ഇനി ഞങ്ങളും മലയാളികൾ … മുക്കുട്ടുതറ ഗവ: വെൽഫെയർ യുപി സ്കുളിൽ ഇത്തവണ അതിഥി തൊഴിലാളികളുടെ ഏഴു മക്കൾ ഒന്നാം ക്ലാസ്സിൽ ചേർന്നു.
എരുമേലി : അതിഥികൾ ആതിഥേയരാകുന്നു.. അതിഥി തൊഴിലാലാളികൾ കേരളത്തിൽ വേരുറപ്പിക്കുന്നു. ബംഗാളികൾക്ക് കേരളം വളരെയേറെ ഇഷ്ട്ടപെട്ടു എന്നതിന്റെ തെളിവാണ് അവരുടെ കുട്ടികളെ കേരളത്തിലെ മലയാളം മീഡിയം സ്‌കൂളിൽ ചേർത്ത് കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിൽ പഠിപ്പിക്കുന്നത് . മലയോര മേഖലയായ മുക്കുട്ടുതറയിലെ പനയ്ക്കവയൽ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഗവ: വെൽഫെയർ യുപി സ്കുളിലാണ് ബംഗാളിൽ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഏഴു മക്കൾ മലയാള ഭാഷ പഠിക്കുവാൻ പുതിയതായി എത്തിയിരിക്കുന്നത്.
പശ്ചിമ ബംഗാൾ സ്വദേശിനികളായ നവ്യ സാക്രി, റിസിക ബൈദ്യ എന്നിവരും അസമിൽ നിന്നുമുള്ള ബിദ്യുത് മുണ്ടയുമാണ് ഈ വർഷം ഒന്നാം ക്ലാസ് പ്രവേശനത്തിനെത്തിയത്. 95 വിദ്യാർഥികൾ പഠിക്കുന്ന ഈ സ്‌കൂളിൽ, ഈ വർഷം പുതിയതായി ഒന്നാം ക്ലാസ്സിൽ ചേർന്ന 7 കുട്ടികൾ ഉൾപ്പെടെ അതിഥി തൊഴിലാലാളികളുടെ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട് .
ആസമിൽ നിന്നുമുള്ള ദീപാവലി രണ്ടാം ക്ലാസിലും രാഗേഷ് മുണ്ട മൂന്നാം ക്ലാസിലും പശ്ചിമ ബംഗാളിൽ നിന്നുമുള്ള രഹ്ന പർവിൻ രണ്ടാം ക്ലാസിലും ആരിഫ് അക്തർ അലി നാലാം ക്ലാസിലും പഠിക്കുവാനെത്തുന്നുണ്ട്.
അതിഥി തൊഴിലാളികളുടെ മക്കൾ എല്ലാവരും മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ടെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് പി വർഗീസ് പറഞ്ഞു. കേരളത്തിൽ ജോലിക്കെത്തിയ മാതാപിതാക്കൾക്കൊപ്പം കേരളത്തിലെത്തിയവരാണ് വിദ്യാർത്ഥികളായ ഏഴു പേരും. ചില കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റില്ല. ജാതി തെളിയിക്കുന്ന രേഖകൾ നൽകാത്തതു കൊണ്ടു് അർഹമായ ആനുകൂല്യങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണു്. നാലാം ക്ലാസ് വിദ്യാർത്ഥിയായ ആരിഫ് അക്തർ അലി പഠനത്തിൽ ഒന്നാമനാണ്. ഉപജില്ല പ്രവൃത്തി പരിചയമേളയിൽ നെറ്റ് നിർമ്മാണത്തിനുള്ള ഒന്നാം സ്ഥാനവും ആരിഫിനായിരുന്നു.
അതിഥി തൊഴിലാളികളുടെ മക്കൾ വിദ്യാഭ്യാസത്തിനെത്തുന്ന ഈ സ്കൂളിൽ സർവ്വശിക്ഷ അഭിയാൻ സ്റ്റാർസ് മാതൃകാ പ്രീ പ്രൈമറി വർണ്ണ കൂടാരം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.ശിശു സൗഹൃദ മനോഹരമാക്കിയ കളിസ്ഥലം, ഫർണിച്ചറുകൾ, കളി പാട്ടങ്ങൾ, ടൈൽ പാകിയ മുറ്റം, പൂന്തോട്ടം, അക്വേറിയം, മഴവെള്ള ശിൽപങ്ങൾ, ഗണിതയിടം, കരകൗശലയിടം, കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്ക്കാരയിടം, പൂന്തോട്ടം, കാട്ടിലെ മൃഗങ്ങളെ ശിൽപങ്ങളാക്കിയുള്ള നിർമ്മിച്ച കൂടാരം തുടങ്ങിയവ ഈ സ്കൂൾ വളപ്പിൽ സജ്ജമാക്കിയിട്ടുണ്ട്. സി. സി . ടി.വി അടക്കമുള്ള സുരക്ഷാ മാർഗ്ഗവുമുണ്ട്. അതിഥി തൊഴിലാളികളുടെ അടക്കം 95 വിദ്യാർഥികൾ ഇവിടെ പഠനത്തിനെത്തുന്നുണ്ട്.സ്കൂളിന് 15 സെൻ്റ് സ്ഥലം മാത്രമേയുള്ളു.പുതിയ ബഹുനില കെട്ടിടം ഉണ്ടാകേണ്ടതുണ്ട്. 2016ൽ ഇവിടെ ഒൻപതു കുട്ടികൾ മാത്രമേ പoനത്തിന് എത്തിയിരുന്നുള്ളു.പ്ലേസ് കൂൾ പ്രവർത്തിപ്പിച്ചാണു് ഇവിടെ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിച്ചത്.