ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഇടതു സർക്കാർ വിവേചനം കാണിച്ചോ? വിധിയിൽ സംഭവിച്ചത്?
∙ വിദ്യാഭ്യാസ ചെലവിനായി ഒരു വർഷം 15,000 രൂപ വരെ. ഹോസ്റ്റൽ ഫീസിനായി 13,000 രൂപയോളം വേറെ. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കു നൽകുന്ന സ്കോളർഷിപ്പു ലഭിച്ചാൽ കുട്ടികളുടെ പഠനം സുരക്ഷിതം. ഇതാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനു മേലുള്ള താൽപര്യത്തിനും കാരണം. എന്നാൽ, വിവിധ കോഴ്സുകൾ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ പലർക്കും ഇൗ സ്കോളർഷിപ്പുകളെക്കുറിച്ചു വലിയ ബോധ്യമില്ലെന്നതാണു വസ്തുത. അതിനാൽ സ്കോളർഷിപ്പിനായി എത്തുന്ന അപേക്ഷകളുടെ എണ്ണവും കുറവാണ്.
വകുപ്പിനു കീഴിലെ 7 സ്കോളർഷിപ്പുകളിലേക്കായി കഴിഞ്ഞ വർഷം 34,975 പേർ മാത്രമാണ് അപേക്ഷിച്ചത്. യോഗ്യതകൾ പരിശോധിച്ച് ഇതിൽ 12,255 പേർക്കു സ്കോളർഷിപ്പു വിതരണം ചെയ്തു. ആകെ നൽകിയത് 10.32 കോടി രൂപ. സർക്കാർ കണക്കനുസരിച്ച് മലപ്പുറം ജില്ലക്കാർക്കാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സ്കോളർഷിപ് നൽകിയത്: 3485 പേർക്ക്. രണ്ടാമത് കോഴിക്കോട് ജില്ലയാണ്: 1371 പേർ. 63 പേർ മാത്രം സ്കോളർഷിപ് വാങ്ങി പത്തനംതിട്ട ഏറ്റവും പിന്നിലായി. പിന്നിൽ രണ്ടാമത് കോട്ടയമാണ്: 205 പേർ മാത്രം.
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിരുദ വിദ്യാർഥികൾക്കുള്ള സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പിന് കഴിഞ്ഞ വർഷം 11,927 പേർ അപേക്ഷിച്ചപ്പോൾ 5569 പേർക്കു കിട്ടി. വർഷം 5000 രൂപ മുതൽ 7000 രൂപ വരെയാണ് സ്കോളർഷിപ്പായി ലഭിക്കുക. ഇതിനു പുറമെ ഹോട്ടൽ സ്റ്റൈപ്പൻഡായി 13,000 രൂപയും നൽകുന്നുണ്ട്. മുസ്‌ലിം, ലാറ്റിൻ കാത്തലിക്, പരിവർത്തനം ചെയ്ത ക്രിസ്ത്യാനികൾ എന്നിവർക്കു മാത്രമാണ് ഇൗ സ്കോളർഷിപ്പ് ലഭിക്കുക. എന്നാൽ മറ്റ് 6 സ്കോളർഷിപ്പുകളും മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജെയിൻ വിഭാഗങ്ങൾക്കെല്ലാം ലഭിക്കും. ഇൗ സ്കോളർഷിപ്പുകൾ ക്രിസ്ത്യാനികളിൽ ലാറ്റിൻ കാത്തലിക് വിഭാഗങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുമില്ല.
വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവർക്കാണ് സ്കോളർഷിപ്പുകൾ ലഭിക്കുക. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് അർഹർ. കേന്ദ്ര പദ്ധതികൾക്കു കീഴിൽ ലഭിക്കുന്ന ആനൂകൂല്യങ്ങൾ വേറെയുമുണ്ട്. പതിവായി മുസ്‌ലിം സമുദായത്തിൽപ്പെട്ട മന്ത്രിമാർക്കു നൽകിയിരുന്ന ന്യൂനപക്ഷ ക്ഷേമം ഇത്തവണ മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. വി.എസ് സർക്കാരിന്റെ കാലത്തു രൂപീകരിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ആദ്യത്തെ മന്ത്രി സിപിഎമ്മിൽ നിന്നുള്ള പാലോളി മുഹമ്മദ്കുട്ടിയായിരുന്നു. പിന്നീടു വന്ന ഉമ്മൻചാണ്ടി സർക്കാർ ലീഗിലെ മഞ്ഞളാംകുഴി അലിക്കും കഴിഞ്ഞ പിണറായി സർക്കാർ എൽഡിഎഫ് സ്വതന്ത്രനായ കെ.ടി.ജലീലിനും വകുപ്പു നൽകി.
ഇക്കുറി മലപ്പുറത്തുനിന്നു വിജയിച്ച എൽഡിഎഫ് സ്വതന്ത്രൻ വി.അബ്ദുറഹ്മാന് വകുപ്പു നൽകുമെന്നായികുന്നു കരുതിയിരുന്നത്. എന്നാൽ, വകുപ്പിലെ സ്കോളർഷിപ്പും മറ്റ് ആനൂകൂല്യങ്ങളും ഒരു മതവിഭാഗത്തിൽപ്പെട്ടവർക്കു മാത്രം കൈമാറുന്നുവെന്ന ആക്ഷേപം കൂടി കണക്കിലെടുത്തു മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കുകയായിരുന്നെന്നാണു സൂചന. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, മൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർറേഷൻ എന്നിവയാണ് വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ. 13 സ്കീമുകളിലായി 43 കോടി രൂപയാണ് വകുപ്പിനുള്ള ഇത്തവണത്തെ ബജറ്റ് വിഹിതം. ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ബന്ധുവിനെ വഴിവിട്ടു നിയമിച്ചതിന്റെ പേരിലാണ് കെ.ടി. ജലീലിനു മന്ത്രിസ്ഥാത്തു നിന്നു രാജിവയ്ക്കേണ്ടി വന്നതും.
സ്കോളർഷിപ്പുകൾ ഇവ:
∙ സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്: ബിരുദ, ബിരുദാനന്തര പഠനത്തിന് വർഷം 5000 രൂപ മുതൽ 7000 രൂപ വരെ. ഹോസ്റ്റൽ സ്റ്റൈപ്പൻഡ് 13,000 രൂപ.
∙ ഐടിസി പഠന സ്കോളർഷിപ്: 2 വർഷത്തേക്ക് 20,000 രൂപ.
∙ സിഎ/ഐസിഡബ്ല്യുഎ, സിഎംഎ/സിഎസ് സ്കോളർഷിപ്: വർഷം 15,000 രൂപ.
∙ സിവിൽ സർവീസ് പഠന സ്കോളർഷിപ്: വർഷം 15,000 രൂപ. ഹോസ്റ്റൽ ഫീസ് 10,000 രൂപ.
∙ പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്: എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പഠനത്തിന് വർഷം 15,000 രൂപ.
∙ മദർ തേരേസ സ്കോളർഷിപ്: നഴ്സിങ് ഡിപ്ലോമയ്ക്കും പാരാമെഡിക്കൽ പഠനത്തിനും വർഷം 15,000 രൂപ.
∙ എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ്: 3 വർഷം ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്ക് വർഷം 6000 രൂപ.
സ്‌കോളർഷിപ്പിന് സംഭവിച്ചതെന്ത്?
