കാഞ്ഞിരപ്പള്ളി ന്യൂസ് – ഇന്നത്തെ പത്രം date : 13/07/2024

കാഞ്ഞിരപ്പള്ളി മേഖലയിലെ ഇന്നത്തെ (13/07/2024) പ്രധാന വാർത്തകളും, വിശേഷങ്ങളും ഇവിടെ വായിക്കാം :
കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും പുതിയ പ്രധാന വാർത്തകൾ, വിശേഷങ്ങൾ, ഫോട്ടോകൾ, അറിയിപ്പുകൾ, തൊഴിൽ വാർത്തകൾ, ചരമ വാർത്തകൾ, ഇന്നത്തെ പരിപാടി, ഇന്നത്തെ സിനിമ, പരാതികൾ, ഉൾപ്പെടെ നമ്മുടെ നാട്ടിലെ സമഗ്രമായ വാർത്തകൾ ഒറ്റ ലിങ്കിൽ..

കിണറ്റിൽ വീണ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കാഞ്ഞിരപ്പള്ളി ∙ റബർ മരങ്ങൾക്ക് മഴമറയിടുന്ന ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിലെ കിണറ്റിൽ വീണ 2 യുവാക്കളിൽ ഒരാൾക്കു പരുക്കേറ്റു. കുളപ്പുറം ഒന്നാം മൈൽ തോമ്പലാടി ബിനു പീറ്റർ (39), പനച്ചേപ്പള്ളി പുതുക്കുളംപറമ്പിൽ സുധി (38) എന്നിവരാണ് കിണറ്റിൽ വീണത്. തലയ്ക്കു പരുക്കേറ്റ ബിനുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ ഐസിഐസിഐ ബാങ്കിനു സമീപം പാറമട റോഡരികിൽ കോൺവന്റ് വക തോട്ടത്തിലെ 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റിൽ ‍പത്തടിയോളം വെള്ളമുണ്ടായിരുന്നു.

കാടുപിടിച്ചുകിടന്ന തോട്ടത്തിൽ ഭാഗികമായി മാത്രം ചുറ്റുമതിലുള്ള കിണറ്റിൽ ബിനുവാണ് ആദ്യം വീണത്. കയറിട്ടു കൊടുത്തു ബിനുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിന്റെ തിട്ടയിടിഞ്ഞു സുധിയും കിണറ്റിലേക്കു വീണു. അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും സുധി കയറിലൂടെ കരയ്ക്കു കയറിയിരുന്നു. കല്ലു വീണ് തലയിൽ പരുക്കേറ്റ ബിനുവിനെ സേനാംഗങ്ങൾ കരയ്ക്കു കയറ്റി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിക്കാനം കടുവാപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്കു പരുക്ക്

കുട്ടിക്കാനം ∙ കെകെ റോഡിലെ കടുവാപ്പാറയിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിഞ്ഞ് ദമ്പതികൾക്കു പരുക്കേറ്റു. കോട്ടയം വെള്ളൂർ പുത്തൻപുരയിൽ രാജേഷ് പി.രവീന്ദ്രൻ (42), ഭാര്യ സജീഷ (39) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 250 അടി താഴ്ചയിൽ കുടുങ്ങിക്കിടന്ന ഇവരെ പീരുമേട്ടിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി വടം ഉപയോഗിച്ചാണ് റോഡിൽ എത്തിച്ചത്.

വാഹനം പാറക്കെട്ടിൽ തട്ടി നിന്നതിനാൽ ഇവർ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കനത്ത മഴയ്ക്കിടയിലാണ് അപകടം. കുട്ടിക്കാനത്ത് നിന്നു കോട്ടയത്തേക്കു മടങ്ങുകയായിരുന്നു രാജേഷും സജീഷയും. കഴിഞ്ഞ മേയ് 9നു രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന അതേ സ്ഥലത്തു തന്നെയാണ് ഇന്നലെ കാർ മറിഞ്ഞത്. അന്ന് 600 അടി താഴ്ചയിലേക്കാണ് കാർ വീണത്. അപകടം തുടർക്കഥയായ ഇവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും ദേശീയപാതാ വിഭാഗം ഏർപ്പെടുത്തിയിട്ടില്ല.

