പാറത്തോട് ഗ്രാമപ്പഞ്ചായത്തിൽ കടകൾ ആഴ്ചയിൽ മൂന്നുദിവസം മാത്രം

പാറത്തോട് : കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ഗ്രാമപ്പഞ്ചായത്തിൽ 10 ദിവസത്തേക്ക് അധിക നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് നിയന്ത്രണം. 

ആഴ്ചയിൽ മൂന്നു ദിവസം മാത്രമേ വ്യാപാരസ്ഥാപനങ്ങൾ തുറക്കൂ. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ പ്രവർത്തിക്കും. ഹോട്ടലുകൾക്ക് രാവിലെ എട്ട് മുതൽ രാത്രി ഏഴ് വരെ പാഴ്‌സൽ നൽകാൻ അനുമതിയുണ്ട്. ജനപ്രതിനിധികൾ, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗത്തിലാണ്‌ തീരുമാനം. ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 400 കവിഞ്ഞതോടെയാണ് അടച്ചിടാൻ തീരുമാനിച്ചത്.

റേഷൻ കടകൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, മാവേലി സ്റ്റോർ, സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. ആളുകൾ താമസിക്കുന്നതിന് ഏറ്റവും അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങണം. അവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കാൻ വാർഡുതല ജാഗ്രതാസമിതിയുടെ സേവനം പ്രയോജനപ്പെടുത്തണം. 

അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പോലീസ് പരിശോധന ശക്തമാക്കും. ഇടറോഡുകൾ വേണ്ടിവന്നാൽ അടയ്ക്കും. 

പഞ്ചായത്ത് വാർഡുതല സന്നദ്ധപ്രവർത്തനങ്ങൾക്ക് അനുവദിച്ച പാസ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതായും ഇത് തുടർന്നാൽ പാസ് തിരച്ചുവാങ്ങുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. 

പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, ഡയസ് കോക്കോട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ.മോഹനൻ, പഞ്ചായത്തംഗങ്ങൾ, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. എൻ.ബിജു, പഞ്ചായത്ത് സെക്രട്ടറി സി.എ.ജോണി എന്നിവർ പ്രസംഗിച്ചു. 

error: Content is protected !!