KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വകാര്യബസുകള്‍ കഷ്‌ടത്തില്‍’ ഒറ്റയാണേലും ഇരട്ടയാണേലും യാത്രക്കാര്‍ കുറവ്‌

ഒറ്റയക്ക, ഇരട്ടയക്ക ആശയക്കുഴപ്പം തുടരുന്നതിനിടെ ഇന്നലെ കോട്ടയത്തെ്‌ സ്‌റ്റാന്റുകളില്‍നിന്നു സര്‍വീസ്‌ നടത്തിയത്‌ 30 സ്വകാര്യ ബസുകള്‍ മാത്രം. ഇന്നലെ ഇരട്ടയക്ക നമ്പരുകളുള്ള ബസുകള്‍ക്കാണ്‌ അനുമതിയുണ്ടായിരുന്നത്‌. ഇത്രയും സര്‍വീസുകള്‍ മാത്രം നടത്തിയിട്ടും മിക്ക റൂട്ടുകളിലും യാത്രക്കാര്‍ കുറവായിരുന്നു. 


ഇതോടെ, യാത്രക്കാരുടെ എണ്ണം കൂടിയാല്‍ മാത്രം സര്‍വീസ്‌ നടത്താനാണ്‌ അവശേഷിക്കുന്ന ബസുടമകളുടെ തീരുമനം.മെഡിക്കല്‍ കോളജ്‌, ഏറ്റുമാനൂര്‍, കുമരകം, തിരുവാര്‍പ്പ്‌, ചങ്ങനാശേരി, പാലാ മേഖലകളിലേക്ക്‌ ഏതാനും സര്‍വീസുകളുണ്ടായിരുന്നു. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, വൈക്കം, പള്ളിക്കത്തോട്‌ മേഖലയിലും ചില ബസുകള്‍ സര്‍വീസ്‌ നടത്തി. എന്നാല്‍, ഭൂരിഭാഗം ബസുകളുടെയും ഇന്നലത്തെ വരുമാനം 4000 രൂപയില്‍ താഴെയായിരുന്നു. ഡീസല്‍ ചെലവു മാത്രം ഇതിലേറെയായെന്ന്‌ ഉടമകള്‍ പറയുന്നു. വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടുമെന്ന പ്രതീക്ഷയില്‍ നഷ്‌ടം സഹിച്ചും സര്‍വീസ്‌ നടത്താനാണു ഉടമകളുടെ തീരുമാനം.
അതേസമയം, കുമരകം പോലെ ചില റൂട്ടുകളില്‍ രാവിലെയും വൈകുന്നേരവും തിരക്കേറിയതും ആശങ്കയ്‌ക്കിടയാക്കി. ബസുകളുടെ എണ്ണം കുറയുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്‌തതോടെയാണ്‌ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാര്‍ കയറേണ്ട സാഹചര്യമുണ്ടായത്‌. 


ചിലയിടങ്ങളില്‍ യാത്രക്കാര്‍ ബസ്‌ തടഞ്ഞു നിര്‍ത്തി കയറുകയായിരുന്നു. ഇതേത്തുടര്‍ന്നു നേരിയ സംഘര്‍ഷങ്ങളുമുണ്ടായി.
ഇത്തരത്തില്‍ നിര്‍ത്തി യാത്രക്കാരുമായി പോയ ബസുകളുടെ നമ്പര്‍ എഴുതിയെടുക്കുകയും ജീവനക്കാര്‍ സ്‌റ്റേഷനിലേക്കു വരണമെന്നു നിര്‍ദേശിക്കുകയും ചെയ്‌തത്‌ ഉടമകളെ ആശങ്കയിലാക്കിയിട്ടുണ്ട്‌. പിഴ ഉള്‍പ്പെടെയുള്ള നടപടിയെടുത്താല്‍ വരും ദിവസങ്ങളില്‍ ഈ റൂട്ടുകളില്‍ സര്‍വീസ്‌ വേണ്ടെന്നാണ്‌ ഉടമകളുടെ തീരുമാനം.

error: Content is protected !!