ണ്ണിൽ പൊന്നു വിളയിച്ച കർഷകരെ ആദരിക്കുന്നു..ഇന്‍ഫാം വീർ കിസാൻ ഭൂമിപുത്ര അവാർഡ് 16-ന്

കാഞ്ഞിരപ്പള്ളി: മണ്ണിൽ പൊന്നുവിളയിച്ച 200ഓളം വീര കർഷകർക്ക്‌ ഇൻഫാമിന്റെ ആദരവ്. ഇൻഫാം അംഗങ്ങളായ 80 വയസിനു മുകളില്‍ പ്രായമുള്ള കര്‍ഷകരാണ് യോഗത്തിൽ ആദരിക്കപ്പെടുന്നത്. ഇൻഫാം കര്‍ഷക ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.

ജൂലൈ 16 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങ് സീറോ മലബാര്‍ സഭയുടെ മേജർ ആർച്ച് ആര്‍ച്ച് ബിഷപ് മാർ റാഫേൽ തട്ടില്‍ ഉദ്ഘാടനം ചെയ്യും.ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണം നടത്തും.

ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം ജോയി തെങ്ങുംകുടി, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് എന്നിവര്‍ പ്രസംഗിക്കും. കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ നന്ദി പറയും.

ദേശീയ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും കാര്‍ഷികജില്ല, താലൂക്ക്, ഗ്രാമസമിതി എക്സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ 1500ല്‍പരം ആളുകള്‍ യോഗത്തില്‍ സംബന്ധിക്കും.

ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ സ്വീകരണം നല്‍കി

കാഞ്ഞിരപ്പള്ളി: കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അമ്മയുടെ ഉദരത്തില്‍ ഉത്ഭവിക്കുന്ന ആദ്യ നിമിഷം തന്നെ ഒരു മനുഷ്യശിശു രൂപപ്പെടുന്നതാണെന്നും ആ ജീവനെ നശിപ്പിക്കുവാന്‍ ആര്‍ക്കും അവകാശമിലെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു. അബോര്‍ഷന്‍, ദയാവധം, ആത്മഹത്യ, ഇത്തരത്തിലുള്ള ഏതു പ്രവര്‍ത്തിയും ജീവനെ നശിപ്പിക്കുന്നതാണ്. ജീവന്റെ സംരക്ഷകരായി തീരുക എന്നത് ഏവരുടെയും കടമയാണ്. ഈ യാത്ര കടന്നു പോകേണ്ടതല്ല മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തില്‍ ആഴ്ന്നിറങ്ങേണ്ട സന്ദേശയാത്രയാണെന്നും അദ്ദേഹം ഉദ്ഘാടനസന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ റവ. ഫാ. മാത്യു ഓലിക്കല്‍, കെസിബിസി പ്രൊലൈഫ് ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍, വെളിച്ചിയാനി ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി, പ്രൊലൈഫ് പ്രസിഡന്റ് ജോസുകുട്ടി മേച്ചേരിതകിടിയേല്‍, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, രൂപത പിതൃവേദി പ്രസിഡന്റ് സാജു ജോസഫ് കൊച്ചുവീട്ടില്‍, മാതൃവേദി വെളിച്ചിയാനി ഫൊറോന പ്രസിഡന്റ് ജോളി പുതിയാപറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു. ജോയിസ് മുക്കുടം ജീവവിസ്മയമാജിക് അവതരിപ്പിച്ചു. കെസിബിസി പ്രൊലൈഫ് സമിതി ജനറല്‍ കോഡിനേറ്റര്‍ സാബു ജോസ് നന്ദി പറഞ്ഞു. ഫാമിലി അപ്പോസ്റ്റലേറ്റ് അനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ സി. എസ്. എന്‍., മാതൃവേദി, പിതൃവേദി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പുഷ്പകൃഷി ഉദ്ഘാടനം ചെയ്തു