ന്യൂനപക്ഷ വിഭാഗങ്ങളെ ഉപവിഭാഗങ്ങളാക്കി തരംതിരിച്ച സർക്കാർ നടപടി നിയമപരമായി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി മെറിറ്റ് സ്കോളർഷിപ് വിതരണത്തിലെ അനുപാതം റദ്ദാക്കിയത്. മുസ്‌ലിം വിഭാഗത്തിന് 80%, ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനികൾ, പരിവർത്തിത ക്രൈസ്തവർ എന്നിവർക്ക് 20% എന്ന നിലയിൽ സ്കോളർഷിപ് വിതരണം ചെയ്യുന്നതു നിയമപരമായി നിലനിൽക്കില്ലെന്നു ഹൈക്കോടതി പറഞ്ഞു. തുടർന്നാണ് ഇതു സംബന്ധിച്ച മൂന്ന് സർക്കാർ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കിയത്. 2008 ഓഗസ്റ്റ് 16, 2011 ഫെബ്രുവരി 22, 2015 മേയ് എട്ട് തീയതികളിലെ ഉത്തരവുകളാണിവ. സംസ്ഥാനത്തെ നോട്ടിഫൈഡ് ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങൾക്കു തുല്യമായും സംസ്ഥാന മൈനോറിറ്റി കമ്മിഷന്റെ പക്കലുള്ള പുതിയ ജനസംഖ്യ സെൻസസ് പ്രകാരവും മെറിറ്റ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യാൻ ഉചിതവും ആവശ്യവുമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കാനാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
ചിന്നയ്യ കേസിലെ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി എടുത്തുപറഞ്ഞത്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കിടയിൽ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നതുമായ വിഷയത്തിലായിരുന്നു സുപ്രീം കോടതി ഉത്തരവ്. പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും പുറത്താക്കുന്നതിനും പാർലമെന്റിൽ നിയമം പാസാക്കിയുള്ള നിയന്ത്രിതമായ അധികാരമല്ലാതെ, പട്ടിക വിഭാഗങ്ങളുടെ പ്രസിഡൻഷ്യൽ ലിസ്റ്റിലുള്ള വിഭാഗങ്ങളെ ഉപവിഭാഗങ്ങളോ ഉപസമൂഹമായോ തരംതിരിക്കാനാവില്ലെന്നു സുപ്രീം കോടതി വിധിച്ചു.
കേന്ദ്രസർക്കാർ 1992ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ തുടങ്ങിയവർ ഉൾപ്പെടെ 6 വിഭാഗങ്ങളെ ന്യൂനപക്ഷ വിഭാഗങ്ങളായി നോട്ടിഫൈ ചെയ്തിട്ടുണ്ടെന്നും ചിന്നയ്യ കേസിലെ തത്വങ്ങൾ ഈ കേസിലും ബാധകമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ചിന്നയ്യ കേസിലെ ഉത്തരവ്, ഭരണഘടനാ വ്യവസ്ഥകൾ, 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമം, 2014ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നിയമം എന്നിവയാണ് ഇക്കാര്യത്തിൽ വഴിതെളിക്കുന്നതെന്നും കോടതി ഉത്തരവിലുണ്ട്. പാലക്കാട് സ്വദേശി, അഭിഭാഷകനായ ജസ്റ്റിൻ പള്ളിവാതുക്കലാണു ഹർജി നൽകിയത്. ഹൈക്കോടതി മുതിർന്ന അഭിഭാഷകൻ രാജു ജോസഫ്, അഡ്വ.ജെ. ജൂലിയൻ സേവ്യർ തുടങ്ങിയവരാണു ഹർജിക്കാരനുവേണ്ടി വാദിച്ചത്. സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹൻ, കേന്ദ്ര സർക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി.വിജയകുമാർ തുടങ്ങിയവർ ഹാജരായി.
