കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിൽ ഐക്യദാര്‍ഢ്യ റാലി: കാഞ്ഞിരപ്പള്ളി ജനസാഗരമായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി- എസ് എം വൈ എം നേതൃത്വത്തില്‍ രൂപതയിലെ എല്ലാ സംഘടനകളുടെയും സഹകരണത്തില്‍ നടത്തപ്പെട്ട ഐക്യദാര്‍ഢ്യ റാലി ജനസാഗരമായി. ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനും നേര്‍ക്ക് ചില തല്‍പ്പര കക്ഷികള്‍ നടത്തുന്ന ഗൂഢ നീക്കങ്ങള്‍ക്കെതിരെ നടത്തപ്പെട്ട റാലി കത്തോലിക്ക കോണ്‍ഗ്രസ്സ് രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍, യുവദീപതി രൂപത പ്രസിഡണ്ട് സനു പുതുശ്ശേരി എന്നിവര്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ പള്ളിയങ്കണത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡണ്ടുമാരായ ഡെന്നി കൈപ്പനാനി, രാജേഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പതാക കൈമാറിയത്.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ മരണമടഞ്ഞ ശ്രദ്ധ സതീഷിനെ സ്മരിച്ചു കൊണ്ടുളള പ്രാര്‍ത്ഥനയോടെ ആരംഭിച്ച റാലി കാഞ്ഞിരപ്പള്ളി ടൗണ്‍ചുറ്റി പേട്ടക്കവലയ്ക്ക് സമീപമുള്ള ഗ്രൗണ്ടില്‍ സമാപിച്ചു. പൊതുസമൂഹത്തിന് നേരെയുള്ള സംഘടിത നീക്കം ചെറുക്കപ്പെടേണ്ടതാണെന്നും എല്ലാവര്‍ക്കും ആത്മാഭിമാനത്തോടെ സ്വസ്ഥതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശമാണ് പങ്കു വയ്ക്കപ്പെട്ടത്. ഒരു സമൂഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും അവരെ പിന്തുടര്‍ന്ന് തകര്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ മര്യാദയല്ല. രാഷ്ട്ര നിയമങ്ങളെ ആദരിക്കുകയും ബഹുസ്വരതയെ അംഗീകരിക്കുകയും ചെയ്യുന്നതിന് എല്ലാ പൗരന്മാര്‍ക്കും കടമയുണ്ട് ഇതിനു വിപരീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് പൊതുസമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നവരെ ആര്‍ജ്ജവത്തത്തോടെ നേരിടുമെന്നും സമാപന സന്ദേശങ്ങള്‍ വ്യക്തമാക്കി. വിശ്വാസത്തിനും ധാര്‍മ്മികതയ്ക്കും വിരുദ്ധമായതും പൊതുസമൂഹത്തെ തകര്‍ക്കുന്നതുമായ വെല്ലുവിളികളെ ധൈര്യപൂര്‍വ്വം നേരിടുമെന്ന് സമൂഹം ഏറ്റുപറഞ്ഞ പ്രതിജ്ഞാ വാചകം കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കല്‍ ചൊല്ലിക്കൊടുത്തു.

കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, ചങ്ങനാശ്ശേരി അതിരൂപത ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, രൂപത പ്രസിഡണ്ട് ജോമി കൊച്ചു പറമ്പില്‍, എസ്. എം. വൈ . എം ഗ്ലോബല്‍ പ്രസിഡണ്ട് സാം ഓടയ്ക്കല്‍, രൂപത പ്രസിഡണ്ട് സനു പുന്നയ്ക്കല്‍, പെരുവന്താനം ഫൊറോന വൈസ് പ്രസിഡന്റ് അലോക ബെന്നി എന്നിവര്‍ സന്ദേശങ്ങള്‍ നല്കിയ സമ്മേളനത്തില്‍ രൂപതയിലെ എല്ലാ ഇടവകകളെയും പ്രതിനിധീകരിച്ചുള്ള വിശ്വാസികള്‍, വൈദികര്‍, സന്യസ്തര്‍, സംഘടനാ പ്രതിനിധികള്‍, വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കുചേര്‍ന്നു. സണ്ണിക്കുട്ടി അഴകമ്പ്രായില്‍, അരുണ്‍ ആക്കാട്ട്, സിനി ജിബു നീറണാകുന്നേല്‍, മനോജ് കല്ലുകളം, ജോസ്മി മണിമല, അലന്‍ കാരക്കാട്ട്, ഫാ.മാത്യു പാലക്കുടി, ഫാ. വര്‍ഗ്ഗീസ് കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

error: Content is protected !!