കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ഡൊമിനിക്‌സ് സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ഡൊമിനിക്‌സ് സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകും വോട്ടെണ്ണൽ നടക്കുക.

ഞായറാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ ജോലികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും പാസ് അനുവദിച്ചവർക്കും മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാനാകുക.

വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് നൂറു മീറ്റർ ചുറ്റളവിൽ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. പട്ടണത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തും. ആഹ്ലാദപ്രകടനങ്ങൾ കർശനമായും ഒഴിവാക്കണമെന്ന് രാഷ്ട്രീയപാർട്ടി നേതാക്കൾ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഒൻപത് പഞ്ചായത്തുകളിലെ 181 ബൂത്തുകളും 98 സഹായ ബൂത്തുകളിലുമായി ആകെ 1,34,649 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

വിജയപ്രതീക്ഷയിൽ സ്ഥാനാർഥികൾ

സ്ഥാനാർഥി പ്രഖ്യാപനം മുതൽ ശ്രദ്ധാകേന്ദ്രമായിരുന്നു കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം. എൽ.ഡി.എഫ്. സ്ഥാനാർഥി സിറ്റിങ് എം.എൽ.എ. ഡോ. എൻ.ജയരാജ്, യു.ഡി.എഫ്. സ്ഥാനാർഥി ജോസഫ് വാഴയ്ക്കൻ, എൻ.ഡി.എ. സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം എന്നിവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഒപ്പത്തിനൊപ്പം നിന്നു. കഴിഞ്ഞ തവണ യു.ഡി.എഫ്. മുന്നണിയിൽനിന്ന് മത്സരിച്ച് വിജയിച്ച എൻ.ജയരാജ് ഇക്കുറി എൽ.ഡി.എഫ്. മുന്നണിയിലാണ് മത്സരിച്ചത്.

വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുത്ത് മണ്ഡലത്തിൽ മത്സരിക്കുന്നത്. ബി.ജെ.പി.യുടെ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ്‌ കാഞ്ഞിരപ്പള്ളി.

error: Content is protected !!