KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയമില്ലാത്ത കോട്ടയം, എരുമേലി വിമാനത്താവളം; കോട്ടയത്തിന്റെ 21 പദ്ധതികൾ, പ്രതീക്ഷകൾ

1.പ്രളയമില്ലാത്ത കോട്ടയം

എല്ലാ വർഷവും പ്രളയത്തിലും മഴയിലും ജില്ലയിൽ ദുരന്തം. കിഴക്ക് മണ്ണിടിച്ചിൽ, മീനച്ചിൽ, മണിമല ആറുകളുടെ തീരത്തു വെള്ളപ്പൊക്കം, കോട്ടയം, കുമരകം, വൈക്കം, ചങ്ങനാശേരി മേഖലകളിലും വെള്ളപ്പൊക്കം കാരണം ആളുകൾ ബുദ്ധിമുട്ടുന്നു. ഇത്തവണ രണ്ടു ദിവസം തുടർച്ചയായി വേനൽമഴ പെയ്തപ്പോൾ പോലും വെള്ളപ്പൊക്കമുണ്ടായി. സമഗ്രമായ പ്രളയ നിവാരണ പദ്ധതിയാണ് ജില്ലയുടെ ആവശ്യം.

2.താങ്ങാകുമോ റബറിന് ?

താങ്ങുവില വർധിപ്പിക്കാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചു. കിലോഗ്രാമിന് 250 രൂപ അടിസ്ഥാനമാക്കി റബർ വിലസ്ഥിരതാ ഫണ്ട് നൽകാൻ നടപടി വേണം. അത് അതതു മാസം തന്നെ ലഭിക്കുകയും വേണം. റബർവില സ്ഥിരമായി നിലനിർത്താൻ നടപടി വേണം. ആവർത്തന കൃഷിക്കുള്ള സബ്സിഡി പുനഃസ്ഥാപിക്കുകയും വേണം. ടാപ്പിങ് തൊഴിലാളികളെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് റബർ കർഷകൻ ജൂബിച്ചൻ ആന്റണി ആനിത്തോട്ടം പറഞ്ഞു.

3.വന്യമൃഗ ശല്യം നിയന്ത്രിക്കണം

കോരുത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി എന്നീ പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷം. കാട്ടാനകൾ കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയ്ക്കൊപ്പം കരടി വരെ നാട്ടിലിറങ്ങി. പ്രതിരോധ നടപടികൾ കാര്യക്ഷമമല്ല. വനാതിർത്തിയിൽ സോളർ വേലിയുള്ളത് 70% പ്രദേശത്തു മാത്രം. പലതും നശിച്ചു. ഇതു നന്നാക്കണം. കിടങ്ങുകൾ കുഴിക്കുക, ജൈവവേലി തീർക്കുക എന്നിവയും വേണം. സോളർ വേലികൾ അല്ലാതെ കാര്യക്ഷമമായ പദ്ധതികൾ ഒന്നുമില്ലെന്നു കോരുത്തോട് സ്വദേശി ജോജോ പറഞ്ഞു.

4. ചങ്ങനാശേരിക്ക് വേണം വെള്ളം

ജനസാന്ദ്രത ഏറ്റവും കൂടിയ മേഖലകളിൽ ഒന്നാണ് ചങ്ങനാശേരി. എന്നാൽ ഇതുവരെ സ്വന്തമായി ശുദ്ധജല പദ്ധതി ഇല്ല. കാലങ്ങളായുള്ള ആവശ്യവും ഇതുതന്നെ.

5.വേണം നെല്ലിന് താങ്ങുവില

 അപ്പർ കുട്ടനാടാണ് കോട്ടയത്തിന്റെ നെല്ലറ. കർഷകരുടെ ആവശ്യങ്ങൾ പലതാണ്. നെല്ലിന്റെ താങ്ങു വില 3,000 രൂപയായി വർധിപ്പിക്കണം. പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. പാടശേഖരങ്ങൾക്കു സ്ഥിരം വൈദ്യുതി കണക്‌ഷൻ, സർക്കാർ സബ്സിഡി നിരക്കിൽ മോട്ടറും പെട്ടിയും പറയും നൽകുക എന്നിവ വേണം. നെല്ല് സംഭരിക്കുമ്പോൾ മില്ലുകാർ വാങ്ങുന്ന കിഴിവ് സമ്പ്രദായം മാറണം. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പണം ഒരാഴ്ചയ്ക്കുള്ളിൽ നൽകാനുള്ള നടപടി വേണമെന്നു കർഷകനായ ജോൺ എസ്. കുസുമാലയം പറഞ്ഞു. 

