കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിൽ ഓൺലൈൻ ബോധവത്കരണ പ്രതിരോധ പ്രവർത്തനത്തിന് തുടക്കം കുറിച്ചു
കാഞ്ഞിരപ്പള്ളി: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ കുടുംബങ്ങളെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്ന പരിപാടി ആരംഭിച്ചു.
ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലാണ് ഓൺലൈൻ ബോധവത്കരണ പ്രതിരോധ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില), കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ വാർഡ് വികസന സമിതിയാണ് പരിപാടി നടത്തുന്നത്. ഒരു കുടുംബത്തിൽ നിന്ന് ഒരാളെയെങ്കിലും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാക്കും. ഇവരിലൂടെ കുടുംബത്തിലെ മുഴുവൻ പേർക്കും ബോധവത്കരണം നൽകുകയാണ് ലക്ഷ്യം. വാർഡ് തല പ്രതിരോധ സമിതിയംഗങ്ങൾ, റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങൾക്കുമുള്ള ഓൺലൈൻ പരിശീലനത്തോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്.
കോവിഡ് ബാധിതർ, മുക്തർ തുടങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട ശാസ്ത്രീയ കാര്യങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഓൺലൈനിലൂടെ പരിശീലനം നൽകും. കൗൺസിലിങ്, ഓൺലൈൻ ക്ലാസുകൾ, പരസ്പര ബോധവത്ക്കരണം, വിനോദ-വിജ്ഞാന പരിപാടികൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടത്തും. പ്രതിരോധ മാർഗങ്ങൾ കൂടുതൽ പേരിലേക്ക് എത്തുന്നതിന് ഓൺലൈൻ സന്ദേശ ചലഞ്ചുകളും നടത്തും. ഇതിനായി പേട്ട കവലയിൽ വാർഡ് തല കൺട്രോൾ റൂം തുറന്നു പ്രവർത്തനം ആരംഭിച്ചു. വാർഡംഗം സുമി ഇസ്മായിൽ, എം.എ.റിബിൻ ഷാ, കില ഫാക്കൽറ്റികളായ പി.എസ്.ഹാരീസ്, രാഹുൽ രാജു, റസീജ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ ജോ.സെക്രട്ടറി വിപിൻ രാജു, ആശാ വർക്കർ റഹ്മത്ത് നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.