കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരത്ത് വെളിച്ചമില്ല; അപകട സാധ്യത കൂടി
കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയിൽ സിവിൽ സ്റ്റേഷനു മുൻപിലെ വളവിൽ രാത്രി വെളിച്ചമില്ല. ഇവിടെ പാതയോരത്തെ വഴിവിളക്കുകളും സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളും തെളിയുന്നില്ല. രാത്രി വ്യാപാര സ്ഥാപനങ്ങളും അടയ്ക്കുന്നതോടെ ഈ ഭാഗം ഇരുട്ടിലാകും.
വലിയ വളവും കൂടിയായ ഈ ഭാഗത്ത് രാത്രി അപകടങ്ങളും ഉണ്ടാകുന്നു. ഇരുചക്ര വാഹന യാത്രികരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. രാത്രി ഗതാഗതത്തിരക്ക് കുറയുമ്പോൾ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ പലപ്പോഴും റോഡിന്റെ മറുവശത്തേക്കു കടന്നെത്തുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 2 അപകടങ്ങൾ രാത്രി ഉണ്ടായി.
ഇവിടെ റോഡിൽ ഗതാഗത സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതും അപകടത്തിന് ഇടയാക്കുന്നു. അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം