പൊന്‍കുന്നം മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരം ദുരവസ്‌ഥയില്‍

പൊന്‍കുന്നം: പൊന്‍കുന്നം മിനി സിവില്‍ സ്‌റ്റേഷന്‍ പരിസരവും കെട്ടിടവും ബന്ധപ്പെട്ടവരുടെ അനാസ്‌ഥയുടെയും അവഗണനയുടെയും നേര്‍ക്കാഴ്‌ചയായി മാറി. സിവില്‍ സ്‌റ്റേഷന്‍ പരിസരത്തിന്റെ ഒരുഭാഗം കാടുകയറി മൂടിയ നിലയിലാണ്‌.  
ടോയ്‌ലറ്റുകള്‍ പൂട്ടിയിട്ട നിലയിലുമാണ്‌. മൂന്ന്‌ നിലകളിലായി ആറ്‌ കോടി രൂപ മുടക്കി പണി തീര്‍ത്ത കെട്ടിടത്തില്‍ സെയില്‍ ടാക്‌സ്‌, സബ്‌ ട്രഷറി, മോട്ടോര്‍ വാഹന വകുപ്പ്‌, എക്‌സൈസ്‌, വില്ലേജ്‌, ലീഗല്‍ മെട്രോളജി, സബ്‌ രജിസ്‌ട്രാര്‍, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ഓഫീസുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 


വിവിധ ഓഫീസുകളിലായി 80ലധികം ജീവനക്കാരുണ്ട്‌. കെട്ടിടത്തിന്റെ മേല്‍നോട്ടത്തിനും നടത്തിപ്പിനുമായി കമ്മറ്റി രൂപീകരിച്ചെങ്കിലും അത്‌ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്‌തമാണ്‌. സിവില്‍ സ്‌റ്റേഷന്റെ ബസ്‌ സ്‌റ്റാന്റിനോട്‌ ചേര്‍ന്നുള്ള ഭാഗവും വിദ്യാഭ്യാസ വകുപ്പ്‌ ഓഫീസിന്റെ പിന്‍വശവും കാട്‌ വളര്‍ന്ന നിലയിലാണ്‌. രാത്രികാലങ്ങളില്‍ ഇവിടം ഇഴജന്തുക്കളുടെയും തെരുവ്‌ നായ്‌ക്കളുടെയും കേന്ദ്രമാണ്‌. വന്‍തുക മുടക്കി തറയോട്‌ പാകിയ ഈ ഭാഗം ഓടുകള്‍ കാണാനാവാത്ത വിധം കാട്‌ വളര്‍ന്നിരിക്കുകയാണ്‌. 
സിവില്‍ സ്‌റ്റേഷന്റെ പ്രവേശ കവാടത്തിലുള്ള താഴത്തെ നില വൃത്തിഹീനമായ നിലയിലാണ്‌. സിവില്‍ സ്‌റ്റേഷനിലെ പൊതുജനങ്ങള്‍ക്കുള്ള ടോയ്‌ലറ്റുകള്‍ തുറക്കാത്തതുമൂലം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരും ദുരിതത്തിലാണ്‌. 
മുമ്പ്‌ സിവില്‍ സ്‌റ്റേഷനിലെ മഴവെള്ള സംഭരണിയില്‍ നായ വീണ്‌ ചത്ത സംഭവവും ഉണ്ടായിട്ടുണ്ട്‌. സിവില്‍ സ്‌റ്റേഷന്‍ നടത്തിപ്പിനായുള്ള കമ്മറ്റി അടിയന്തിരമായി സിവില്‍ സ്‌റ്റേഷന്‍ പരിസരം വൃത്തിയാക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാണ്‌ പൊതുജനങ്ങളുടെ ആവശ്യം.

error: Content is protected !!