കൊച്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചുവെന്ന ആരോപണം : അന്യസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു ..

മുക്കൂട്ടുതറ : നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ തട്ടിപ്പുസംഘത്തിന്റെ പിടിയിൽ നിന്നും കൊച്ചുകുഞ്ഞിനെ രക്ഷിക്കുവാൻ സാധിച്ചത്തിന്റെ ആശ്വാസത്തിലാണ്‌ വെൺകുറിഞ്ഞി ഗ്രാമം.

രണ്ടുവയസുകാരനെ വീട്ടുമുറ്റത്ത് നിന്നും തട്ടിക്കൊണ്ടു പോയ നാടോടികളുടെ വേഷത്തിലുള്ള മധ്യപ്രദേശുകാരായ സ്ത്രീയെയും പുരുഷനെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയറുന്നു. വെള്ളിയാഴ്ച രാവിലെ മുക്കൂട്ടുതറയ്ക്ക് അടുത്ത് മണിപ്പുഴ വെൺകുറിഞ്ഞിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.

പുള്ളോലിക്കൽ കിരൺ, സൗമ്യ ദമ്പതികളുടെ മകൻ വൈഷ്ണവ് (രണ്ട് ) നെ യാണ് കയ്യിൽ പിടിച്ച് കൂടെക്കൂട്ടി നടത്തിക്കൊണ്ട് നാടോടികളായ സ്ത്രീയും പുരുഷനും പോകുന്നത് കണ്ട് നാട്ടുകാർ തടഞ്ഞുനിർത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്

മധ്യപ്രദേശുകാരായ ദിൻഡോറി മോഹതാരാ സ്വദേശി നങ്കുസിംഗ് (27), ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീ മധ്യപ്രദേശുകാരിയായ പിൻഖി പാഖ്ടല ഖർഗഹന സ്വദേശിനി ദുർവ്വേ (27) എന്നിവർ ആണ് അറസ്റ്റിലായത്. രാവിലെ വീട്ടുമുറ്റത്ത് മകൻ വൈഷ്ണവ് ചെറിയ സൈക്കിൾ ചവിട്ടി കളിക്കുന്നത് കണ്ട് അമ്മ സൗമ്യ വീട്ടുജോലിയിൽ മുഴുകിയപ്പോഴായിരുന്നു സംഭവം. ഭർത്താവ് കിരൺ വിദേശത്താണ്. സൗമ്യയും ഭർത്താവിന്റെ മാതാപിതാക്കളും വൈഷ്ണവും ആണ് വീട്ടിലുണ്ടായിരുന്നത്. വൈഷ്ണവിന്റെ ശബ്ദം കേൾക്കാതെ വന്നപ്പോൾ സംശയം തോന്നി വീട്ടുകാർ മുറ്റത്ത് നോക്കിയതോടെയാണ് കുട്ടിയെ കാണാതായത് അറിയുന്നത്. സൈക്കിൾ മറിഞ്ഞുവീണ നിലയിലായിരുന്നു. പരിസരത്ത് തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടില്ല.

എന്നാൽ നാടോടികളുടെ വേഷത്തിൽ അപരിചിതരായ ഒരു സ്ത്രീയും പുരുഷനും തങ്ങൾക്ക് ചിരപരിചിതനായ വൈഷ്ണവിനെ കയ്യിൽ പിടിച്ച് നടന്നുപോകുന്നത് കണ്ട നാട്ടുകാർക്ക് അപകടം മണത്തു. ഇവർ നാടോടികളെ തടഞ്ഞു വെച്ച ശേഷം ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിച്ചതോടെയാണ് തട്ടിക്കൊണ്ട് കടത്താനുള്ള ശ്രമം പരാജയപ്പെട്ടത്. പോലിസ് എത്തി നാടോടികളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. സംഭവം സംബന്ധിച്ച് വിശദമായി അന്വേഷണം ആരംഭിച്ചെന്ന് വെച്ചൂച്ചിറ പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജർലിൻ വി സ്കറിയ പറഞ്ഞു. നാടോടികൾക്കൊപ്പം ആരൊക്കെ ഉണ്ടെന്ന് അനേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകലിനും ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്ത് ആണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ അടുത്തുള്ള തോട്ടത്തിൽ പണിക്കുവന്ന തങ്ങൾ, റോഡിലൂടെ ഒരു കുട്ടി നടന്നു പോകുന്നത് കണ്ട്, കുട്ടിയുടെ വീട് കണ്ടുപിടിച്ചു വീട്ടിലെത്തിക്കുവാൻ ശ്രമിക്കുയായിരുന്നുവെന്നു പിടിയിലായ ദമ്പതികൾ പറഞ്ഞുവെങ്കിലും, ആരും മുഖവിലയ്‌ക്കെടുത്തില്ല.

error: Content is protected !!