കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 23/07/2024

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, ഇന്നത്തെ സിനിമ, പരാതികൾ ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ …

സ്‌കൂട്ടറിനും കാറിനും പിന്നില്‍ ബൈക്കുകള്‍ ഇടിച്ചു. വീട്ടമ്മയ്ക്ക് പരിക്കേറ്റു.

ഇളങ്ങുളം: പാലാ പൊൻകുന്നം- റോഡിൽ കൂരാലിയിൽ ഇളങ്ങുളം ബാങ്കിന് മുന്‍പില്‍ സ്‌കൂട്ടറിനും കാറിനും പിന്നില്‍ ബൈക്കുകള്‍ ഇടിച്ചു. സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്ത ഇളങ്ങുളം എസ്.എൻ.ഡി.പി.പടിക്ക് സമീപം താമസിക്കുന്ന കാവാലിമാക്കൽ മുഹമ്മദ് ബഷീറിന്റെ ഭാര്യ ഷൈലജ ബഷീർ(55)ന് പരിക്കേറ്റു.ഇവരെ ചേർപ്പുങ്കലിൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.മകൾ ഷേർമി (32) നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടം കണ്ട് ഇവിടെ നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു ബൈക്ക് വന്നിടിച്ചു. ഇരു ബൈക്കിലേയും യാത്രികര്‍ക്ക് പരിക്കില്ല.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു അപകടം. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു

അനുജനെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയ ആദിശേഷന്റെ ധീരതയ്ക്ക് സ്‌കൂളിന്റെ അനുമോദനം

ഇളങ്ങുളം ഹൈവേയിലെ വാഹനത്തിരക്കിലേക്ക് ഓടിക്കയറിയ ഒന്നരവയസ്സുകാരനെ വാഹനങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തിയ ഒൻപതുവയസ്സുകാരൻ സഹോദരന് വിദ്യാലയത്തിന്റെ അനുമോദനം. രക്ഷാപ്രവർത്തനം നടത്തിയ ഇളങ്ങുളം ശാസ്താദേവസ്വം കെ.വി.എൽ.പി. ജി.സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥി ആദിശേഷനെ സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എ.യും ചേർന്ന് അനുമോദിച്ചു. ശാസ്താ ദേവസ്വം സെക്രട്ടറി സുനിൽകുമാർ കാഞ്ഞിരമുറ്റം പുരസ്‌കാരം നൽകി. പ്രഥമാധ്യാപിക ജി. ജിജി, പഞ്ചായത്തംഗവും പി.ടി .എ. പ്രസിഡൻറുമായ അഖിൽ അപ്പുക്കുട്ടൻ, സുജാതാദേവി, ഇ.എസ്. നന്ദഗോപൻ എന്നിവർ പ്രസംഗിച്ചു.

തപാൽവകുപ്പ് ജീവനക്കാരായ പൊൻകുന്നം അട്ടിക്കൽ മരുതുംവേലിൽ സന്തോഷിന്റെയും വിനുവിന്റെയും മകനാണ് ആദിശേഷൻ. ഒന്നരവയസ്സു ള്ള ശിവശങ്കരൻ, ഹരിഗോവിന്ദ് എന്നീ ഇരട്ടക്കുട്ടികൾ കൂടിയുണ്ടിവർക്ക്. കഴിഞ്ഞദിവസം വൈകീട്ട് കുസൃതികാട്ടി ഹരിഗോ
വിന്ദ് വീട്ടുമുറ്റത്തുനിന്ന് 50 മീറ്റ റോളം അകലെ പുനലൂർ-മൂവറ്റുപുഴ ഹൈവേയിലേക്ക് ഓടി കയറി. കർക്കടകമാസദർശന ത്തിനായി പോകുന്ന ശബരി മലതീർഥാടകരുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ നിരനിരയായി ഓടുന്ന റോഡിലേക്കുള്ള ഹരിഗോവിന്ദിന്റെ അപ്രതീക്ഷിത ഓട്ടം കണ്ടുനിന്നവരെ സ്‌തബ്‌ധരാക്കി. എന്നാൽ ആദിശേഷൻ വാഹനത്തിരക്കിനെ മറികടന്ന് ഹൈവേയിൽനിന്ന് അനുജനെ വാരിയെടുത്ത് രക്ഷിക്കുകയായിരുന്നു.

കുട്ടികളുടെ സമരം വിജയിച്ചു : പഞ്ചായത്ത്‌ ഭരണസമിതി ഇടപെട്ട് എരുമേലി നിർമല സ്കൂളിലെ റോഡ് ശരിയാക്കി; അഭിനന്ദനങ്ങൾ ..

