കൊതുകു നിയന്ത്രണം: റബർത്തോട്ടങ്ങളിലെ ചിരട്ടകൾ കമിഴ്ത്തി വയ്ക്കണം
കേരളത്തിൽ മഴക്കാലം തുടങ്ങാറായതിനാൽ റബർത്തോട്ടങ്ങളിലെ ചിരട്ടകൾ കമിഴ്ത്തി വയ്ക്കുന്ന കാര്യത്തിൽ കർഷകർ ശ്രദ്ധിക്കണമെന്ന് റബർബോർഡ്. കൊതുകുകളിലൂടെ പരക്കുന്ന വിവിധ രോഗങ്ങൾ നാട്ടിൽ പടർന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണിത്. റബർ മരങ്ങളിൽ പിടിപ്പിച്ചിരിക്കുന്ന ചിരട്ടകളിൽ ഒരാഴ്ചയിൽ കൂടുതൽ മഴവെള്ളം കെട്ടിനിന്നാൽ കൊതുകിനു മുട്ടയിട്ടുപെരുകാൻ ഏറെ സൗകര്യം നൽകും. ആഴ്ചയിലൊരിക്കലെങ്കിലും ടാപ്പിംഗ് നടക്കുന്ന തോട്ടങ്ങളിൽ ഇതൊരു പ്രശ്നമാകില്ല. മഴമൂലം ടാപ്പിംഗ് തടസപ്പെട്ടാൽ ചിരട്ടകളിൽ കൂടുതൽ ദിവസങ്ങൾ വെള്ളം കെട്ടിനിൽക്കും. അങ്ങനെ വരുന്പോഴാണു കൊതുകുകൾ അവയിൽ പെരുകുന്നത്. ദീർഘനാളായി ടാപ്പിംഗ് നിർത്തിവച്ചിരിക്കുന്ന തോട്ടങ്ങളിലും ഇതുസംഭവിക്കും.
ടാപ്പിംഗ് നടക്കുന്ന തോട്ടങ്ങളിൽ, പാൽവീഴ്ച നിൽക്കാത്തതുകൊണ്ടു ചിരട്ട കമിഴ്ത്തിവയ്ക്കാൻ പറ്റുന്നില്ലെങ്കിൽ മഴക്കാലത്തെങ്കിലും പൂർണമായി പാൽവീഴ്ച്ചനിന്നശേഷം മാത്രം കറയെടുക്കുകയും തുടർന്നു ചിരട്ട കമിഴ്ത്തിവയ്ക്കുകയും ചെയ്യണം. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് റെയിൻഗാർഡുചെയ്ത തോട്ടങ്ങളിൽ പ്ലാസ്റ്റിക് ഉയർത്തിവയ്ക്കുന്പോൾ അവയുടെ മടക്കുകളിൽ വെള്ളം കെട്ടിനിൽക്കാനിടയാകും. അവ ശരിക്കും താഴ്ത്തിയിട്ടാൽ ഇതൊഴിവാക്കാം എന്നുമാത്രമല്ല ചിരട്ടകളിൽ മഴവെള്ളം വീഴാതിരിക്കുകയും ചെയ്യും.