എരുമേലി ചന്ദനക്കുടം ഉത്സവത്തിന് കൊടിയേറി
എരുമേലി: പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഉത്സവത്തിന് കൊടിയേറി. ജനുവരി പത്തിനാണ്, പ്രസിദ്ധമായ ചന്ദനക്കുടം ഘോഷയാത്ര. 11-ന് എരുമേലി പേട്ടതുള്ളൽ.
എരുമേലി ടൗൺ നൈനാർ മസ്ജിദ് അങ്കണത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് മഗ്രീബ് നമസ്‌കാരത്തിന് ശേഷമായിരുന്നു ചന്ദനക്കുടം ഉത്സവത്തിന്റെ കൊടിയേറ്റ്. ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ.ഇർഷാദ് കൊടിയേറ്റി. പത്തിന് നടക്കുന്ന ചന്ദനക്കുട ആഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ശ്രീ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ആചാരങ്ങളോടെ ആദ്യം പേട്ടതുള്ളലും പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘം തുടർന്നും പേട്ടതുള്ളൽ നിർവഹിക്കും. ഇതിന്റെ ഐക്യദാർഢ്യമായാണ് തലേദിവസം രാത്രിയിൽ ചന്ദനക്കുട ആഘോഷം നടക്കുക.
മുസ്ലിം ജമാഅത്ത് കമ്മിറ്റി നേതൃത്വം നൽകി നടത്തുന്ന ചന്ദനക്കുട ആഘോഷം അയ്യപ്പഭക്തരോട് മുസ്ലിം ജമാഅത്ത് നൽകുന്ന പ്രത്യാഭിവാദനം കൂടിയാണ്.
ജനുവരി പത്തിനാണ്, മപ്രസിദ്ധമായ ചന്ദനക്കുടം ഘോഷയാത്ര. 11-ന് എരുമേലി പേട്ടതുള്ളൽ. പേട്ട ധർമശാസ്താ ക്ഷേത്രത്തിലും(കൊച്ചമ്പലം), ധർമശാസ്താ ക്ഷേത്രത്തിലും(വലിയമ്പലം) ചന്ദനക്കുടം ഘോഷയാത്രയ്ക്ക് ആചാരാനുഷ്ഠാനങ്ങളോടെ സ്വീകരണം ഉണ്ട്. വിവിധ കലാരൂപങ്ങൾ ചന്ദനക്കുടം ഘോഷയാത്രയിൽ അണിനിരക്കും. സി.എ.എം.കരീം, സി.യു.അബ്ദുൽകരിം, വി.പി.അബ്ദുൽകരിം, അൻസാരി പാടിക്കൽ, പി.എ.നിസാർ, സലീം കണ്ണങ്കര, നാസർ പനച്ചി, മിതുലാജ് തുടങ്ങിയവർ പങ്കെടുത്തു