ഹർജിയിൽ ചൂണ്ടിക്കാട്ടിയത്…
കേന്ദ്രസർക്കാർ നോട്ടിഫൈ ചെയ്ത ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉൾപ്പെടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കവസ്ഥയിലുള്ള വിഭാഗങ്ങൾക്കായാണു കേന്ദ്രസർക്കാരിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികളെങ്കിലും കേരളത്തിൽ ഇത് നടപ്പാക്കുമ്പോൾ, യുക്തിരഹിതമായി, ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രം അനുകൂലമായ രീതിയിൽ വ്യക്തമായ വിവേചനം കാണിക്കുന്നെന്നായിരുന്നു ഹർജിയിൽ ഉയർത്തിക്കാട്ടിയത്. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമം അനുസരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ആറ് ന്യൂനപക്ഷ വിഭാഗങ്ങൾ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജെയിൻ എന്നിവയാണ്.
2006ൽ കേന്ദ്രസർക്കാർ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതിയുടെ കീഴിൽ ന്യൂനപക്ഷവിഭാഗങ്ങളുടെ കീഴിലുള്ള വിദ്യാർഥികൾക്കായി സ്കോളർഷിപ് പദ്ധതി പ്രഖ്യാപിച്ചു. ന്യൂന പക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ പ്രി മെട്രിക്, പോസ്റ്റ് മെട്രിക് പഠനം പ്രോൽസാഹിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. മെറിറ്റ് അടിസ്ഥാനത്തിലാണ് സ്കോളർഷിപ് നൽകുന്നത്. എന്നാൽ ഒരു ന്യൂനപക്ഷ വിഭാഗത്തിന് മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെക്കാൾ മുൻഗണന നൽകി സ്കോളർഷിപ് നൽകണമെന്ന് എവിടെയും പറയുന്നില്ല. ഭരണഘടന തത്വങ്ങൾ പ്രകാരവും 1992ലെ കേന്ദ്രനിയമം, 2014 സംസ്ഥാന നിയമം എന്നിവയുടെ വ്യവസ്ഥകൾ പ്രകാരവും ആണ് സർക്കാർ സ്കോളർഷിപ് പദ്ധതി ആവിഷ്കരിച്ചത്. ന്യൂനപക്ഷമായിരിക്കണമെന്നാണു വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും എന്നാൽ ന്യൂനപക്ഷങ്ങളുടെ ഭാഗമായ ഒരു മതമെന്ന് അല്ലെന്നും ഹർജിക്കാരൻ അറിയിച്ചു.
സർക്കാർ 2015 ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ സ്കോളർഷിപ് വിതരണത്തിലെ അനുപാതം 80:20 ആണ്. 30% വിദ്യാർഥിനികൾക്കു സംവരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. അനുപാതം നിശ്ചയിച്ച ഉത്തരവ് ഭരണഘടനയുടെ ലംഘനവും നിയമവിരുദ്ധവും നീതി രഹിതവും ഏകപക്ഷീയവുമാണ്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റം, ക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കിയാണു സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ രൂപീകരിക്കാനായി സംസ്ഥാന സർക്കാർ 2014ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നിയമം പാസാക്കിയത്. പഠനങ്ങൾ നടത്താതെയാണ് അനുപാതം നിശ്ചയിച്ചത്. ന്യൂനപക്ഷ അവകാശത്തിന്റെ മറവിൽ സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾ ഒരു പ്രത്യേക വിഭാഗത്തെ പിന്തുണയ്ക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചു.
സർക്കാർ പറഞ്ഞത്…
ജസ്റ്റിസ് സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽനിന്നുള്ള സ്ഥിതി വിവരങ്ങൾ, കേരള പഠന റിപ്പോർട്ടുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണു പാലോളി കമ്മിറ്റി റിപ്പോർട്ട് അന്തിമാക്കിയതെന്നു സർക്കാർ എതിർ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. കോളജ് പഠനത്തിന് ചേരുന്ന മുസ്‌ലികളുടെ എണ്ണം വളരെ കുറവാണെന്നു റിപ്പോർട്ടിൽ പറയുന്നു. മുസ്‌ലിംകൾ (8.1%), മുന്നാക്ക ഹിന്ദുക്കൾ (28.1%), ക്രിസ്ത്യാനികൾ (20.5%), പിന്നാക്ക ഹിന്ദുക്കൾ (16.7%), പട്ടിക ജാതി (11.8%), പട്ടിക വിഭാഗം (10.3%) എന്നിങ്ങനെയാണു സ്ഥിതി വിവരക്കണക്ക്. മുസ്‌ലിംകളുടെ ഇടയിൽ തൊഴിൽ രഹിതരുടെ എണ്ണം 55.2% ആണ്. ക്രിസ്ത്യാനികൾ (31.9%), പിന്നാക്ക ഹിന്ദുക്കൾ (40.2%) എന്നിങ്ങനെയാണു തൊഴിൽ രഹിതരുടെ എണ്ണം.