എരുമേലി : തകർന്ന് അപകടത്തിലായ സ്കൂൾ റോഡ് നന്നാക്കാൻ പ്രതിഷേധ സമരം നടത്തിയ വിദ്യാർത്ഥികൾക്ക് മുന്നിൽ ജനപ്രതിനിധികൾ കണ്ണ് തുറന്നു. റോഡിന്റെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് പരാതി പരിഹരിച്ചു അധികൃതർ. എരുമേലി സെന്റ് തോമസ് – നേർച്ചപ്പാറ റോഡിന്റെ തുടക്കത്തിലുള്ള തകർന്ന ഭാഗം ആണ് കോൺക്രീറ്റ് ചെയ്തത്. നിർമല സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ച് പഞ്ചായത്ത്‌ ഓഫിസിലും പോലിസ് സ്റ്റേഷനിലും എത്തി പരാതി നൽകിയിരുന്നു. ഒപ്പം ജില്ലാ കളക്ടർക്കും പരാതികൾ അയച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ ആരംഭിച്ച പണികൾ വൈകിട്ട് പൂർത്തിയായി. ഇനി ഏതാനും ദിവസത്തേക്ക് റോഡ് അടച്ചിടും. കോൺക്രീറ്റ് പൂർണമായി ഉറച്ച ശേഷം ഗതാഗതം ആരംഭിക്കും. വലിയ കുഴികളായി മാറി റോഡിന്റെ തുടക്ക ഭാഗം തകർന്ന നിലയിൽ അപകട സാധ്യതയിലായിരുന്നു.
നിർമല പബ്ലിക് സ്കൂൾ, സെന്റ് തോമസ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ, എൽ പി സ്കൂൾ, യു പി വിഭാഗം, എൽകെജി വിഭാഗം, ജീവൻ ജ്യോതി സ്പെഷ്യൽ സ്കൂൾ എന്നീ വിദ്യാലയങ്ങളിലായി മൊത്തം രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ ആണ് പഠിക്കാൻ എത്തുന്നത്. സമീപത്തുള്ള അസംപ്ഷൻ ഫൊറോന പള്ളിയിലേക്കുമുള്ള പ്രധാന റോഡ് കൂടിയാണിത്.

നിവേദനങ്ങൾ നൽകിയിട്ടും റോഡ് നന്നാക്കാൻ നടപടികളായിരുന്നില്ല. തുടർന്നാണ് നിർമല സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ച് പഞ്ചായത്ത്‌ ഓഫിസിലും പോലിസ് സ്റ്റേഷനിലും എത്തി പരാതി നൽകിയത്. ഒപ്പം ജില്ലാ കളക്ടർക്കും പരാതികൾ അയച്ചു. ഇതോടെയാണ് പഞ്ചായത്ത്‌ ഭരണസമിതി ഇടപെട്ട് ദുരന്ത നിവാരണ സ്കീമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിച്ചത്. നടപടികൾ സ്വീകരിച്ച പഞ്ചായത്ത്‌ അധികൃതർക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൻസി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ, പിറ്റിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ നന്ദി അറിയിച്ചു.

MMT ഹോസ്പിറ്റലിൽ പുതുതായി നിർമിച്ച മദർ & ചൈൽഡ് കെയർ സെന്റർ നാടിനായി സമർപ്പിച്ചു

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നവീകരിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മദർ & ചൈൽഡ് കെയർ വിഭാഗം മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് പൊങ്ങന്താനം തിങ്കളാഴ്ച ആശിർവദിച്ച് നാടിനായി സമർപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഗൈനക്കോളജി വിഭാഗവും, നവജാതശിശുക്കളുടെയും കുട്ടികളുടെയും പരിപാലനത്തിനായി തീവ്ര പ്രചരണ വിഭാഗവും, ലേബർ റൂം, ലേബർ ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് കെയർ എന്നിവ അടങ്ങിയ ഗൈനക്കോളജി വിഭാഗം ആണ് പ്രവർത്തനം ആരംഭിച്ചത്.

                 മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് MMT ഹോസ്പിറ്റൽ ലക്ഷ്യം വെക്കുന്നത്. മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് പൊങ്ങന്താനം, വി കെയർ ഡയറക്ടർ ഫാദർ റോയ് വടക്കേൽ, MMT ഡയറക്ടർ ഫാദർ സോജി തോമസ് കന്നാലിൽ, MMT അഡ്മിനിസ്ട്രേറ്റർ ഫാദർ ദിപു പുത്തൻപുരയ്ക്കൽ, MMT അസിസ്റ്റന്റ് ഡയറക്ടർ ഫാദർ സിജു ഞള്ളിമാക്കൽ, MMT ഡോക്ടർസ്, മറ്റു MMT കുടുംബാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പുതിയ മദർ & ചൈൽഡ് കെയർ വിഭാഗം പ്രവർത്തനം ആരംഭിച്ചു.

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

എരുമേലി : പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണുണ്ടായ അപകടത്തിൽ ഗുരുതര പരുക്കുകളുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. എരുമേലി താഴത്തുവീട്ടിൽ നിഷാദ് (37) ആണ് മരിച്ചത്. ഖബറടക്കം നടത്തി.

കഴിഞ്ഞ ദിവസം എരുമേലിയിൽ സ്വകാര്യ കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലിക്കിടയിൽ ആണ് അപകടമുണ്ടായത്. ഭാര്യ ഐഷ.

എരുമേലി സഹകരണ ബാങ്ക് തിര‍ഞ്ഞെടുപ്പ് കേരള കോൺഗ്രസ് (എം), കോൺഗ്രസ് സംയുക്ത പാനലിന് വിജയം


എരുമേലി ∙ എരുമേലി സഹകരണ ബാങ്ക് തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിനെതിരെ കേരള കോൺഗ്രസ് (എം), കോൺഗ്രസ് സംയുക്ത പാനലിനു വൻ വിജയം. കേരള കോൺഗ്രസ് (എം) നേതാവും ബാങ്ക് മുൻ പ്രസിഡന്റ് സഖറിയാ ഡൊമിനിക് ചെമ്പകത്തുങ്കൽ കൺവീനറായി നയിച്ച കേരള കോൺഗ്രസ് (എം), കോൺഗ്രസ് സ്ഥാനാർഥികൾ ഉൾപ്പെട്ട ബാങ്ക് സഹകരണ മുന്നണി പാനലിന് എതിരെയാണ് മുന്നണി സമവാക്യങ്ങൾ വിട്ട് സിപിഎം നേതൃത്വം നൽകുന്ന സഹകരണ മുന്നണി മത്സരിച്ചത്.

കേരള കോൺഗ്രസ് എം, കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച പാനലിനു ലഭിച്ചതിന്റെ പകുതി വോട്ടിൽ താഴെ വോട്ടാണ് സഹകരണ മുന്നണി പാനലിനു ലഭിച്ചത്. ബാങ്ക് സഹകരണ മുന്നണിയിൽ കേരള കോൺഗ്രസിൽ (എം)ൽ നിന്നു 3 പേരും കോൺഗ്രസിൽ നിന്ന് 2 പേരും ഉൾപ്പെടുന്നു. വിജയികൾ: അബ്ദുൽ റസാക്ക്, ബെന്നി ജോസഫ്, സിഎഎം കരീം, കെ. സുശീൽകുമാർ, റെജി ജോൺ (ജനറൽ വാർഡ്), അന്ന എൽസ ആന്റണി, എം.എ. ത്രേസ്യാമ്മ (വനിതാ മണ്ഡലം), പി. സുരേന്ദ്രൻ (എസ്‌സി എസ്‌‌ടി വാർഡ്), ഗൗതം അനിൽ (40 വയസ്സിൽ താഴെ ജനറൽ), എ.കെ. അനീഷ (40 വയസ്സിൽ താഴെ വനിത), ഡൊമിനിക് ജോബ് (നിക്ഷേപ മണ്ഡലം).

എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ  11 അംഗ ഭരണസമിതിയിലേക്ക് മത്സരിച്ച്  വിജയിച്ചവരുടെ പേരും ലഭിച്ച വോട്ടും എതിരെ മത്സരിച്ച ഇടതുപക്ഷ സഹകരണ മുന്നണി സ്ഥാനാർത്ഥികളുടെ പേരും ലഭിച്ച വോട്ടും ചുവടെ.

അബ്ദുള്‍ റസാക്ക് – 1319, ബെന്നി ജോസഫ്- 1286, സി എ മുഹമ്മദ് അബ്ദുള്‍ കരീം – 1323, സുശീല്‍ കുമാര്‍ കെ- 1325, റെജി ജോണ്‍ – 1228, അന്ന എല്‍സ ആന്റണി – 1336, ത്രേസ്യാമ്മ എം എ – 1321, പി സുരേന്ദ്രന്‍ – 1421, ഗൗതം അനില്‍ – 1318, അനീഷ എ കെ – 1390, ജോബ് ഡൊമനിക് – 1401.

