങ്കിലും, നടന്നില്ല. ആ ചിത്രം പിന്നീട പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുകയായിരുന്നു. ചിത്രം ഇഷ്ട്ടപെട്ടെന്നും, തുടർന്നും വരയ്ക്കണം എന്ന ഉപദേശത്തോടെ പ്രധാനമന്ത്രി ഒപ്പിട്ട മറുപടി കത്ത് ലഭിച്ചത് വലിയ അംഗീകാരമായി ഡാലി കരുതുന്നു.
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പ്രമുഖ സാമൂഹികപ്രവർത്തകൻ ബോബി ചെമ്മണ്ണൂരിന്റെ ഛായചിത്രം മനോഹരമായി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഡാലി . ഒരു മാസത്തിലേറെ സമയമെടുത്ത് ഓയിൽ പെയിന്റ് ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. ആ ചിത്രം അദ്ദേഹത്തിന് നേരിട്ട് സമ്മാനിക്കണം എന്നാണ് ഡാലിയുടെ വലിയ ആഗ്രഹം. അതിനായി കാഞ്ഞിരപ്പള്ളിയിലെ ചെമ്മണൂർ ഇന്റർനാഷണൽ ജൂവലറിയിലെ ജീവനക്കാരോട്, തന്റെ ആഗ്രഹം അറിയിക്കുകയും, അവർ ബോബി ചെമ്മണ്ണൂരിനെ വിവരം അറിയിക്കാമെന്ന് വാക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
ഡാലിയുടെ അനിയത്തിയുടെ വിവാഹം കഴിഞ്ഞെങ്കിലും, തനിക്കൊപ്പം തന്റെ കാലാവസനയെക്കൂടി ഇഷ്ട്ടപെടുന്ന ഒരാളെ കണ്ടെത്തിയാലേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലാണ് ഡാലി . രോഗിണിയായ അമ്മയ്‌ക്കൊപ്പം കാഞ്ഞിരപ്പള്ളി കോവിൽക്കടവിലെ വാടക വീട്ടിൽ കഴിയുന്ന ഡാലിയ്ക്ക്, അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകണം എന്നും, തങ്ങൾക്ക് സ്വന്തമായി ഒരു കൊച്ചുവീട് വേണമെന്നുമാണ് ആഗ്രഹം . ഡാലിയുടെ പിതാവ് ജോസഫും ഒരു ചിത്രകാരൻ ആയിരുന്നു. മൂന്ന് വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഓർമയായി. ഡാലിക്ക് ചിത്രരചനയുടെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തത് പിതാവായിരുന്നു. പിതാവിൽ നിന്നും പകർന്നുകിട്ടിയ സർഗ്ഗവാസനയെ ശാസ്ത്രീയമായി പരിപോഷിപ്പിച്ചു എടുക്കുവാനായതാണ് ഓയിൽ, ഫാബ്രിക്, ഗ്ലാസ്, ക്രീയേറ്റീവ് പൈന്റിങ്ങിൽ മികവ് പുലർത്തുവാനായതെന്ന് ഡാലി സാക്ഷ്യപ്പെടുത്തുന്നു .
കേരള സർവകലാശാലയുടെ ഫൈൻ ആർട്സ് ബിരുദം നേടിയ ശേഷം, മലയാള ഭാഷയിൽ ബിരുദാന്തന്തര ബിരുദവും നേടിയ ഡാലി, മനോഹരമായ നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. നല്ലൊരു ഗായിക കൂടിയാണ് ഈ കലാകാരി .
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലും , കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിലും കുട്ടികളെ താത്കാലികമായി ചിത്രരചന പഠിപ്പിക്കുന്നുണ്ടെങ്കിലും, കോവിഡ് ലോക്ക് ഡൌൺ വന്നതോടെ അവിടെ നിന്നുള്ള വരുമാനം നിലച്ചത് ഡാലിയെ പ്രതിസന്ധിയിലാക്കി. അമ്മയുടെ ചികിത്സ മുടങ്ങിയതാണ് ഡാലിയെ ഏറെ വിഷമിപ്പിക്കുന്നത്.
എങ്കിലും പ്രതിസന്ധികളിൽ തളരാതെ, തനിക്ക് വരദാനമായി ലഭിച്ച ചിത്ര രചനയിലൂടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ഈ അനുഗ്രഹീത കലാകാരി. രണ്ട് ജീവിതങ്ങളുടെ നിലനിൽപ്പിനായി ഡാലി ജോസഫ് നടത്തുന്ന പോരാട്ടം വിജയിക്കുവാൻ ഇനി വേണ്ടത് സുമനസ്സുകളുടെ സഹായവും പ്രോത്സാഹനങ്ങളുമാണ് .