കുറുക്കനോ…കുറുനരിയോപേരൂർത്തോട്ടിൽ രണ്ട് വീട്ടമ്മമാരെ വന്യജീവി ആക്രമിച്ചു
എരുമേലി: എരുമേലി വനമേഖലയുടെ അതിർത്തിപ്രദേശമായ പേരൂർത്തോട്ടിൽ രണ്ട് വീട്ടമ്മമാർക്ക് നേരേ വന്യജീവിയുടെ ആക്രമണം. കാഴ്ചയിൽ കുറുക്കനാണെന്ന് ജീവിയെ നേരിൽകണ്ടവർ. എന്നാൽ കുറുക്കനെന്നോ കുറുനരിയെന്നോ വനപാലകർക്ക് സ്ഥിരീകരണമില്ല. പേരൂർത്തോട് പുത്തൻപുരയ്ക്കൽ പി.ഒ. നസീറിന്റെ ഭാര്യ ഷീജ (35), തുണ്ടിയിൽ രാധ (69) എന്നിവരാണ് വന്യജീവിയുടെ ആക്രമണത്തിന് വിധേയരായത്. മുഖത്തും കൈകാലുകളിലും കടിയേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെയ്പ് നൽകി. ഷീജയുടെ മകൾ നെസ്‌രിയയ്ക്ക് (17) നേരേ ആക്രമണം ഉണ്ടായെങ്കിലും വസ്ത്രത്തിലാണ് കടിയേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് ആറരയോടെ മഴ സമയത്താണ് സംഭവം. പ്രദേശം എരുമേലി വനമേഖലയുടെ അതിർത്തിയാണ്. കാട്ടുപന്നികളുടെയും കുറുക്കന്റെയും സാന്നിധ്യമുണ്ടെങ്കിലും ആക്രമണം നേരിടേണ്ടിവന്നത് ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു.
തുണ്ടിയിൽ രാധയാണ് ആദ്യം ജീവിയുടെ ആക്രമണത്തിന് ഇരയായത്. ജീവിയെ പിടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് പേരൂർത്തോട് ജങ്ഷന് സമീപം ജീവി എത്തിയത്. ഷീജയുടെ വീട്ടുമുറ്റത്തെത്തിയ ജീവി മകൾ നെസ്‍രിയയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വസ്ത്രത്തിലാണ് കടിയേറ്റത്. മകളുടെ കരച്ചിൽകേട്ട് മുറ്റത്ത് എത്തിയ ഷീജയും ആക്രമണത്തിന് ഇരയാവുകയായരുന്നു. മുഖത്ത് ചാടിക്കടിച്ച മൃഗത്തെ കൈകൊണ്ട് തട്ടി മാറ്റുന്നതിനിടെ ഷീജ വീട്ടുമുറ്റത്തെ കൽക്കെട്ടിൽനിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു.