KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഴപെയ്താൽ വെള്ളംകയറും ;കോവിഡ് ചികിത്സാകേന്ദ്രത്തിൽ അസൗകര്യങ്ങൾ ഏറെ

എരുമേലി: എരുമേലിയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ അസൗകര്യങ്ങൾ ഏറെ. ജീവനക്കാർ മാത്രമല്ല രോഗികളും ബുദ്ധിമുട്ടിലാണിവിടെ. പൈപ്പ് കണക്ഷൻ ഉണ്ടെങ്കിലും കുടിവെള്ളം ടാങ്കറിന് അടിക്കണം. മഴ ആയതോടെ ഉറവ വെള്ളം ആദ്യത്തെ നിലയിൽ കയറും. ഈ വെള്ളം നിറഞ്ഞ് ശൗചാലയങ്ങളും ഉപയോഗ്യമാകുന്നില്ല.

പ്രശ്‌നങ്ങൾ നിരവധിയാണ്. അനുയോജ്യമായ കെട്ടിടം കിട്ടാത്തതിനാൽ ഉള്ള സൗകര്യത്തിൽ തുടരുകയാണ് ചികിത്സാകേന്ദ്രം. എരുമേലി ടൗണിൽ തപാൽ ഓഫീസിന് എതിർവശത്ത് സ്വകാര്യ വ്യക്തിയുടെ ബഹുനില കെട്ടിടമാണ് ചികിത്സാകേന്ദ്രമാക്കിയിരിക്കുന്നത്. മുമ്പ് ഇവിടെ സ്വകാര്യ ആശുപത്രി ആയിരുന്നു. പിന്നീട് ആശുപത്രിയുടെ പ്രവർത്തനം നിലച്ചു.

സി.എഫ്.എൽ.ടി.സി. ആക്കിയ കെട്ടിടത്തിൽ നാല് വാർഡുകളിലും നാല് റൂമുകളിലുമായി 85 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. മരുന്നുകൾ സൂക്ഷിക്കുന്നത്, ഡോക്ടർ, നഴ്‌സുമാർ, മറ്റ് ജീവനക്കാർ എന്നിവർ തങ്ങുന്നത് ഗ്രൗണ്ട് ഫ്‌ളോറിലാണ്. മഴ പെയ്താൽ ഗ്രൗണ്ട് ഫ്‌ളോറിൽ വെള്ളം കയറും. ഉറവ വെള്ളം നിറഞ്ഞ് ശൗചാലയങ്ങൾ പലതും ഉപയോഗരഹിതമാകും. കാലവർഷമെത്തുന്നതോടെ ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാവും.

കോവിഡിന്റെ ആദ്യഘട്ടത്തിൽ എരുമേലിക്ക് സമീപം പ്രപ്പോസിൽ അസീസി നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റൽ ആയിരുന്നു പ്രാഥമിക ചികിത്സാ കേന്ദ്രത്തിനായി സജ്ജീകരിച്ചത്. 100-ൽ പരം കിടക്കകളും, ശൗചാലയങ്ങളും ഉൾപ്പെടെ വിപുലമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു. ഓൺലൈൻ പഠനവും പരീക്ഷയും നടത്തേണ്ട സാഹചര്യത്തിൽ ചികിത്സാ കേന്ദ്രം എരുമേലിയിലേക്ക് മാറ്റുകയായിരുന്നു.

error: Content is protected !!