കുത്തിമറിച്ച പ്ലാവ് വൈദ്യുതിക്കമ്പിയിൽ വീണു ; ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

മുണ്ടക്കയം: വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. കോരുത്തോട് മൂഴിക്കൽ-പാറാംതോട് റോഡിൽ ഞായറാഴ്ച അർ ധരാത്രിയോടെയായിരുന്നു അപകടം. നാലുദിവസമായി പ്രദേശത്ത് കാട്ടാനയുടെ ശല്യം വ്യാപകമായിരുന്നു. കൊട്ടാരത്തിൽ ശശിയുടെ പുരയിടത്തിൽ നിന്ന രണ്ടു പ്ലാവ് ആന കുത്തിവീഴ്ത്തി. ഇത് സമീപത്തെ വൈദ്യുതികമ്പിയിൽ വീണു. പൊട്ടിവീണ കമ്പിയിൽനിന്ന് ആനയ്ക്ക് ഷോക്കേൽക്കുകയായിരുന്നു.

നാല്പതുവയസ്സ് പ്രായമുള്ള മോഴയാനയുടെ ജഡം പെരിയാർ ടൈഗർ റിസർവ് വെറ്ററിനറി സർജൻ ഡോ. അനുരാജ്, അഴുത റേഞ്ച് ഓഫീസർ ജ്യോതിഷ് ഒഴാക്കൽ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം ചെയ്തു. ജഡം ഉൾവനത്തിൽ രാത്രി വൈകി മറവുചെയ്തു. പ്രദേശത്ത് വനവുമായി അതിർത്തി തിരിച്ച് സൗരോർജവേലി സ്ഥാപിച്ചെങ്കിലും 400 മീറ്റർ പ്രദേശത്ത് വേലി സ്ഥാപിക്കാത്തതുമൂലമാണ് ആനകൾ കൃഷിഭൂമിയിലെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇടുക്കി വണ്ടിപ്പെരിയാറിൽ ഞായറാഴ്ച സമാനമായ രീതിയിൽ കുട്ടിയാന ഷോക്കേറ്റ് ചരിഞ്ഞിരുന്നു.

error: Content is protected !!