വിശ്വാസികൾക്കായി ദേവാലയങ്ങൾ തുറന്നു.. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് കുർബാനകൾ അർപ്പിക്കപ്പെട്ടു .. .

June 11, 2020 

വിശ്വാസികൾക്കായി ദേവാലയങ്ങൾ തുറന്നു.. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് കുർബാനകൾ അർപ്പിക്കപ്പെട്ടു .. 

കോവിഡ് ലോക്ക് ഡൗൺ മൂലം അടച്ചിട്ടിരുന്ന ക്രൈസ്തവ ദേവാലയങ്ങൾ, സർക്കാർ നിർദേശങ്ങൾ പൂർണമായും അനുസരിച്ച്, സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിക്കൊണ്ട്, മൂന്നു മാസങ്ങൾക്കു ശേഷം വിശ്വാസികൾക്ക് പ്രാർത്ഥനകൾക്കായി തുറന്നു കൊടുത്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, നിയന്ത്രിത എണ്ണത്തിൽ വിശ്വാസികൾ ദേവാലയങ്ങളിൽ എത്തി വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. 

കോവിഡ് മഹാമാരി ഭൂമിയിൽ നിന്നും പൂർണമായും തുടച്ചു നീക്കുവാൻ സാധിക്കില്ല എന്ന വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇനി മുന്നോട്ട് കോവിഡിനൊപ്പം സുരക്ഷിതമായി ജീവിക്കുക എന്ന രീതിയിലായിരിക്കും മനുഷ്യജീവിതം സാധ്യമാകുന്നത് എന്ന തിരിച്ചറിവിലാണ്, ദേവാലയങ്ങൾ വിശ്വാസികൾക്കായി തുറക്കുവാൻ തീരുമാനിച്ചത് എന്ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുവാൻ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള , സാമൂഹിക അകലം പാലിക്കുക, ശുചത്വം പാലിക്കുക , മാസ്ക് ധരിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ദേവാലയങ്ങളിൽ ശുശ്രൂഷകൾ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു . 


എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ രാവിലെ ആറരക്ക് ദിവ്യബലി അർപ്പിച്ചുകൊണ്ടായിരുന്നു ഇടവകയിൽ ആരാധന കർമ്മങ്ങളുടെ പുതിയ തുടക്കം കുറിച്ചത്. മുൻകൂട്ടി നിശ്ചയിച്ച് അറിയിച്ച വിശ്വാസികൾ മാത്രമാണ് കുർബാനയിൽ സംബന്ധിക്കുവാൻ പള്ളിയിൽ എത്തിയത്. പള്ളിയിൽ ദിവസവും രണ്ടു നേരം കുർബാന നടത്തുന്നുണ്ട് എന്നതിനാൽ ഒരാഴ്ചകൊണ്ട് ഇടവകയിലെ എല്ലാവർക്കും, അവരവർക്ക് മുൻകൂട്ടി അറിയിച്ചിട്ടുള്ള സമയക്രമം പാലിച്ചുകൊണ്ട്‌ ദേവാലയത്തിൽ എത്തി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ പറഞ്ഞു. 

രാവിലെ ദേവാലയത്തിൽ എത്തിയ വിശ്വാസികൾക്ക് കൈകൾ ശുചിയാക്കുവാൻ പൈപ്പും , വെള്ളവും, സോപ്പും ക്രമീകരിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് സാനിറ്റൈസര്‍ നൽകി കൈകൾ പൂർണമായും അണുവിമുക്തമാക്കി. അതിനു ശേഷം ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചു നെറ്റിയിലെ താപനില പരിശോധിച്ച് പനി ഇല്ലെന്നു ഉറപ്പാക്കി പ്രവേശനം അനുവദിച്ചു. കോ​വി​ഡ് സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ൾ ദേവാലയത്തിൽ പൊ​തു​വാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചിരുന്നു. ദേവാലയത്തിൽ എത്തിയവരുടെ പേ​രു​വി​വ​ര​വും മൊബൈൽ നമ്ബറും രജിസ്റ്ററിൽ രേഖപ്പെടുത്തി ഭാവി പരിശോധനകൾക്കായി സൂക്ഷിക്കുന്നുണ്ട്. 

മാസ്ക് ധരിച്ച്, വൃത്തിയുള്ള വസ്ത്രം ധരിച്ച്, ശരീരം ശുചിയാക്കി ആറടി ദൂരം എന്ന സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു വിശ്വാസികൾ പള്ളിയിലേക്ക് പ്രവേശിച്ചിരുന്നത്. 