ഇടത് മുന്നണി പാനലില്‍ മത്സരിച്ചവര്പിരും ലഭിച്ച വോട്ടും പി  കെ അബ്ദുള്‍ റസാക്ക് – 553, റ്റി എസ് കൃഷ്ണകുമാര്‍ – 572, തങ്കച്ചന്‍ പി പി – 462, വിനോദ് വി എന്‍ 422, സലിം കെ എച്ച്- 453, ജസ്‌ന നജീബ് – 619, രജനി – 459, രജേഷ് പി ആര്‍ – 523, അഖില്‍ കെ ഒ- 501, ആന്‍സി ഐസക് – 480, ഹസ്സന്‍കുഞ്ഞ് പി എം – 543.  സ്വതന്ത്രനായി മത്സരിച്ച റ്റി  ഏണസ്റ്റ് 49 വോട്ട് നേടി.

32 വർഷം എരുമേലി സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയിൽ സേവനം ചെയ്ത ചെമ്പകത്തുങ്കൽ കറിയാച്ചൻ അപൂർവ നേട്ടത്തോടെ പടിയിറങ്ങുന്നു

എരുമേലി ∙ 32 വർഷം തുടർച്ചയായി ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റായി തുടരുക എന്ന അപൂർവ നേട്ടത്തോടെയാണ് എരുമേലി സഹകരണ ബാങ്ക് പ്രസിഡന്റ് സഖറിയാസ് ഡൊമിനിക് ചെമ്പകത്തുങ്കൽ (കറിയാച്ചൻ) പടിയിറങ്ങുന്നത്. 3 തവണയിൽ കൂടുതൽ സഹകരണ ബാങ്ക് പ്രസിഡന്റായി തുടരുന്നതിനു നിയമതടസ്സം വന്നതോടെ സഖറിയാസ് ഡൊമിനിക്കിന് ഇത്തവണ മത്സര രംഗത്തുനിന്ന് പിന്മാറേണ്ടിവന്നു. എങ്കിലും അദ്ദേഹം കൺവീനറായി മുന്നോട്ടു വച്ച പാനലാണ് ഇത്തവണയും വൻ വിജയം നേടിയത്.

1,50,000 അംഗങ്ങളും 100 കോടിയിൽപരം രൂപയുടെ നിക്ഷേപവുമുള്ള ബാങ്കാക്കി എരുമേലി സഹകരണ ബാങ്കിനെ മാറ്റിയെടുത്തതിനു പിന്നിൽ പ്രധാനമായും സഖറിയാസിന്റെ കരങ്ങൾ ആണ്. 1992ൽ ബാങ്ക് ഭരണ സമിതി പ്രസിഡന്റായി സഖറിയാസ് ഡൊമിനിക് സ്ഥാനം ഏറ്റ ശേഷമാണ് നിലവിലുള്ള ബാങ്ക് കെട്ടിടം സ്ഥാപിച്ചത്. കോവിഡ് കാലത്തും നോട്ട് നിരോധന കാലത്തും സഹകരണ ബാങ്ക് പ്രതിസന്ധി കാലത്തും ബാങ്കിനെ തളരാതെ മുന്നോട്ടുകൊണ്ടുപോയി.