6. മികവിന്റെ കേന്ദ്രമാകാൻ മെഡിക്കൽ കോളജ്

സാംക്രമിക രോഗങ്ങളുടെ ചികിത്സയും പഠനവും നടത്തുന്നതിനുള്ള എപ്പിഡെമിക് കേന്ദ്രം കോട്ടയം മെഡിക്കൽ കോളജിൽ സ്ഥാപിക്കുന്നതിനു നടപടികൾ പ്രാരംഭ ഘട്ടത്തിൽ. കോവിഡിന്റെ സാഹചര്യത്തിൽ ഈ കേന്ദ്രം എത്രയും വേഗം പൂർത്തിയാക്കണം. മിനി റീജനൽ കാൻസർ സെന്ററിനുള്ള നടപടികളും വേഗത്തിലാക്കണം. മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിനു സമീപത്തേക്കു മാറ്റി തിരുവനന്തപുരം എസ്എടി മാതൃകയിൽ കുട്ടികളുടെയും അമ്മമാരുടെയും ചികിത്സാ കേന്ദ്രമാക്കുന്നതിനു 10 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടർ നടപടികൾ വേഗത്തിലാക്കണം.

7. പാലാ ബൈപാസ്: കുപ്പിക്കഴുത്ത് അഴിയുമോ?

സിവിൽസ്റ്റേഷൻ മുതൽ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ വരെ 200 മീറ്റർ ഭാഗത്തു വീതിയില്ല. വിലയിലെ അപാകത കാരണം സ്ഥലം ലഭിക്കാത്തതാണു കാരണം. സ്ഥലമെടുപ്പിന് 9.57 കോടി അനുവദിച്ചു. നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ഏതാനും കടമ്പകൾ മാത്രമാണുള്ളതെന്നും നിയുക്ത എംഎൽഎ മാണി സി. കാപ്പൻ പറഞ്ഞു.

8. ഏറ്റുമാനൂർ ബൈപാസ്: കുരുക്ക് അഴിയുമോ?

ഇഴയുകയാണ് ബൈപാസ് പദ്ധതി. പൂവത്തുംമൂട് പാലം മുതൽ പാറകണ്ടം വരെയുള്ള രണ്ട് റീച്ചുകൾ പൂർത്തിയാക്കി. അവസാന റീച്ചായ പാറകണ്ടം മുതൽ പട്ടിത്താനം വരെയുള്ള 1.8 കിലോമീറ്ററിന്റെ നിർമാണം നടക്കുന്നു. സ്ഥലമെടുപ്പ്, ഏതാനും മേഖലകളിലെ പണി എന്നിവ പൂർത്തിയാക്കണം. പദ്ധതി പൂർത്തിയായാൽ ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും

9. വരുമോ പടിഞ്ഞാറൻ ബൈപാസ് പദ്ധതി?

എംസി റോഡിൽ പാലാത്രച്ചിറയിൽ നിന്ന് ആരംഭിച്ച് എസി റോഡ് മുറിച്ചു കടന്നു ളായിക്കാടിനു സമീപം എംസി റോഡിലെത്തുന്നതാണ് പടിഞ്ഞാറൻ ബൈപാസ്.  വന്നാൽ ചങ്ങനാശേരിയിലെ കുരുക്ക് ഒഴിവാകും. യുഡിഎഫ് സർക്കാരിന്റെ പദ്ധതിയാണ്. 57 കോടി വകയിരുത്തി. നടപടി മുന്നോട്ടു പോയിട്ടില്ല.  ബൈപാസ്  എല്ലാവരുടെയും ആവശ്യമാണെന്ന് നിയുക്ത എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു.

10. വാഗമണ്‍ സൂപ്പറാകണം

ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖല. അടിസ്ഥാന സൗകര്യങ്ങളില്ല. ആകെയുള്ളത് മൊട്ടക്കുന്നിലെ ഏതാനും ശുചിമുറികൾ മാത്രം. 68 കോടി മുടക്കി നിർമിച്ച അഡ്വഞ്ചർ പാർക്കിലെ പല നിർമാണങ്ങളും തകരാൻ തുടങ്ങി. വാഗമൺ–ഈരാറ്റുപേട്ട റോഡിന്റെ വികസനവും ഇതോടൊപ്പം നടക്കണം. പാർക്കിങ്ങിനു സ്ഥലമില്ലാത്തതും ശുചിമുറികളുടെ കുറവുമാണ് വാഗമണ്ണിലെ പ്രധാന പ്രശ്നങ്ങളെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡെസ്റ്റിനേഷൻ മാനേജർ എം.ജി. മോഹനൻ പറഞ്ഞു.