ദേവാലയത്തിന്റെ ഉള്ളിലേക്ക് കയറുന്നതിനും, പുറത്തേക്കു പോകുന്നതിനും പ്രത്യക വാതിലുകൾ ക്രമീകരിച്ചിരുന്നു. തി​രു​സ്വ​രൂ​പ​ങ്ങ​ൾ, തി​രു​വ​സ്തു​ക്ക​ൾ എ​ന്നി​വ തൊ​ട്ടു​വ​ണ​ങ്ങാ​ൻ വിശ്വാസികളെ അനുവദിച്ചിരുന്നില്ല. തി​രു​സ്വ​രൂ​പ​ങ്ങ​ളെ വണങ്ങുവാൻ എത്തിയ വിശ്വാസികൾ ആറടി ദൂരം പാലിച്ചാണ് പ്രാർത്ഥനകൾ നടത്തിയത്. 

65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും 10 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും ദേവാലയത്തിലെ തിരുക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അനുവാദം നൽകിയിരുന്നില്ല. ദേ​വാ​ല​യ​ത്തി​ൽ എ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി ശ്ര​ദ്ധി​ക്കാ​നും വേ​ണ്ട സഹായങ്ങൾ ചെ​യ്യു​വാ​നും ഇടവകയിലെ യു​വ​ജ​ന​ങ്ങ​ളു​ടെ പ്രസ്ഥാനമായ SMYM അംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. അവർ അത് ഭംഗിയായി നിറവേറ്റുകയും ചെയ്തിരുന്നു. 

നൂ​റു ച​തു​ര​ശ്ര മീറ്ററിനുള്ളി​ൽ 15 പേ​ർ എ​ന്നു​ള്ള​ സ​ർ​ക്കാ​ർ നി​ബ​ന്ധ​ന അനുസരിച്ചായിരുന്നു ക്രമീകരണങ്ങൾ നടത്തിയിരുന്നത്. വിശ്വാസികളുടെ ഇരിപ്പിടങ്ങൾ ആറടി അകലത്തിൽ മാർക്ക് ചെയ്ത് ക്രമീകരിച്ചിരുന്നു. ജ​ന​ലു​ക​ളും വാതിലുകളും പൂർണമായും തുറന്നിട്ടിരുന്നു. വിശ്വാസികൾക്ക് പ്രാർത്ഥന പുസ്തകങ്ങൾ നൽകിയിരുന്നില്ല. ഓരോരുത്തരും സ്വന്തമായി പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നു. ദേവാലയ ഗീതങ്ങൾ ആലപിക്കുവാൻ ഗായക സംഘത്തെയും അനുവദിച്ചിരുന്നില്ല. വൈദികരുമായി നേരിട്ടുള്ള കുമ്പസാര ശിശ്രൂഷ പൂർണമായും ഒഴിവാക്കികൊണ്ട്, പൊതുവിൽ അനുതാപത്തിന്റെ പ്രാർത്ഥന ചൊല്ലിയാണ് വിശ്വാസികൾ പാപമോചനത്തിനായി ദൈവത്തോട് അപേക്ഷിച്ചത് . 

ഓൺലൈൻ കുർബാനകൾ പതിവായി കാണാറുണ്ടെങ്കിലും, ദേവാലയത്തിൽ എത്തി പൂർണമായ കുർബാനയിൽ സംബന്ധിക്കുമ്പോൾ, അവാച്യമായ അനുഭൂതിയായാണ് ഉണ്ടാകുന്നതെന്ന് വിശ്വാസികൾ പറയുന്നു. 

……………

ഓരോ കുർബാന കഴിഞ്ഞതിനു ശേഷവും സന്നദ്ധ പ്രവർത്തകർ ദേവാലയം പൂർണമായും ശുചീകരിച്ച് അണുവിമുക്തമാക്കുന്നുണ്ട്. എരുമേലിയിലെ പോലീസ് ഉദ്യോഗസ്ഥർ പള്ളിയിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട് . 

…………..

ദേവാലയത്തിൽ എത്തുന്ന വിശ്വാസികൾക്ക് പൂർണ സുരക്ഷ ഒരുക്കുവാൻ ദേവാലയ അധികൃതർ കഠിനമായി പരിശ്രമിക്കുന്നുണ്ട്. വിശ്വാസികളും, അവർ നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിച്ചാൽ “കോവിഡിനൊപ്പം സുരക്ഷിതമായി ജീവിക്കുക” എന്ന തത്വം വിജയകരമായി നടപ്പിലാക്കികൊണ്ടുതന്നെ വിശ്വാസികൾക്ക് തങ്ങളുടെ ആരാധനകർമ്മങ്ങൾ സുരക്ഷിതമായി നടത്തുവാനും സാധിക്കും .

error: Content is protected !!