3% ക്രിസ്ത്യാനികൾ മാത്രമാണു ഭൂരഹിതർ. മുസ്‌ലിംകളിൽ 37.8% ഭൂരഹിതരാണ്. കേരളത്തിലെ മുസ്‌ലിംകൾ മറ്റു വിഭാഗങ്ങളെക്കാൾ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ ഏറെ പിന്നിലാണ്. വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയും അത് മെച്ചപ്പെടുത്തേണ്ട ആവശ്യവും സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉയർത്തിക്കാട്ടിയിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മുസ്‌ലിം വിഭാഗത്തിന്റെ വികസനത്തിനായി പ്രത്യേകമായി സ്കോളർഷിപ് പദ്ധതി അനുവദിക്കാൻ ക്രിയാത്മക നടപടിയെടുത്തതെന്നും എതിർ സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു.
കോടതി പറഞ്ഞത്…
∙ 80:20 എന്ന അനുപാതത്തിൽ സ്കോളർഷിപ് നൽകുന്നതുവഴി ഒരു വിഭാഗത്തിനു കൂടുതൽ സഹായം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾ വ്യക്തമായ വിവേചനമാണു കാണിക്കുന്നത്.
∙വിവേചനമില്ലാതെ, സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം സംരക്ഷിക്കുകയാണു ന്യൂനപക്ഷ കമ്മിഷന്റെ ഉത്തരവാദിത്തം.
∙ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ദുർബലമായ വിഭാഗങ്ങളുടെ ക്ഷേമം സംരക്ഷിക്കാൻ സർക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തവും കർത്തവ്യവുമുണ്ട്. അതിനാൽ ദുർബല വിഭാഗങ്ങൾക്ക് സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നതിൽ തെറ്റില്ല, എന്നാൽ നോട്ടിഫൈ ചെയ്ത വിഭാഗങ്ങളുടെ കാര്യത്തിൽ അവരെ തുല്യമായി പരിഗണിക്കേണ്ടതുണ്ട്, തുല്യമല്ലാതെ പരിഗണിക്കാൻ സർക്കാരിന് അധികാരമില്ല. ഇക്കാര്യങ്ങൾ ഭരണഘടനാ വ്യവസ്ഥകളിൽനിന്നും നിയമങ്ങളിൽനിന്നും വ്യക്തമാണ്.
∙ന്യൂനപക്ഷ വിഭാഗത്തിന്റെ വിദ്യാഭ്യാസപരവുമായ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഭരണഘടനയുടെ 29ാം വകുപ്പ് പ്രകാരം സർക്കാരിന് ഉത്തരവാദിത്തമുണ്ട്.
∙ 1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമം, 2014 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നിയമം എന്നിവയുടെ വ്യവസ്ഥകളെ സംസ്ഥാന സർക്കാരിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകൊണ്ടു മറികടക്കാനാവില്ല.
∙ ഒരു വിഭാഗത്തിന്റെ താൽപര്യം സംരക്ഷിക്കാനായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പിന്നാക്കാവസ്ഥ വേർതിരിച്ചു കാണിക്കാനുള്ള അധികാരം സംസ്ഥാന, ദേശീയ ന്യൂനപക്ഷ കമ്മിഷനുകൾക്കില്ല.