ലോട്ടറിയുടെ നമ്പർ തിരുത്തി വിൽപനക്കാരിയിൽ നിന്നു പണം തട്ടി

ഇന്നലെ മുണ്ടക്കയം ടൗണിൽ ലോട്ടറി വിൽപ്പന നടത്തുന്ന കള രിക്കൽ ഓമനയ്ക്ക് നഷ്ടമായത് 2300 രൂപ. സംശയത്തിന് ഇടവരാ ത്ത രീതിയിലുള്ള പെരുമാറ്റമാണ് തട്ടിപ്പ് നടത്തിയ യുവാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഓമന പറയുന്നു. ടിക്കറ്റ് എടുക്കാനെന്ന വ്യാജേന എത്തി യ യുവാവ് തലേദിവസത്തെ പ്രൈസ് നമ്പർ ചോദിച്ചു. റിസൾട്ട് കാണിച്ചപ്പോൾ 500 രൂപ പ്രൈ സ് അടിച്ചിട്ടുള്ള നാല്‌ ടിക്കറ്റുകൾ തന്റെ പക്കലുണ്ടെന്ന് യുവാവ് പറയുകയായിരുന്നു. ഇതിന് പകരമായി ഓമനയുടെ കൈയിലുണ്ടായിരുന്ന 1300 രൂപയുടെ ലോട്ടറി ടിക്കറ്റും ആയിരം രൂപയും യുവാവ് കൈപ്പറ്റുകയായിരുന്നു. ചില്ലറ മാറി ബാക്കി 300 രൂപ തരാമെന്ന് പറഞ്ഞു പോയ യുവാവിനെ കാണാതായതോടെയാണ് ഓമനയ്ക്ക് സംശയം തോന്നിയത്. പിന്നീട് നടത്തിയ പരിശോധനയിൽ പ്രൈസ് അടിച്ചതെന്ന് പറഞ്ഞ് തനിക്ക് തന്ന ടിക്കറ്റ് പെൻസിൽ ഉപയോഗിച്ച് തിരുത്തിയ ലോട്ടറി ടിക്കറ്റാണെന്ന് മനസിലായത്.

മേഖലയിലെല്ലാം യുവാവിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഓമന പറഞ്ഞു.

ജിയോ ലാബ് ഉദ്ഘാടനം 25ന്

മുരിക്കുംവയൽ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലയിൽ ആദ്യത്തെ ജിയോ ലാബ് 25ന് ഉദ്ഘാടനം ചെയ്യും. എസ്എസ്കെ ഫണ്ട് വിനിയോഗിച്ചാണ് സ്കൂളിൽ ലാബ് നിർമിച്ചത്. പഠനം എളുപ്പമാക്കുന്നതിനും ഭൂമി, നക്ഷത്രങ്ങൾ എന്നിവയെ പറ്റി കുട്ടികൾക്കു പഠനം നടത്തുന്നതിനും സൗകര്യം ഒരുക്കി ആധുനിക സൗകര്യങ്ങളോടെയാണു ലാബ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് കെ.ടി.സനിൽ അധ്യക്ഷത വഹിക്കും.

പി.ടി.അനൂപ് വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ്

മണിമല ∙ വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ പി.ടി.അനൂപിനെ തിരഞ്ഞെടുത്തു. പഞ്ചായത്തിലെ 13 അംഗ ഭരണ സമിതിയിൽ അനൂപിന് 7 വോട്ടും എതിർ സ്ഥാനാർഥി ബിജെപിയിലെ പി.രാധാകൃഷ്ണന് 3 വോട്ടും ലഭിച്ചു. 2 കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രയും തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. എൽഡിഎഫ് മുന്നണി മുൻ ധാരണ പ്രകാരം സിപിഎമ്മിലെ ടി.എസ്.ശ്രീജിത്ത് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. മുണ്ടത്താനം ലിറ്റിൽ ഫ്ലവർ സ്കൂളിലെ അധ്യാപകനാണ് അനൂപ്. പഞ്ചായത്ത് ഒന്നാം വാർഡ് (കാടംകുളം) അംഗമാണ്.

ലയൺസ് ക്ലബ് സ്ഥാനാരോഹണം

മണിമല ∙ സെൻട്രൽ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഭാരവാഹികൾ : സിജോ ജോസഫ് പുതുപ്പറമ്പിൽ (പ്രസിഡന്റ്), ടോം ജോർജ് അഴകത്തുപറമ്പിൽ (സെക്രട്ടറി).

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

മുണ്ടക്കയം ∙ യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി വണ്ടൻപതാൽ ബത്‌ലഹം ആശ്രമത്തിൽ കുട്ടികൾക്കൊപ്പം ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റെമിൻ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, അച്ചു ഷാജി, ട്വിൻസ് കല്ലുപുരയ്ക്കൽ, ബാരിക്ക് നിഷാദ്, സുഭാഷ്, കെ.എസ്.രാജു, വി.ടി.അയൂബ് ഖാൻ, സെബാസ്റ്റ്യൻ ചുള്ളിത്തറ, ഷീബ ദിഫയിൻ, സൂസമ്മ മാത്യു, അരുൺ കൊക്കാപ്പള്ളി, രഞ്ജിത്ത് കുര്യൻ, സിയാദ് കൂട്ടിക്കൽ, ജോസിൻ ആനിത്തോട്ടം, പി.കെ.സുധാകരൻ, ദിഫൈൻ മുളങ്കയം എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥിനിയുടെ ചികിത്സയ്ക്കായി തുക സമാഹരിച്ചു

