ചക്കാമ്പുഴയുടെ സ്വന്തം റോഷി

പാലാ: റോഷി അഗസ്റ്റിൻ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ പാലായും ജന്മനാടായ ചക്കാമ്പുഴയും ആഹ്ളാദ നിറവിലാണ്. റോഷിയുടെ രാഷ്‌ട്രീയ വളർച്ചയ്ക്ക് അടിത്തറയിട്ടത് തട്ടകമായ പാലായാണ്. 1990-കളിൽ പാലായിൽ കേരള കോൺഗ്രസിന്റെ വിദ്യാർഥിപ്രസ്ഥാനംമുതൽ തൊഴിലാളി യൂണിയൻവരെയുള്ള പ്രവർത്തനങ്ങളിൽ കളം നിറഞ്ഞുനിന്ന യുവാവായിരുന്നു റോഷി.

പാലാ ടൗണിലെത്തി കുരിശുപള്ളിക്കവലയിൽ നേർച്ചയിട്ട് എല്ലാവരുടെയും തോളിൽ കൈയിട്ട് വിശേഷങ്ങൾ തിരക്കി ഒപ്പം പോകുന്ന റോഷി എന്ന യുവനേതാവ് പാലായിലെ പതിവ് കാഴ്ചയായിരുന്നു. ഇന്ന് പാലായിലും സമീപപ്രദേശങ്ങളിലുമുള്ള പാർട്ടി നേതാക്കന്മാരെല്ലാം റോഷിയുടെ പ്രിയ സുഹൃത്തുക്കളായിരുന്നു. 

പ്രിയപ്പെട്ട സൗഹൃദങ്ങൾ

മണ്ഡലം ഇടുക്കിയാണെങ്കിലും ചക്കാമ്പുഴയിൽ എന്ത് കാര്യമുണ്ടായാലും ആദ്യം ഓടിയെത്തുന്ന വ്യക്തിയാണ് റോഷി. നാട്ടിലെത്തിയാൽ രാവിലെ തന്നെ ടൗണിലിറങ്ങും. പിന്നെ വൈകുന്നേരംവരെയും സുഹൃത്തുക്കൾക്കൊപ്പമാണ്. എക്കാലവും റോഷിക്ക് പ്രിയങ്കരമാണ് ആ സൗഹൃദങ്ങൾ. 

എല്ലാ പെസഹ വ്യാഴത്തിലും സുഹൃത്തുക്കൾക്കൊപ്പം മലയാറ്റൂർ കുരിശുമല കയറാൻ പോകും. ചക്കാമ്പുഴയിൽനിന്നുള്ളവരാണ് ആ സുഹൃദ്‌വലയത്തിലുള്ളത്. 35 വർഷമായി ഇതിന് മുടക്കമില്ല. എം.എൽ.എ. ആയാലും ആ പതിവ് തെറ്റിക്കാതെ എല്ലാ തിരക്കും മാറ്റിവെച്ച് റോഷി എത്തും.

മന്ത്രിയായിരിക്കെ അത് തുടരാൻ കഴിയുമോയെന്ന ആകാംക്ഷയിലാണ് തങ്ങളെന്ന് അയൽവാസി ജെയ്‌സൺ മുഞ്ഞനാട്ട് പറയുന്നു. 

പെസഹ വ്യാഴാഴ്ച രാത്രിയിൽ വീട്ടിലെ അപ്പംമുറിക്കൽ ചടങ്ങിനുശേഷമാണ് നടപ്പുതുടങ്ങുന്നത്. പിറ്റേന്ന് വെള്ളിയാഴ്ച പുലർച്ചെ കുരുശുമല കയറി പ്രാർഥന നടത്തി തിരികെയെത്തും. കഴിഞ്ഞ തവണ ഇടുക്കിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളായിരുന്നിട്ടും നാട്ടിലെത്തി റോഷി പെസഹ ദിനത്തിലെ മലയാറ്റൂർ യാത്ര നടത്തി.

റോഷി എം.എൽ.എ. ആയപ്പോൾ ചക്കാമ്പുഴയിലെ വീടിന് സമീപത്തുള്ള ട്രാൻസ്‌ഫോർമറിന് നാട്ടുകാരിട്ട പേരാണ് എം.എൽ.എ. ട്രാൻസ്ഫോർമർ. കെ.എസ്.ഇ.ബി.അധികൃതരും പിന്നീട് ഈ പേര് അംഗീകരിച്ചു. കലാലയ പഠനകാലത്ത് അറിയപ്പെടുന്ന വോളിബോൾ താരമായിരുന്നു.

ആഹ്ളാദമുണ്ടെങ്കിലും പതിവുപോലെ

ചെറുനിലത്തുചാലിൽ വീട്ടിലെ മൂത്തമകൻ മന്ത്രിയാകുന്നതിന്റെ ആഹ്ളാദമുണ്ടെങ്കിലും പ്രത്യേകിച്ച് ആഘോഷമൊന്നുമില്ല. ഒരു കർഷക കുടുംബത്തിന്റെ പതിവ് രീതികളിൽനിന്ന് ഒരു മാറ്റവുമില്ല.

അച്ഛൻ അഗസ്റ്റ്യൻ അമ്മ ലീലാമ്മയും അനുജൻ റിജോഷുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. സഹോദരി റീന വിവാഹിതയാണ്. മകന്റെ വളരെ ചെറുപ്പംമുതലുള്ള രാഷ്ട്രീയ പ്രവര്ത്തനത്തിനുള്ള അംഗീകാരമാണ്‌ മന്ത്രിപദവിയെന്ന് അമ്മ ലീലാമ്മ പറയുന്നു. സത്യപ്രതിജ്ഞ കാണാൻ തിരുവനന്തപുരത്തിന് പോകുന്നില്ലെന്നും വീട്ടിലിരുന്ന് പ്രാർഥിക്കുമെന്നും ലീലാമ്മ പറയുന്നു.© 2019 All Rights Reserved. Powered by Summit

error: Content is protected !!