വീട്ടുമുറ്റത്ത് വച്ച് കുറുക്കന്റെകടിയേറ്റ് രണ്ട് വീട്ടമ്മമാർക്ക് പരിക്ക്; മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി
എരുമേലി : കുറുക്കന്റെ ശല്യത്തിൽ പൊറുതി മുട്ടി നാട്ടുകാർ. അപ്രതീക്ഷിതമായ കുറുക്കന്റെ ആക്രമണത്തിൽ രണ്ട് വീട്ടമ്മമാരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹത്തേക്ക് ചാടി വീണ കുറുക്കനിൽ നിന്നും ഭാഗ്യം കൊണ്ട് ഒരു പെൺകുട്ടി പരിക്കുകളില്ലാതെ രക്ഷപെട്ടു.
എരുമേലിക്കടുത്ത് പേരൂർതോട് ഭാഗത്താണ് സംഭവം. ഉയരം കുറഞ്ഞ നായയുടെ മാതിരി രൂപത്തിലുള്ള കുറുക്കൻ ആണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പുത്തൻപുരയ്‌ക്കൽ നസീറിന്റെ ഭാര്യ ഷീജ (45) യെയും തുണ്ടിയിൽ രാധ (70) യെയുമാണ് കുറുക്കൻ ആക്രമിച്ച് പരിക്ക് ഏല്പിച്ചത്. ഷീജയെ വീടിന് മുമ്പിൽ വെച്ചാണ് കുറുക്കൻ ആക്രമിച്ചത്. മുഖത്തും കയ്യിലും കാലുകളിലും കടിയേറ്റ് പരിക്കുകളുണ്ട്. മകളുടെ നേർക്കും കുറുക്കൻ ചാടിവീണിരുന്നു. എന്നാൽ മകൾക്ക് പെട്ടന്ന് ഓടി രക്ഷപെടാനായി. വയോധികയായ രാധയുടെ കാലിലാണ് കുറുക്കൻ കടിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേർക്കും പ്രതിരോധ കുത്തിവെയ്പ്പും ചികിത്സയും നൽകി.
സമീപത്തെ വനത്തിൽ നിന്നുമാണ് കുറുക്കൻമാർ എത്തുന്നതെന്ന് പറയുന്നു. വനത്തിൽ കുറുക്കൻമാരുടെ എണ്ണം കൂടിവരികയാണ്. വനം വകുപ്പിൽ വിവരം അറിയിച്ച നാട്ടുകാർ അടിയന്തിര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഉപദ്രവകാരികളായ കുറുക്കൻമാരെ പിടികൂടിയില്ലെങ്കിൽ ഇനിയും പലരും ആക്രമണത്തിന് ഇരയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വനം വകുപ്പിൽ നിന്നും അന്വേഷണവും നടപടികളും സ്വീകരിക്കണമെന്ന് വാർഡ് അംഗം ഷാനവാസ് പുത്തൻവീട് ആവശ്യപ്പെട്ടു.