ചിറക്കടവ്: മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇന്ദുകല എസ്.നായരുടെ നേതൃത്വത്തിൽ അക്ഷയ വനിതാ കാർഷിക സൊസൈറ്റി രൂപീകരിച്ച് ഗ്രാമദീപം മേഖലയിൽ ഭൂമി പാട്ടത്തിനെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ പുഷ്പ കൃഷിക്ക് തുടക്കം കുറിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.സതീശ് ചന്ദ്രനായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, അഡ്വ.അഭിലാഷ് ചന്ദ്രൻ, കൃഷി അസിസന്റ് ഓഫീസർ ശ്രീജ, കാർഷിക വികസന സമതി അംഗം ബിജു മുണ്ടുവേലി, ശ്യാംബാബു, വാർഡ് മെമ്പർ രാജേഷ്, ബൂത്ത് പ്രസിഡന്റ് എസ്.ഉണ്ണികൃഷ്ണൻ, ശശിധരൻ നായർ, രാജൻ വടക്കൻ, എൻ.ആർ. ഇന്ദിര, രാധിക രാജേഷ്, കെ.എം.വിജയകുമാരി, ഐശ്വര്യ എസ്.നായർ, അഞ്ജു പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

ഓണത്തിന് ഒരു കുടന്ന പൂവ് : ഇളങ്ങോയി ഹോളി ഫാമിലി സ്‌കൂളിൽ തൈ നടീൽ ഉത്സവം

ഇളങ്ങോയി: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുടന്ന പൂവ് പദ്ധതിയുടെ ഭാഗമായി ഇളങ്ങോയി ഹോളിഫാമിലി ഇന്റർ നാഷണൽ സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ബന്തിപൂകൃഷി ആരംഭിച്ചു. പള്ളിയങ്കണത്തിൽ നടന്ന തൈ നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു.

 വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ. സോണി മണക്കാട്ട്, സ്‌കൂൾ പ്രിൻസിപ്പാൾ ഫാ.ഡെന്നൊ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജി പാമ്പൂരി ,പി .എം. ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി ബേബി, വാർഡ് അംഗം തോമസ് വെട്ടുവേലിൽ , കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ബിന്ദു, ജോസ് കെ. തോമസ്, സിസ്റ്റർ മേഴ്‌സി എസ്.എ. ബി. എസ്, അസിസ്റ്റന്റ് കൃഷി ആഫീസർ ഇി.പി.സജുകുമാർ എന്നിവർ പ്രസംഗിച്ചു.

   തിരുവോണത്തിന് ആവശ്യമായ പൂക്കൾ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയുടെ പദ്ധതിയിലൂടെ മുപ്പതിനായിരം തൈകൾ ആണ് വിവിധ പഞ്ചായത്തുകളിലായി കൃഷി ചെയ്യുന്നത്.

രൂപത കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളുടെ മെറിറ്റ് ദിനാചരണം ഇന്ന്

കാഞ്ഞിരപ്പള്ളി: രൂപത കോർപറേറ്റ് മാനേജ്‌മെൻ്റ് സ്‌കൂളുകളുടെ 2023 – 24 അധ്യയന വർഷത്തെ മെറിറ്റ് ദിനാചരണം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ മാനേജർ സിസ്റ്റർ സലോമി സിഎംസി അനുഗ്രഹപ്രഭാഷണം നടത്തും. രൂപത കോർപറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപറമ്പിൽ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്‌മിസ്ട്രസ് നിസാമോൾ ജോൺ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഡോ. ഡോമിനിക് സാവിയോ എന്നിവർ പ്രസംഗിക്കും.

അപകട ചപ്പാത്തിൽ വീണ്ടും അപകടം : ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികരെ നാട്ടുകാർ രക്ഷിച്ചു..

മുക്കൂട്ടുതറ : ഒരാഴ്ചക്കുള്ളിൽ അപകടത്തിൽ പെട്ട് ഒഴുകി പോയത് രണ്ട് ബൈക്കുകൾ. ബൈക്കിൽ ഉണ്ടായിരുന്നവരെ ഒഴുക്കിൽ നിന്നും രക്ഷിച്ച നാട്ടുകാർ ബൈക്കുകൾ തോട്ടിൽ നിന്ന് എടുത്ത് കരയിൽ കയറ്റി നൽകി. പ്രദേശത്ത് ആദ്യമായി വരുന്ന ഇരുചക്ര വാഹന യാത്രക്കാരാണ് പലപ്പോഴും അപകടത്തിൽ പെടുന്നത് . എരുമേലി വെൺകുറിഞ്ഞി കുളമാങ്കുഴി റോഡിലെ ചപ്പാത്ത് ആണ് മഴക്കാലത്ത് യാത്രക്കാരെ പതിവായി അപകടത്തിലാക്കുന്നത്.

