വീട്ടിൽ കുഴഞ്ഞുവീണ കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിൽ എത്തിക്കുവാൻ മുൻകൈ എടുത്ത പഞ്ചായത്തംഗം മറിയാമ്മ സണ്ണിയ്ക്ക് അനുമോദനപ്രവാഹം

എരുമേലി: അഴുതമുന്നിയിൽ കോവിഡ് ബാധിച്ച് വീട്ടിൽ ക്വാറന്റീനിലിരുന്ന യുവതി കുഴഞ്ഞുവീണു. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായ കുടുംബത്തിന് പഞ്ചായത്തംഗം മറിയാമ്മ സണ്ണിയും സന്നദ്ധപ്രവർത്തകരും രക്ഷയായി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പഞ്ചായത്തംഗം എരുമേലി പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നതിനിടെയാണ് യുവതിയുടെ അമ്മയുടെ വിളിയെത്തിയത്. യാത്ര ഒഴിവാക്കി വാർഡിലെ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ വിളിച്ച് സംഭവസ്ഥലത്തെത്തുകയായിരുന്നു. പഞ്ചായത്തംഗവും റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളായ ബോബൻ പള്ളിക്കൽ, ലിജിൻ എന്നിവർ കോവിഡ് സുരക്ഷാവസ്ത്രങ്ങൾ ധരിച്ച് യുവതിയെ എടുത്ത് വാഹനത്തിലാക്കി. നിരവധി പടികളും വഴുക്കലുള്ള മൺപാതയിലൂടെയും യുവതിയെ എടുത്തുകൊണ്ടുവരുന്നത് പ്രയാസകരമായിരുന്നു.

എരുമേലി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയശേഷം യുവതിയെ വീട്ടിൽ എത്തിച്ചാണ് മടങ്ങിയത്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് യുവതി കുഴഞ്ഞുവീണതെന്ന് കോവിഡ് ചികിത്സാകേന്ദ്രത്തിലെ ഡോക്ടർ പറഞ്ഞു. ഒരാഴ്ച മുമ്പാണ് യുവതിക്ക് കോവിഡ് പോസിറ്റീവായത്. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ബുധനാഴ്ച വീടിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.

‘കോവിഡെന്ന് കേൾക്കുമ്പോൾ എല്ലാവർക്കും പേടിയാണ്. എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ അവസ്ഥ എന്താവും. ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥയ്ക്കു മുന്നിൽ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല’- പഞ്ചായത്തംഗം മറിയാമ്മ സണ്ണി പറഞ്ഞു . വാർഡിൽ മാസങ്ങൾക്ക് മുമ്പ് അർദ്ധരാത്രിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്ക് പ്രാഥമിക ചികിത്സ നൽകി അപകടനില ഒഴിവാക്കിയത് അംഗവും നഴ്‌സുമായ മകളും ചേർന്നായിരുന്നു. ഒന്നരവർഷം മുമ്പ് കാഞ്ഞിരപ്പള്ളിയിൽ നിന്ന്‌ എരുമേലിയിലേക്ക് ബസിൽ വരുന്നതിനിടെ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ പ്രഥമശുശ്രൂഷ നൽകിയശേഷം ആശുപത്രിയിൽ എത്തിച്ചതും മറിയാമ്മ സണ്ണിയായിരുന്നു.

error: Content is protected !!