പുതിയ പ്രതീക്ഷകളിൽ കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി: പുതുവത്സരം നാടിന്റെ പുതിയ വികസന പ്രവർത്തനങ്ങൾക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. കോവിഡും പ്രളയവും കാരണം പോയവർഷം വികസന മുരടിപ്പിന്റെ വർഷം കൂടിയായിരുന്നു. പ്രഖ്യാപിച്ച പല പദ്ധതികളും ഫണ്ടില്ലാത്തതിനാൽ നിർമാണത്തിലേക്ക് എത്തിയില്ല. പ്രളയക്കെടുതിയിൽ നശിച്ച റോഡുകളും പാലങ്ങളും ഇനിയും ഗതാഗത യോഗ്യമാക്കാനായിട്ടില്ല. കാഞ്ഞിരപ്പള്ളിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനായി പ്രഖ്യാപിച്ച ബൈപാസും പാതി നിർമാണം നടത്തിയ മിനി ബൈപാസും 2021-ലും നടപ്പായില്ല.
എന്നാൽ പുതുവർഷത്തിൽ പുതിയ പ്രതീക്ഷകളാണുള്ളത്. 1271 അപേക്ഷകളാണ് ലൈഫ് മിഷനിലൂടെ വീട് നിർമിച്ച് നൽകുന്നതിന് ലഭിച്ചിരിക്കുന്നത്. ഗ്രാമീണ റോഡുകൾ, കുടിവെള്ള പദ്ധതികൾ, ലൈഫ് ഭവനനിർമാണം തുടങ്ങിയ പദ്ധതികൾ എത്രയും വേഗം നടപ്പാക്കാനുള്ള പദ്ധതികൾ നടത്തിവരുകയാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ പറഞ്ഞു.
ബൈപാസ് ഉറപ്പ്
പുതുവർഷത്തിൽ കാഞ്ഞിരപ്പള്ളിക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ബൈപാസ് നിർമാണം. സ്ഥലത്തിന്റെ വില നിർണയിച്ച് സ്ഥലമുടമകൾക്ക് നോട്ടീസ് നൽകിയതായി ഡോ. എൻ. ജയരാജ് എം.എൽ.എ. പറഞ്ഞു. ഏഴ് മുതൽ സ്ഥലം ഉടമകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് കളക്ടറേറ്റിൽ യോഗം വിളിക്കും. ഭൂമി ഏറ്റെടുക്കുന്നിനുള്ള തുക അനുവദിച്ച് കിടക്കുന്നതാണ്. ഭൂമി ഏറ്റെടുത്ത് വിജ്ഞാപനം ഇറക്കിയശേഷം ടെൻഡർ നടപടികളിലേക്ക് കടക്കാനാകും. 2022-ൽ ബൈപാസ് നിർമാണം ഉറപ്പായിട്ടും ആരംഭിക്കാനാകുമെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ. പറഞ്ഞു.
സഹൃദയ വായനശാല കെട്ടിടം
കഴിഞ്ഞ വർഷമാണ് സഹൃദയ വായനശാലയ്ക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് പഴയകെട്ടിടം പൊളിച്ചുനീക്കിയത്. നിർമാണ ഉദ്ഘാടനം നടത്തിയെങ്കിലും കെട്ടിട നിർമാണം ആരംഭിച്ചില്ല. 2.57 കോടി രൂപ മുടക്കി പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികളായിട്ടുണ്ട്. നിലവിൽ പഞ്ചായത്തിന്റെ കുരിശുങ്കലിലുള്ള കെട്ടിടത്തിലാണ് വായനശാല പ്രവർത്തിക്കുന്നത്.
പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം
വർഷങ്ങൾ പഴക്കമുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി ഷോപ്പിങ് കോംപ്ലക്‌സ് ഉൾപ്പെടെ പുതിയ കെട്ടിടം നിർമിക്കാനാണ് പദ്ധതി. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് സമർപ്പിക്കുവാൻ സർവേ ആരംഭിച്ചു. ഡോ. എൻ.ജയരാജ് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്നും അനുവദിക്കുന്ന തുക ഉപയോഗിച്ചാകും നിർമാണം.
കംഫർട്ട് സ്റ്റേഷൻ തുറക്കും
പുറത്തുകൂടി മലിനജലമൊഴുകുന്നതിനാൽ അടച്ചിട്ടിരിക്കുന്ന ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ തുറക്കുന്നതിനായി പഞ്ചായത്തുവക സ്ഥലത്ത് മാലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും. 45 ലക്ഷം രൂപയുടെതാണ് പദ്ധതി. ഒരുതവണ ടെൻഡർ വിളിച്ചിരുന്നു. ശുചിത്വമിഷന്റെ അംഗീകാരം ലഭിച്ച കമ്പനികൾക്കാണ് കരാർ നൽകുക. ഒരു കമ്പനി മാത്രമാണ് ടെൻഡർ നൽകിയത്. റീ ടെൻഡറിനുള്ള നടപടികൾ നടന്നുവരുന്നു.