കാത്തിരിപ്പാണ്, ചിറക്കൽ പാറക്കടവിലെ പാലത്തിനായി
മണിമല: വെള്ളാവൂർ, കോട്ടാങ്ങൽ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മണിമലയാറ്റിലെ ചിറക്കപ്പാറക്കടവിൽ പാലത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ടോക്കൺ പ്രൊവിഷനിൽ ഇടംനേടിയതിനാൽ കാത്തിരിപ്പ് നീളുകയാണ്.
താഴത്തുവടകര, ചിറക്കൽപ്പാറ, വെള്ളാവൂർ എന്നിവിടങ്ങളിലുള്ളവർക്ക് കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശത്ത് എത്താനുള്ള എളുപ്പമാർഗമാണ് ചിറക്കൽ പാറയിൽനിന്നുള്ളത്. പാലമെന്ന നിവേദനത്തിന് പതിറ്റാണ്ട് പഴക്കമുണ്ട്. ഒന്നുമുതൽ ഹയർ സെക്കൻഡറിവരെ ക്ലാസുകളുള്ള താഴത്തുവടകര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇരുപഞ്ചായത്തിലെ മറ്റുള്ളവരും കടത്തുവള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരുവർഷമായി കടത്തുവള്ളവും നിർത്തലാക്കി. ഇതോടെ മൂന്നര കിലോമീറ്റർ അധികം സഞ്ചരിച്ചുവേണം താഴത്തുവടകര സ്കൂളിലെത്താൻ.
കുട്ടികൾ കടത്തുവള്ളത്തിൽ യാത്ര ചെയ്യുന്നത് അപകടകരമാണെന്നുകാട്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ സ്കൂൾ അധികൃതരും നാട്ടുകാരും നിവേദനം നൽകിയിരുന്നതിനെ തുടർന്ന് തൂക്കുപാലം അനുവദിച്ചിരുന്നു. അതും നടപ്പായില്ല. മണിമലയാറ്റിലെ ഏറ്റവും ആഴം കൂടിയ ഭാഗമാണ് ചിറക്കൽ പാറക്കടവ്. കടവുവരെ റോഡ് ഉള്ളതിനാൽ കടവിനുസമീപം റോഡ് മദ്ധ്യത്തിൽ വൻ കരിങ്കല്ല് സ്ഥാപിച്ചാണ് നാട്ടുകാർ വഴി തടയുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രകടനപത്രികയിൽ നടപ്പാക്കാനാഗ്രഹിക്കുന്ന പ്രധാന പദ്ധതികളിൽ ഡോ. എൻ.ജയരാജ് എം.എൽ.എ. ചിറക്കപ്പാറക്കടവിൽ പാലം നിർമാണം ഉൾപ്പെടുത്തിയിരുന്നു.