കഞ്ചാവുമായി യുവാവ് പിടിയിൽ
കാഞ്ഞിരപ്പള്ളി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 600 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ സജോ (31)യെയാണ് കാഞ്ഞിരപ്പള്ളി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
പട്ടിമറ്റം, മൂലംകുന്ന് ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങൾ സ്ഥലത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്ന് സജോയാണ് ഈ പ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതെന്ന് സൂചന ലഭിച്ചു. പലതവണ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിദഗ്ധമായി കടന്നുകളയുകയായിരുന്നു. തിങ്കളാഴ്ച ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് പട്ടിമറ്റത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽനിന്നു പിടികൂടുകയായിരുന്നു. മുന്പും ഇയാൾ കഞ്ചാവ് കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ നിർദേശപ്രകാരം സിഐ ഇ.കെ. സോൾജിമോന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടി.ഡി. മുകേഷ്, തോമസ് ജോസഫ്, എഎസ്്ഐമാരായ പ്രദീപ്, ബിജുമോൻ, ബേബിച്ചൻ, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, തോംസൺ കെ. മാത്യു, ശ്രീജിത്ത് ബി. നായർ, ഷമീർ, സമദ്, അജയകുമാർ, അരുൺ എസ്. എന്നിവരാണ് പ്രതിയെ പിടികൂടിയത്.
