കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജുകൾ 1000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നു; വിവിധ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ പദ്ധതികൾ പ്രഖ്യാപിച്ചു
കാഞ്ഞിരപ്പള്ളി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കും സാങ്കേതിക വ്യവസായ കുതിപ്പുകൾക്കും കരുത്തേകുന്നതും യുവസംരംഭകർക്ക് പ്രോത്സാഹനമേകുന്നതുമായ 1000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ .
അസോസിയേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ 14 എഞ്ചിനീയറിംഗ് കോളജുകളിലും ഇതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. 200 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍ വിവിധ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകളില്‍ പ്രവര്‍ത്തനനിരതവുമാണ്. ദേശീയ രാജ്യാന്തരതലത്തില്‍ കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയ്ക്ക് വന്‍നേട്ടവും സാങ്കേതിക ഗവേഷണരംഗത്ത് പുതുതലമുറയ്ക്കും പൊതുസമൂഹത്തിനും ഏറെ പ്രതീക്ഷകളും പ്രോത്സാഹനങ്ങളും നല്‍കുന്ന വിവിധ സാങ്കേതിക വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനം കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് നിര്‍വഹിച്ചു. കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചും സാങ്കേതികവളര്‍ച്ചാ പദ്ധതികളെക്കുറിച്ചും വിഷയാവതരണം നടത്തി.
കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാള്‍ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ. റോയി വടക്കന്‍, ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, മോണ്‍ തോമസ് കാക്കശ്ശേരി, മോണ്‍. വില്‍ഫ്രെഡ് ഇ., ഫാ. ജോണ്‍ വിളയില്‍, ഫ്രാന്‍സീസ് ജോര്‍ജ് എക്‌സ് എം.പി., ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. ജസ്റ്റിന്‍ ആലുങ്കല്‍, ഫാ. ജോണ്‍ പാലിയക്കര, ഫാ. ജോണ്‍ വര്‍ഗീസ്, ഫാ. ബിജോയ് അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍, കമ്മ്യൂണിറ്റി മിഷന്‍, രാജ്യാന്തര സാങ്കേതിക വിദ്യാഭ്യാസ ഏജന്‍സികളും വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയെ ഉയര്‍ത്തിയെടുക്കുവാനുള്ള കര്‍മ്മപരിപാടികള്‍ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.