11.വിടരാൻ കൊതിച്ച് മലരിക്കൽ

പുതിയ വിനോദ സഞ്ചാര മേഖലയാണ് മലരിക്കൽ. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനു പദ്ധതി തയാറാക്കണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറമ്പം റോഡ് നിർമാണത്തിനു 10 കോടി രൂപയുടെ പദ്ധതി തയാറാക്കി. ബജറ്റിൽ ടോക്കൺ തുക വകയിരുത്തി. പഴുക്കാനില കായൽ പ്രദേശത്തേക്കു ടൂറിസം വികസിപ്പിക്കാനും ആലോചനയുണ്ട്. ഇവിടത്തെ എക്കൽ നീക്കുന്നതിനു കിഫ്ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സർക്കാരിന്റെ സഹായത്തോടെ മലരിക്കൽ ടൂറിസം പദ്ധതി സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നു തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ പറഞ്ഞു.

12. പുതിയ ഉണർവ് തേടി കുമരകം

ചീപ്പുങ്കൽ വലിയമടക്കുളം ടൂറിസം പദ്ധതി ഉൾപ്പെടെ പുതിയ പദ്ധതികൾ വരട്ടെ. നിർമാണോദ്ഘാടനം നടത്തിയെങ്കിലും ഒരടി മുന്നോട്ടു പോയിട്ടില്ല. 5 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി യാഥാർഥ്യമായാൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാമെന്ന് ഉത്തരവാദിത്ത ടൂറിസം കുമരകം കോഓർഡിനേറ്റർ വി.എസ്. ഭഗത്‍സിങ് പറഞ്ഞു.

13. എംജിക്ക് വേണം അധ്യാപകരെ

എംജി സർവകലാശാല വികസനത്തിന് ഉടൻ വേണ്ടത് 50 അധ്യാപകരെ. ഈ ഒഴിവുകൾ നികത്തൽ, കൊച്ചി, തൊടുപുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ക്യാംപസിനു സഹായം ലഭിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇവ ലഭിച്ചാൽ സർവകലാശാലകളുടെ രാജ്യാന്തര റാങ്കിങ്ങിൽ എംജി 500ന് ഉള്ളിലും ഇന്ത്യയിൽ പത്തിനുള്ളിലും വരുമെന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.

14. പേരെടുക്കാൻ വൈക്കം കയർ

കയറുകളിൽ മികവിന്റെ പേരാണ് വൈക്കം കയർ. എന്നാൽ ഇവിടത്തെ കയർ മേഖലയ്ക്കു നഷ്ട കാലമാണ്. ഉൽപാദനച്ചെലവിന് അനുസരിച്ചു കയറിനു വിലയില്ല. കൂലിയും കുറവ്. ഗുണനിലവാരമുള്ള ചകിരിയുടെ ഉൽപാദനം വർധിപ്പിക്കണം. യന്ത്രവൽക്കരണം വേണം. കയർ ഭൂവസ്ത്ര ഉപയോഗം വർധിപ്പിച്ചു വിപണന സാധ്യത കൂട്ടണം. സംഭരിക്കുന്ന കയറിന്റെ പണം സംഘങ്ങൾക്കു നൽകാനുള്ള കാലതാമസം ഒഴിവാക്കണമെന്നു കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി പറഞ്ഞു.

15.പോർട്ടിന് വേണം വെയർഹൗസ്

ജില്ലയുടെ അഭിമാന പദ്ധതിയാണ് കോട്ടയം പോർട്ട്. അടിയന്തരമായി വേണ്ടത് വലിയ ക്രെയിനും കണ്ടെയ്നറുകൾ സൂക്ഷിക്കാൻ വെയർഹൗസും. ഇവയ്ക്കായി അധികൃതരെ സമീപിച്ചിട്ടു നാളേറെയായി. നടപടിയില്ല. ഇവ ലഭിച്ചാൽ ജലഗതാഗതം ഫലപ്രദമായി നടപ്പാക്കാമെന്നു പോർട്ട് ജനറൽ മാനേജർ രൂപേഷ് ബാബു പറഞ്ഞു.

16.കെട്ടിടമില്ലാതെ കേന്ദ്രീയ വിദ്യാലയം

കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടമില്ല. ഉദ്ദേശിച്ച സ്ഥലംനികത്താൻ അനുമതി ലഭിക്കാത്തതാണു തടസ്സം. മന്ത്രിസഭാംഗീകാരം ലഭിച്ചാൽ തടസ്സം നീങ്ങും. കാരിക്കോട് എച്ച്എൻഎൽ ബാരക്കുകളിലാണ് വിദ്യാലയം. 453 കുട്ടികളാണ് പഠിക്കുന്നതെന്ന് പിടിഎ അംഗം കെ.എ. തോമസ് പറഞ്ഞു.

