ഡോ. ജയരാജിന്റെ അക്കൗണ്ടിൽ കരുതൽധനം ജനസ്നേഹം

 

: ബേക്കറിക്കുള്ളിൽ പ്രവർത്തകർ മുറിക്കുന്ന കേക്കിന് സമീപം പിറന്നാൾ ആഘോഷിക്കുന്ന നേതാവ്. കാർ കേടാണെങ്കിൽ വീടിന് മുന്നിലെ വഴിയിൽ ഇറങ്ങിനിന്ന് ആദ്യം വരുന്ന നാട്ടുകാരന്റെ ബൈക്കിന് പിന്നിലേറി യാത്രയാകുന്ന എം.എൽ.എ.- ഡോ. എൻ.ജയരാജ്. കറുകച്ചാലിനും കാഞ്ഞിരപ്പള്ളിക്കും ഇതൊക്കെയാണ് അദ്ദേഹം. ഇത്രയേറെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന നേതാവിന് ജനം ഓരോ തിരഞ്ഞെടുപ്പിലും വിജയം നൽകിയതിൽ അദ്‌ഭുതമില്ല.

അച്ഛൻ നാരായണക്കുറുപ്പ് മന്ത്രിയും പിന്നീട് ഡെപ്യൂട്ടി സ്പീക്കറുമൊക്കെയായിരിക്കെ ഡോ. ജയരാജ് അതിന്റെ പകിട്ടുകൾ ഒട്ടുമില്ലാതെ സാധാരണക്കാരനെപ്പോലെ ബസിലും ഓട്ടോയിലുമൊക്കെ കോളേജിലേക്ക് പോയി. അധ്യാപകനായിരുന്നപ്പോഴും അതിന് മുമ്പും അദ്ദേഹം അങ്ങനെയാണ്. വിദ്യാർഥികളുടെ മനസ്സ് കീഴടക്കിയ അധ്യാപകനായിരുന്നു അദ്ദേഹം. ലളിതമായ ജീവിതവും സൗമ്യമായ സംഭാഷണവും അദ്ദേഹത്തെ കെ.എം.മാണിക്കും പ്രിയങ്കരനാക്കി.

ജയരാജൻ… സ്‌നേഹമേറുമ്പോൾ കെ.എം.മാണി അങ്ങനെയാണ് ഡോ. എൻ.ജയരാജിനെ വിളിക്കുക. കേരള കോൺഗ്രസിനെ വിലകുറച്ച് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ കെ.എം.മാണിയുടെ പ്രത്യാക്രമണം വരും. അതിനും ഉദാഹരണം പിടിക്കുന്നത്‌ ജയരാജനെയാണ്. ഡോക്ടറേറ്റുള്ളവർ നയിക്കുന്ന പാർട്ടിയാണിത്. അദ്ദേഹത്തിന്റെ പിതാവും മികച്ചവനായിരുന്നു… ഇങ്ങനെ പോകും മാണിയുടെ സംഭാഷണം.

കെ.നാരായണക്കുറുപ്പ് വിശ്രമജീവിതത്തിലേക്ക് പോയതോടെ വാഴൂരിൽ ആരാണ് സ്ഥാനാർഥിയെന്ന് ചോദിച്ചപ്പോൾ നേതൃത്വത്തിന് ഒരുനിമിഷം വൈകാതെ ഉത്തരമുണ്ടായിരുന്നു. വാഴൂർ കോളേജിൽ നിരവധി വർഷങ്ങൾ പഠിപ്പിച്ച, കോളേജ് പടിക്കൽനിന്ന് തീർഥപാദപുരംവരെ നടന്നും ഓട്ടോയിലും പോയിരുന്ന ജയരാജിന് അവിടെ വിജയം ഉറപ്പായിരുന്നുവെന്ന് മാണിക്ക് അറിയാമായിരുന്നു. 1991-ൽ കെ.നാരായണക്കുറുപ്പ് വാഴൂരിൽ ജയിച്ച് ഡെപ്യൂട്ടി സ്പീക്കറായെങ്കിൽ മകൻ 30 വർഷത്തിന് ശേഷം പഴയ വാഴൂരുൾപ്പെടുന്ന മണ്ഡലത്തിൽനിന്ന് ജയിച്ച് ചീഫ് വിപ്പാകുന്നു. മണ്ഡലത്തിലെ പ്രശ്നങ്ങൾ കഴിഞ്ഞ് അല്പസമയം കിട്ടിയാൽ അദ്ദേഹം പുസ്തകങ്ങളോട് ഒപ്പം കൂടും. ബജറ്റുകളെക്കുറിച്ചുള്ള പഠനത്തിലാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് കിട്ടിയത്. ജനം, ശിഷ്യന്മാർ, പുസ്തകം ഇവയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ. ഒരു വർഷം തൃശ്ശൂർ ഉത്രാളിക്കാവ് പൂരം കാണാൻ സുഹൃത്തുക്കൾക്കൊപ്പം പോയ ജയരാജ് പൂരപ്പറമ്പിലൂടെ നടക്കവെ ഒരു യുവാവ് വന്ന് സ്‌നേഹം പുതുക്കി. ഒറ്റപ്പാലം കോളേജിൽ പഠിപ്പിക്കുമ്പോൾ വിദ്യാർഥിയായിരുന്നു അയാൾ. അയാളുടെ മുഴുവൻ വിവരവും അങ്ങോട്ട് ചോദിച്ച് ജയരാജ് സാർ തങ്ങളെ ഞെട്ടിച്ചെന്ന് ഒപ്പമുണ്ടായിരുന്ന കങ്ങഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി.പ്രദീപും ഉത്രാളിക്കാവ് പൂരം ഭാരവാഹിയുമായ സതീഷ് കുമാറും പിന്നീട് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയംകൊണ്ട് പണം ഉണ്ടാക്കുന്നവരുടെ കൂട്ടത്തിൽനിന്ന് വേറിട്ട് നടന്നവരാണ് നാരായണക്കുറുപ്പും മകൻ ജയരാജും. ഓരോ തിരഞ്ഞെടുപ്പും അദ്ദേഹത്തിന് കടങ്ങളാണ് സമ്മാനിക്കുന്നത്. അത് അടുപ്പമുള്ളവർക്കെല്ലാം അറിയാവുന്ന കാര്യം. ജനങ്ങളോട് കടപ്പെട്ടിരിക്കുന്നവർക്ക് കടം വരുന്നത് സ്വാഭാവികമെന്ന് അദ്ദേഹം ചിരിയോടെ വിശദീകരിക്കും.

error: Content is protected !!