കാഞ്ഞിരപ്പള്ളി ∙ മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗം ബാധിച്ച ഡിഗ്രി വിദ്യാർഥിനിയുടെ ചികിത്സയ്ക്കായി ജനകീയ സമിതി തുക സമാഹരിച്ചു. ചികിത്സയ്ക്ക് ആവശ്യാനുസരണം തുക നൽകുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു. ഒരാഴ്ച കൊണ്ട് 7.89 ലക്ഷം രൂപയാണ് സമാഹരിച്ചത്. ചിറക്കടവ് പഞ്ചായത്തിലെ 6, 7, 8 വാർഡുകളിൽനിന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 21-ാം വാർഡിൽ നിന്നുമാണ് ഫണ്ട് സ്വരൂപിച്ചത്. ആവശ്യത്തിനുള്ള തുക ലഭിച്ചതിനാൽ ഗൂഗിൾ പേ അക്കൗണ്ട് നിർജീവമാക്കിയതായും ഭാരവാഹികളായ പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, കെ.ബാലചന്ദ്രൻ, കെ.ജി.രാജേഷ്, അഭിലാഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.

ക്ഷേത്രമുറ്റത്തെ മാവിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണു ; അപകടം ഒഴിവാക്കി

എരുമേലി : എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിന്റെ വടക്കേ നടയുടെ സമീപം നിന്ന 80 വർഷത്തോളം പ്രായമുള്ള കൂറ്റൻ മാവിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് നിലം പൊത്തി. മാവിന്റെ മൂന്നായി പിരിഞ്ഞ ശിഖരങ്ങളിൽ ഒന്ന് ആനക്കൊട്ടിലിന് മുകളിലും ബാക്കി ഭാഗം രണ്ടാ
യി വടക്കേനടയിലെ കെട്ടിടത്തിന് മുകളിലുമാണ് വീണത്.

ക്ഷേത്രമുറ്റത്ത് തണലേകുന്ന മാവിൻ ചുവട്ടിൽ കഴിഞ്ഞ ദിവസംവരെ മാസപൂജയുടെ ഭാഗമായി എത്തുന്ന ഭക്തരുടെ സാന്നി ധ്യമുണ്ടായിരുന്നു. അപകടസമയം ആരുമില്ലാഞ്ഞത് തീവ്രത കുറച്ചു. തായ്ത്തടിയിൽനിന്ന് മൂന്നായി പന്തലിച്ച ശിഖരങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആദ്യശിഖരം വീണത്. പിന്നാലെ രണ്ട് ശിഖരങ്ങളും വീണു. സംഭവസമയം കാറ്റും മഴയുമില്ലായിരുന്നു. ശിഖരങ്ങളും ഇലഭാരവും കൂടിയ താവാം സംഭവത്തിന് കാരണമെ ന്ന് നാട്ടുകാർ പറയുന്നു.

ഓണക്കാലത്തും ശ്രീകൃഷ്ണജയന്തി ആഘോഷത്തിലും കുട്ടികൾ ഊഞ്ഞാലുകെട്ടി ആടി ആഘോഷിച്ച മാവായിരുന്നു. ഭക്തർക്കായി സജ്ജമാക്കിയ കുടിവെള്ള കിയോസ്‌കുകൾ, മരാമത്ത് ഓഫീസ് മേൽക്കൂര, മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങിയവ നശിച്ചു.

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പള്ളിക്കത്തോട്: യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഒന്നാംമൈൽ ചേന്നാട്ടുപറമ്പിൽ റ്റിജോ ചാക്കോ (റ്റിജോപ്പൻ-33)യെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം ആറി ന് ഒന്നാംമൈൽ ഭാഗത്തുള്ള ഷാപ്പിൽ വച്ച് ആനിക്കാട് സ്വദേശിയായ യുവാവിനെ മർദിച്ച് കൊല പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഷാപ്പിലെത്തിയ ഇയാൾ യുവാവ് വാങ്ങിയ കള്ള് എടുത്തുകുടിച്ചതിനെ യുവാവ് ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് ഇയാൾ യുവാവിനെ ചീത്ത വിളിക്കുകയും ഷാപ്പിന് വെളിയിലേക്ക് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു.

ഇതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് യുവാവിന്റെ സുഹൃത്തുക്കളും റ്റിജോയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോ ണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു‌. ഇയാൾക്ക് ചിങ്ങവനം, വാകത്താനം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഖോ-ഖോ സംസ്ഥാന ചാമ്പ്യൻഷിപ്: ഹോളിഫാമിലി ഇന്റർനാഷണലിന് രണ്ടാംസ്ഥാനം

ഇളങ്ങോയി: കോഴിക്കോട് നടന്ന ഐസിഎസ്ഇ ഖോ-ഖോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇളങ്ങോയി ഹോളിഫാമിലി ഇന്റർനാഷണൽ സ്‌കൂളിലെ കു ട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ദേശീയതല മത്സരത്തിലേക്ക് സ്കൂളിൽനിന്നുള്ള ആറ് കുട്ടിക ളെ തെരഞ്ഞെടുക്കുകയും സംസ്ഥാനതലത്തിൽ അൽബിയ പ്രഭാത് ബെസ്റ്റ് ഡിഫൻഡറിനുള്ള അവാർഡ് കരസ്ഥമാക്കുക യും ചെയ്തു.

ഗേൾസ് അണ്ടർ-17 കാറ്റുഗറിയിൽ മികച്ച പ്രകടനം കാഴ്ച‌വച്ചകുട്ടികളെ സ്‌കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.

എബിസി കേബിൾ പണിമുടക്കി ;കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി മുടങ്ങിയത് ഒരു ദിവസത്തിലേറെ

കാഞ്ഞിരപ്പള്ളി : വൈദ്യുതി കേബിൾ പണിമുടക്കിയതോടെ കാഞ്ഞിരപ്പള്ളി ടൗണിൽ ഏതാനും ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. ഞായറാഴ്‌ച മുടങ്ങിയ വൈദ്യുതി ഇന്നലെ വൈകുന്നേരം നാലോടെയാണ് പുനഃസ്ഥാപിച്ചത്. വൈദ്യുതിമുടക്കത്തിന് പരിഹാരമാകുമെന്നു പറഞ്ഞ് സ്ഥാപിച്ച എബിസി കേബിളാണ് വൈദ്യുതിവകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കിയത്.

കമ്പിക്കു പകരം കാഞ്ഞിരപ്പള്ളി മണ്ണാറക്കയം 110 കെവി വൈദ്യുതി സബ്സ്റ്റേഷനിൽനിന്നു സ്ഥാപിച്ച എബിസി കേബിളാണ് വില്ലനായത്. കേബിൾ ഷോർട്ടാകുന്നതാണ് പ്രശ്‌നമെന്നും ചില ഭാഗത്ത് മാത്രമാണ് പ്രശ്‌നമെന്നും അധികൃതർ പറഞ്ഞു. എന്നാൽ, കേബിളിൽ എവിടെയാണ് പ്രശ്ന‌മെന്ന് കണ്ടെത്താൻ സാധിക്കാതിരുന്നത് അധികൃതരെ കുഴക്കി. വ്യാപാര സ്ഥാപനങ്ങളുടെയും വിവിധ ഓഫീസു
കളുടെയും പ്രവർത്തനത്ത വൈദ്യുതിമുടക്കം സാരമായി ബാധിച്ചു.

തുടർച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരമാകുമെന്ന പേരിലാണ് കാഞ്ഞിരപ്പള്ളി മണ്ണാറക്കയം 110 കെവി വൈദ്യുതി സബ്സ്റ്റേഷനിൽനിന്ന് ഏഴു കിലോമീറ്റർ ചുറ്റളവിൽ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് 110 കെവി വൈദ്യുതിപോസ്റ്റുകൾ വഴി കേബിൾ വലിച്ചിട്ടുള്ളത്.

കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതി

കാഞ്ഞിരപ്പള്ളി: നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതി പ്രസിഡണ്ടായി ഹാജി പി എം അബ്ദുൽ സലാംപാറയ്ക്കലും സെക്രട്ടറിയായി പി പി അൻസാരി (വാവേർ) മൂക്രികാട്ടിലിനേയും ട്രഷറർ ആയി ഹാജി ടി എം ക്ഷിബിലി (കറൻറ്റ്സ്) തേനംമാക്കലിനേയും തെരഞ്ഞെടുത്തു. കെ എച്ച് റിയാസ് കരിപ്പായിൽ, പി എച്ച് ഷാജഹാൻ പുളിമൂട് പുരയിടം (വൈസ് പ്രസിഡണ്ടുമാർ) കെ എസ് ഷമീർ കൊല്ല പുരയിടം, പി ഇ അബ്ദുൽ സലാം വലിയപറമ്പിൽ (ജോയിൻറ്റ് സെക്രട്ടറിമാർ) എന്നിവരാണു ഭാരവാഹികൾ .സി എസ് ഇല്ലിയാസ് ചെരിപുപുറം, ഹസൻ ഹുസൈൻ കെ കല്ലുംകൂട്ടത്തിൽ, ടി പി ജുനൈദ് തേനംമാക്കൽ, മുഹമ്മദ് റാഫി വാവണ്ണൻ പറമ്പിൽ, ആർ എസ് ഫിറോസ് രാമനാട്ടുപുരയിടം,എം ഐ നവാസ് മടുക്കോലിപറമ്പിൽ, ടി എച്ച് ഷിബിലി തേനംമാക്കൽ വട്ടകപ്പാറ, പി എം നിയാസ് പുളിമൂട്ടിൽ, ടി ഹാ നാ ബഷീർ കളരിക്കൽ, കെ എസ് മുഹമ്മദ് റഫീഖ് കൊല്ലം പുരയിടം (കമ്മിറ്റിയംഗങ്ങൾ)