17. ഓടാനൊരുങ്ങി എച്ച്എൻഎൽ

 കേന്ദ്ര സർക്കാർ വിൽപനയ്ക്കുവച്ച ഹിന്ദുസ്ഥാൻ ന്യൂസ്പേപ്പർ ലിമിറ്റഡ് (എച്ച്എൻഎൽ) സംസ്ഥാന സർക്കാർ വാങ്ങി. തുടർനടപടികൾ ആയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥത പോലും റജിസ്റ്റർ ചെയ്തിട്ടില്ല. കമ്പനി എന്ന് തുറക്കുമെന്നു നിശ്ചയമില്ല. 453 ജീവനക്കാരും 700 കരാർ തൊഴിലാളികളും, 300 പരിശീലകരും ഇവിടെയുണ്ട്. കമ്പനി ഉടൻ തുറക്കുമെന്നാണു പ്രതീക്ഷയെന്ന് എച്ച്എൻഎൽ സിഐടിയു യൂണിയൻ സെക്രട്ടറി കെ.എസ്. സന്ദീപ് പറഞ്ഞു.  

18.മൂലധനം തേടി അമയന്നൂർ മിൽ

സഹകരണ മന്ത്രിയിൽ നിന്നു സഹകരണം പ്രതീക്ഷിച്ച് അമയന്നൂർ ഇന്റഗ്രേറ്റഡ് പവർലൂം. പ്രവർത്തന മൂലധനം ലഭിച്ചാലേ മിൽ മുന്നോട്ടു പോകൂ. പുതിയ യന്ത്രങ്ങളും സൗകര്യങ്ങളും വേണം. ബോയ്‌ലർ അനുവദിച്ചിട്ടു ഇതുവരെ വാങ്ങിയിട്ടില്ല. 30 ലക്ഷം രൂപ വൈദ്യുതി കുടിശികയുണ്ട്. ജീവനക്കാരുടെ ആനൂകൂല്യങ്ങൾ 2.5 കോടി രൂപയോളം മുടങ്ങിക്കിടക്കുന്നു. നിലവിൽ ശമ്പളം മാത്രം കഷ്ടിച്ചു കൊടുക്കുന്ന അവസ്ഥയാണ്. ഇതുമാറണം.

19.തുറക്കണം വേദഗിരി ടെക്സ്റ്റൈൽസ്

1968ൽ ആരംഭിച്ച വേദഗിരി കോട്ടയം ടെക്സ്റ്റൈൽസ് അടച്ചിട്ട് ഒരു വർഷവും 5 മാസവുമായി. 2.5 കോടി രൂപ വൈദ്യുതി കുടിശിക കാരണം കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചതാണ് മിൽ പൂട്ടാൻ കാരണം. സർക്കാർ ഇടപെട്ട് കുടിശിക ഇളവു ചെയ്തു. ബാക്കി തുക അടയ്ക്കുകയും ചെയ്തു. ഇതോടെ മിൽ തുറക്കാൻ തീരുമാനമായി. എന്നാൽ തൊഴിലാളികൾ 3 ഷിഫ്റ്റിലും ജോലി ചെയ്യണമെന്ന വ്യവസ്ഥ വച്ചതോടെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. 170 സ്ഥിരം തൊഴിലാളികളും 130 താൽക്കാലിക ജീവനക്കാരുമാണുള്ളത്. പിരിഞ്ഞു പോയവർക്കു ഉൾപ്പെടെ 11 കോടിയോളം ആനുകൂല്യങ്ങൾ കൊടുക്കാനുണ്ട്.

20.അക്ഷരം മ്യൂസിയം സ്വപ്നം

ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടാകുന്ന അക്ഷരം മ്യൂസിയം യാഥാർഥ്യമാക്കണം.നാട്ടകത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) സ്വന്തം സ്ഥലത്താണ് പ്രോജക്ട്. ഫെബ്രുവരിയിൽ തറക്കല്ലിട്ടു. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി. ടെൻഡർ നടപടികൾ പൂർത്തിയായി. കോട്ടയത്തിനു വേറിട്ട സാംസ്കാരിക മുഖം നൽകുന്ന പദ്ധതി വേഗം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് എസ്പിസിഎസ് സെക്രട്ടറി അജിത് കെ. ശ്രീധർ പറഞ്ഞു. 

21.എരുമേലി വിമാനത്താവളം: വേഗമാകട്ടെ

കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടങ്ങി. കേന്ദ്രസർക്കാർ അനുമതിക്കായി അപേക്ഷ നൽകി. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചു കേസുണ്ട്. അതിൽ സർക്കാർ തീരുമാനം നിർണായകം. സ്ഥലമെടുപ്പിനു നിർദേശം ലഭിച്ചാൽ പ്രവർത്തനം ആരംഭിക്കുമെന്ന് സ്പെഷൽ ഓഫിസർ വി. തുളസീദാസ്  പറഞ്ഞു. 2263 ഏക്കറിൽ നിർമിക്കുന്ന വിമാനത്താവളം യാഥാർഥ്യമായാൽ മലയോര മേഖലയുടെ മുഖം മാറും.

error: Content is protected !!