ഇ-പോസ് യന്ത്രങ്ങൾ ത്രാസുമായി ബന്ധിപ്പിക്കുന്നു; റേഷൻ വ്യാപാരികൾ ആശങ്കയിൽ
: റേഷൻ കടകളിൽ ഇ-പോസ് യന്ത്രങ്ങൾ ത്രാസുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യ പൊതുഭരണ വകുപ്പ്. ഇതിനായി 26 കോടി രൂപ സർക്കാർ അനുവദിച്ചു. ത്രാസുമായി ബന്ധിപ്പിക്കാൻ വെയിങ് സ്കെയിൽ മെഷീൻ വാങ്ങാൻ ടെൻഡറും വിളിച്ചു. ആദ്യ ടെൻഡറിൽ ഒരാൾ മാത്രമാണു പങ്കെടുത്തത്. ഇതിനാൽ അടിയന്തരമായി വീണ്ടും ടെൻഡർ വിളിച്ചിരിക്കുകയാണ്. എന്നാൽ ത്രാസുമായി ഇ-പോസ് മെഷീനെ ബന്ധിപ്പിക്കുന്ന കാര്യത്തിൽ കടുത്ത ആശങ്കയിലാണ് ഒരുവിഭാഗം റേഷൻ വ്യാപാരികൾ.
മൂന്നുവർഷം മുമ്പ് ഇ-പോസ് മെഷീൻ വന്നപ്പോൾ മുതൽ ദിവസവും വിവിധ കാരണങ്ങളാൽ റേഷൻ മുടങ്ങാറുണ്ട്. കഴിഞ്ഞയാഴ്ച അടുപ്പിച്ച് മൂന്നുദിവസമാണ് നെറ്റ് വർക്ക് തകരാർ മൂലം റേഷൻ വിതരണം മുടങ്ങിയത്. ഇത്തരം സാഹചര്യത്തിലാണ് ത്രാസ് കൂടി ഇ-പോസുമായി ബന്ധിപ്പിക്കുന്നത്.
നിലവിൽ റേഷൻ കാർഡ് നമ്പർ ഇ-പോസിൽ കൊടുത്ത് ബിൽ അടിച്ചശേഷം സാധനങ്ങൾ തൂക്കിനൽകുകയാണ് റേഷൻ കടകളിൽ ചെയ്യുന്നത്. എന്നാൽ, ത്രാസുമായി ബന്ധിപ്പിക്കുന്നതോടെ തൂക്കിയശേഷമേ ബിൽ അടിക്കാനാകൂ. തൂക്കിക്കഴിഞ്ഞ് ബിൽ അടിക്കുമ്പോൾ തകരാർ മൂലം ഇതിനു കഴിഞ്ഞില്ലെങ്കിൽ അത്രയും നേരം ചെയ്ത ജോലികൾ വെറുതേയാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.
നെറ്റ് വർക്ക് തകരാറും സർവറിന്റെ പ്രശ്‌നവും ഇ-പോസ് മെഷീൻ വന്ന സമയം തൊട്ടുണ്ട്. കൂടെ ഒ.ടി.പി. കിട്ടാത്തതും ബയോമെട്രിക് സംവിധാനത്തിന്റെ പ്രശ്‌നവും. ഇത്തരം പ്രശ്‌നങ്ങൾക്കു പരിഹാരം കാണാതെ അടുത്ത ഘട്ടത്തിലേക്കു കടന്നാൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.