മുട്ടക്കോഴി വിതരണം
എലിക്കുളം: അത്യുല്‍പാദനശേഷിയുള്ള മുട്ടക്കോഴികുഞ്ഞുങ്ങളെ ഗവ. അംഗീകൃത നഴ്‌സറിയില്‍ നിന്നും 13 രൂപ നിരക്കില്‍ എലിക്കുളം മൃഗാശുപത്രിയില്‍ 26ന് രാവിലെ 9ന് വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ 24ന് എലിക്കുളം മൃഗാശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9961100039, 9447313088.

ഇടവേള കൂടിയ ടാപ്പിങ് രീതി: അറിയാൻ അവസരം

കോട്ടയം ∙ റബർ മരങ്ങളിൽ ഇടവേള കൂടിയ ടാപ്പിങ് രീതികളെക്കുറിച്ച് അറിയാൻ നാളെ 10 മുതൽ ഒരുമണി വരെ റബർ ബോർഡ് കോൾ സെന്ററിൽ വിളിക്കാം. ചോദ്യങ്ങൾക്ക് ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ എം.ജെ.റെജു ഫോണിലൂടെ മറുപടി പറയും. കോൾ സെന്റർ നമ്പർ: 0481 2576622.

ഗതാഗത നിയന്ത്രണം

എരുമേലി ∙ സെന്റ് തോമസ് – നേർച്ചപ്പാറ റോഡിൽ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്ന ജോലികൾ കാരണം 7 ദിവസം ഈ റോഡിൽ കുഴി അടച്ച ഭാഗത്ത് ഗതാഗത നിയന്ത്രണം.

പേഴുംന്തോട്ടത്തിൽ ഏലിക്കുട്ടി പാലോസ്

കൂവപ്പള്ളി പേഴുംന്തോട്ടത്തിൽ ഏലിക്കുട്ടി പാലോസ് നിര്യാതയായി സംസ്കാരം ( ചൊവ്വാ) 2 മണിക്ക് സെന്റ് ജോസഫസ് ആംഗ്ലിക്കൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ ബിജുമോൻ ,ബിൻസി ,അനു . മരുമക്കൾ ഡിംബിൾ ബിജു’ , ഷാജി , വിനോദ്

ഇരിപ്പക്കുഴിയിൽ ഗോപാലകൃഷ്ണൻ നായർ (75)

ചെറുവള്ളി, ഇരിപ്പക്കുഴിയിൽ ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി, സംസ്കാരം 23/07/2024 ഉച്ചകഴിഞ്ഞ് 3 മണിക്കൂ ശേഷം ശങ്കരക്കുന്നിലുള്ള വീട്ടുവളപ്പിൽ.
മക്കൾ: ശ്രീജിത്ത് ജി നായർ , ശ്രീജ ജി നായർ
മരുമക്കൾ: സുനിൽകുമാർ, ദീപ


കായാപ്ലാക്കൽ പി.എം.രാധാമണി

ഇളങ്ങുളം: മുൻ അങ്കണവാടി ജീവനക്കാരി ഇളങ്ങുളം കായാപ്ലാക്കൽ പി.എം.രാധാമണി(62) നിര്യാതയായി. ഭർത്താവ്: മോഹനൻ.
മക്കൾ: രതീഷ്, അശ്വതി (യെമൻ).മ രുമക്കൾ: പ്രസീദ, സാലഹ് (യെമൻ). സംസ്‌കാരം ചൊവ്വാഴ്ച 2 ന് വീട്ടുവളപ്പിൽ നടത്തും.

error: Content is protected !!