വിജയത്തിൽ സംശയമില്ലാതെ മുന്നണികൾ
തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മുന്നണികൾ ആധിയിൽ. ജയിക്കുമോ തോൽക്കുമോ എന്നതിനപ്പുറം മുന്നണികളുടെ കെട്ടുറപ്പിനെകൂടി ബാധിക്കുന്നതാണ് കോട്ടയത്തെ ഫലം. മികച്ച വിജയത്തിൽ രണ്ട് മുന്നണികൾക്കും സംശയമേതുമില്ല. എൻ.ഡി.എ. ആകട്ടെ കാഞ്ഞിരപ്പള്ളിയിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലും.
2016-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വളരെ വ്യത്യസ്‌തമായ കാലാവസ്ഥയിലാണ് ഇൗ തിരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ് എം ഇടത് മുന്നണിയിലേക്ക് പോയതാണ് ഏറ്റവും പ്രധാന സംഭവം. തദ്ദേശതിരഞ്ഞെടുപ്പിൽ അവർ മിന്നുന്ന വിജയം നേടി. ഇൗ ജയം തുടരുമെന്നാണ് ഇടതുപക്ഷം വിശ്വസിക്കുന്നത്.
വിശകലനത്തിൽ ജില്ലയിലെ ഒൻപതിൽ ഏഴ് വരെ നേടുമെന്നാണ് കണ്ടെത്തിയത്. കോട്ടയത്തും പുതുപ്പള്ളിയിലും മികച്ച പോരാട്ടം നടത്തിയെന്നും. സി.പി.എം., സി.പി.ഐ. വോട്ടുകൾക്കൊപ്പം കേരള കോൺഗ്രസ് പങ്കുകൂടി ചേരുമ്പോൾ മുന്നേറ്റമല്ലാതെ മറ്റൊന്നും അവർ കാണുന്നില്ല. കേരള കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റും വിജയിക്കുമെന്നാണ് അവർ വിലയിരുത്തിയത്.
സി.പി.ഐ.യുടെ വിശകലനവും മറ്റൊന്നല്ല. 1980-ൽ കോൺഗ്രസിലെ എ വിഭാഗം ഒപ്പമുണ്ടായിരുന്ന തിരഞ്ഞെടുപ്പിൽ നേടിയതിന് സമാനമായ വിജയമാണ് ഇടത് മുന്നണി പ്രതീക്ഷിക്കുന്നത്.
യു.ഡി.എഫ്. ആകട്ടെ എട്ട് സീറ്റ് വരെ നേടുമെന്ന കണക്കാണ് നിരത്തുന്നത്. വൈക്കം ഒഴികെയുള്ളവ എല്ലാം ഒപ്പം പോരും.
ഏറ്റുമാനൂരിൽ അട്ടിമറിയുണ്ടാകും. പൂഞ്ഞാർ ഇതാദ്യമായി കോൺഗ്രസ് ജയിക്കും. പാലാ ഒപ്പംവരും. ആകെ മോശമായ നിലയിൽനിന്ന് അവസാനഘട്ടത്തിൽ മുന്നിലെത്തിയെന്നും അവർ വിലയിരുത്തി. രാഹുൽ പര്യടനവും വിശ്വാസവിഷയവും നേട്ടമുണ്ടാക്കിയെന്നാണ് കോൺഗ്രസ് കണ്ടെത്തിയത്. മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഉയർത്തിയ പ്രതിഷേധവും അവരുടെ സ്ഥാനാർഥിത്വവും ചലനമുണ്ടാക്കിയില്ലെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ബൂത്തുതല കണക്ക് നിരത്തി പറയുന്നത്.
എൻ.ഡി.എ. അവരുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ പ്രതീക്ഷ പുലർത്തുന്നുണ്ട്. അൽഫോൻസ് കണ്ണന്താനത്തിന്റെ വരവ് വലിയ മാറ്റമുണ്ടാക്കി. പരമ്പരാഗത വോട്ടുകൾക്കൊപ്പം പുതിയ മേഖലകളിൽനിന്ന് വോട്ട് എത്തിയിട്ടുണ്ടെന്ന് അവർ കരുതുന്നു. മറ്റ് മണ്ഡലങ്ങളിൽ വോട്ട് വിഹിതം കാര്യമായി കൂട്ടും.
പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഉള്ളിൽ മുന്നണികൾക്ക് തീയാണ്. ഫലം മോശമായാൽ ഇടത് മുന്നണിക്കുള്ളിൽ സി.പി.ഐ. കലാപം ഉയർത്തും. കേരള കോൺഗ്രസിനെ ആദ്യഘട്ടത്തിൽ അംഗീകരിക്കാനും അവർക്ക് മടിയായിരുന്നു.
ഐക്യമുന്നണിയിൽ ഏറ്റുമാനൂർ ജോസഫ് ഗ്രൂപ്പിന് നൽകിയതിലുള്ള രോഷം കോൺഗ്രസിലെ ഒരു വിഭാഗം പരസ്യമാക്കും. ഡി.സി.സി. നേതൃത്വം തന്നെ മാറേണ്ടിവരും.
എൻ.ഡി.എ.യിൽ വോട്ടുനില മോശമായാൽ ഗ്രൂപ്പ് വഴക്കുകൾ ശക്തമാകുമെന്ന് മാത്രമല്ല, ബി.ഡി.ജെ.എസ്. കടുത്ത നിലപാടുകളിലേക്ക് പോവുകയും ചെയ്യും.