ഇന്ധന വില ഈ മാസം വർധിച്ചത് 15 തവണ; മേയ് നാലു മുതൽ 29 വരെ പെട്രോളിന് മൂന്നു രൂപയിലധികവും ഡീസലിന് നാലു രൂപയിലധികവും വർധിച്ചു
രാജ്യത്ത് ഇന്ധന വിലവർധന തുടരുന്നു. മേയിൽ ഇത് 15-ാം തവണയാണ് വില വർധിക്കുന്നത്. മേയ് നാലു മുതൽ 29 വരെ പെട്രോളിന് മൂന്നു രൂപയിലധികവും ഡീസലിന് നാലു രൂപയിലധികവും വർധിച്ചു. വിവിധ നഗരങ്ങളിലായി പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ശനിയാഴ്ച കൂടിയത്.
കൊച്ചി നഗരത്തിൽ പെട്രോൾ വില 26 പൈസ വർധിച്ച് 94.04 രൂപയായി. ഡീസലിന് 29 പൈസ വർധിച്ച് 89.46 രൂപയായി. വെള്ളിയാഴ്ച പെട്രോളിന് 93.78 രൂപയും ഡീസലിന് 89.17 രൂപയുമായിരുന്നു നഗരത്തിൽ വില. ഡൽഹിയിൽ പെട്രോൾ വില 93.94 രൂപയായും ഡീസൽ വില 84.89 രൂപയായും വർധിച്ചു. മുംബൈയിൽ പെട്രോളിന് 100.19 രൂപയും ഡീസലിന് 92.17 രൂപയുമായി. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മിക്ക നഗരങ്ങളിലും പെട്രോൾ വില 100 കടന്നു.