KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആംബുലൻസിൽ കിടക്കുന്ന അമ്മയെ കണ്ട് അന്ത്യാഞ്ജലിയേകി സുനിത

എരുമേലി ∙ 35 വർഷം മുൻപ്, അമ്മ തന്നെ ഗർഭം ധരിച്ചിരിക്കെ അച്ഛനെ നഷ്ടപ്പെട്ടതാണ് സുനിതയ്ക്ക്. അമ്മയും കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയപ്പോൾ അവസാനമായൊന്നു കാണാൻ കഴിയുമെന്ന് സുനിത കരുതിയില്ല. ഒടുവിൽ സുമനസ്സുകളുടെ സഹായത്തോടെ, ആംബുലൻസിൽ കിടക്കുന്ന അമ്മയെ കണ്ട് അന്ത്യാഞ്ജലിയേകി സുനിത മടങ്ങി. ഇതു കോവിഡ് കാലത്തെ മറ്റൊരു ദൈന്യ ചിത്രം.

എരുമേലി മുട്ടപ്പള്ളി മംഗലത്ത് കുഞ്ഞൂഞ്ഞ് – ശാന്തമ്മ ദമ്പതികളുടെ മകളാണ് സുനിത. 35 വർഷം മുൻപ് വനത്തിൽ നിന്നു വിറകു ചുമന്നു വീട്ടിലേക്കു വരുമ്പോൾ കാൽ വഴുതി വീണായിരുന്നു കുഞ്ഞൂ‍ഞ്ഞിന്റെ മരണം. അന്ന് ശാന്തമ്മ 6 മാസം ഗർഭിണി ആയിരുന്നു. അച്ഛനെ കാണാതെ വളർന്നതാണ് സുനിത. അനിതയാണു മൂത്ത സഹോദരി. അനിതയ്ക്കൊപ്പം മുട്ടപ്പള്ളിയിൽ താമസിക്കുന്ന ശാന്തമ്മ കാൻസർ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു.

ചുങ്കപ്പാറയിൽ താമസിക്കുന്ന സുനിതയുടെ ഭർത്താവിനു കോവിഡ് ബാധിച്ചതിനാൽ ഇരുവർക്കും മുട്ടപ്പള്ളിയിലേക്കു വരാനായില്ല. അമ്മയെ അവസാനമായി കാണണമെന്ന സുനിതയുടെ ആഗ്രഹം അറിഞ്ഞ് വാർഡ് അംഗം എം.എസ്.സതീഷും സുഹൃത്തുക്കളും പിപിഇ കിറ്റ് ധരിച്ചു കാറിൽ ചുങ്കപ്പാറയിൽ എത്തി. സുനിതയ്ക്കും കിറ്റ് നൽകിയ ശേഷം അവരെയും കൂട്ടി മുട്ടപ്പള്ളിയിലേക്ക്. ആംബുലൻസിൽ എത്തിച്ച അമ്മയുടെ മൃതദേഹത്തിന് അരികിൽ സുനിതയെ എത്തിക്കാൻ സമീപത്തെ മുഴുവൻ ആളുകളെയും മാറ്റേണ്ടി വന്നു. കാറിൽ നിന്നിറങ്ങി സുനിത ശാന്തമ്മയെ ഒരുനോക്കു കണ്ടു, മടങ്ങി.

error: Content is protected !!