ജില്ലാ പോലീസിനെ ഇനി കാർത്തിക് നയിക്കും
09/07/2022
• മികച്ച കുറ്റാന്വേഷണത്തിനുള്ള ബാഡ്ജ് ഓഫ് ഓണർ കെ.കാർത്തികിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു (ഫയൽചിത്രം)
കോട്ടയം: ജില്ലയിൽ പോലീസിനെ ഇനി കെ.കാർത്തിക് നയിക്കും. നിലവിൽ എറണാകുളം റൂറൽ എസ്.പിയാണ്. വിവിധ അഴിമതിക്കേസുകൾ അന്വേഷിച്ച് കഴിവുതെളിയിച്ച ഉദ്യോഗസ്‌ഥനാണ് കെ. കാർത്തിക്. 2019-ൽ കേരള പോലീസിലെ മികച്ച കുറ്റാന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്‌ജ് ഓഫ് ഓണർ നേടിയിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതി, മരട് ഫ്ലാറ്റ് നിർമാണത്തിലെ അപാകം, കൊച്ചിയിലെ അനധികൃത കെട്ടിടംനിർമാണം, കലാഭവൻ മണിയുടെ മരണം, ആലത്തൂരിലെ പട്ടികജാതി പട്ടികവർഗ കേസുകൾ തുടങ്ങി പ്രമാദമായ കേസുകളുടെ അന്വേഷണം നടത്തിയതിനാണ് അംഗീകാരം ലഭിച്ചത്.
2011 ബാച്ചിലെ കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്‌ഥനാണ് കെ. കാർത്തിക്. അണ്ണാ സർവകലാശാലയിൽനിന്ന് എൻജിനിയറിങ് ബിരുദം നേടിയ ഇദ്ദേഹം ചെന്നൈ സ്വദേശിയാണ്. പാലക്കാട് എ.എസ്.പി. ആയാണ് സർവീസ് ആരംഭിക്കുന്നത്.
തൃശ്ശൂർ സിറ്റി എ.സി.പി., കേരള ഗവർണറുടെ എ.ഡി.സി., വയനാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ റൂറൽ എസ്.പി. എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ (കെ. ബി.പി.എസ്.) സി.എം.ഡി.യായിരിക്കുമ്പോൾ കൃത്യസമയത്തിനുള്ളിൽ പാഠപുസ്‌തക അച്ചടി പൂർത്തിയാക്കി പ്രശംസനേടി. തൃശ്ശൂർ റൂറൽ എസ്.പി.യായിരിക്കെ പാസ്‌പോർട്ട് വേരിഫിക്കേഷനുള്ള കാലതാമസം കുറയ്‌ക്കുന്നതിന് ഇ.വി.ഐ.പി. സംവിധാനം കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. ഈ സംവിധാനമാണ് ഇപ്പോൾ സംസ്‌ഥാനത്ത് നടപ്പാക്കുന്നത്. പോലീസുകാർക്കെതിരേ ഗുണ്ടയുടെ ആരോപണങ്ങൾക്കു പിന്നാലെയാണ് പോലീസ് മേധാവിയായിരുന്ന ഡി. ശിൽപ്പയെ സ്‌ഥലംമാറ്റിയിരിക്കുന്നത്.