വെച്ചൂച്ചിറ ചെമ്പനോലി മലയിൽ നിന്ന് ഉദ്ഭവിച്ച് എരുമേലിയിലേക്ക് ഒഴുകുന്ന വലിയ തോട്ടിലെ പൊന്നരുവി എന്നറിയപ്പെടുന്ന ഭാഗത്തെ കുളമാങ്കുഴി റോഡിലുള്ള ചപ്പാത്ത് ആണ് മഴക്കാലത്ത് നാട്ടുകാരുടെ പേടിസ്വപ്നമാകുന്നത്. മഴക്കാലത്ത് തോട്ടിൽ വെള്ളം നിറയുമ്പോൾ ചപ്പാത്ത് കവിഞ്ഞൊഴുകും. ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുക. ബൈക്കിൽ വരുന്ന പരിചയമില്ലാത്ത പലരും ഒഴുക്കിൽ പെട്ട് തോട്ടിലേക്ക് വീഴുന്നത് പതിവാണ് . യാത്രക്കാർ നീന്തി രക്ഷപെടുമ്പോൾ ബൈക്ക് ഒഴുകിപ്പോകും. പിന്നെ നാട്ടുകാർ ചേർന്നാണ് ബൈക്ക് തോട്ടിൽ നിന്ന് എടുത്തു നൽകുക.

സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിൽ അപകടങ്ങൾ ഒഴിവാകുമെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാ വേലിയും ചപ്പാത്ത് പാലത്തിൽ കൈവരികളും സ്ഥാപിച്ചാൽ അപകടങ്ങളിൽ നിന്ന് രക്ഷ നൽകാൻ സാധിക്കുമെന്ന് സമീപവാസികളും രക്ഷാ പ്രവർത്തകരുമായ ആലുംമൂട്ടിൽ ജോർജ് (ബോസ്), ചെല്ലംതറ ജെയിംസ്, രത്നാകരൻ എന്നിവർ പറഞ്ഞു.

ഇന്നലെ വെച്ചൂച്ചിറ സ്വദേശി ബൈക്കിൽ എത്തി അപകടത്തിൽപെട്ടപ്പോഴും കഴിഞ്ഞ ദിവസം ചാത്തൻതറ സ്വദേശികളായ യുവാക്കൾ ബൈക്കിൽ അപകടത്തിൽ പെട്ടപ്പോഴും ഇവരാണ് രക്ഷപെടുത്തിയത്. സ്കൂളിൽ പോകാൻ കൊച്ചുകുട്ടികളും വിദ്യാർത്ഥികളും ഇതുവഴിയാണ് എത്തുന്നത്. മഴക്കാലത്ത് ശക്തമായ ഒഴുക്ക് ആയാൽ ഇവർ മറ്റ് വഴികൾ തേടണം. മണിപ്പുഴ വഴിയും വെച്ചൂച്ചിറ സെന്റ് തോമസ് സ്കൂൾ ഭാഗത്തെ റോഡ് വഴിയുമാണ് പകരം സഞ്ചരിക്കാൻ വഴിയുള്ളത്. ഏറെ ദൂരം സഞ്ചരിച്ചു വേണം ഈ റോഡുകളിൽ എത്താൻ. അതേസമയം ചപ്പാത്ത് പാലം ഉയർത്തി വലിയ പാലം നിർമിച്ചാൽ അപകട സാധ്യത ഒഴിയും. പഞ്ചായത്ത്‌ ഇതിന് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അതുവരെ സുരക്ഷ ക്രമീകരണങ്ങളായി മുന്നറിയിപ്പ് ബോർഡുകളും കൈവരികളും സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാണ്.

അഡാപ്റ്റഡ് സയൻസ് ലാബിന്റെയും ലോവിഷൻ എക്യുപ്മെന്റിന്റെയും ഉദ്ഘാടനം നടത്തി

കാളകെട്ടി : അസ്സീസി സ്കൂൾ ഫോർ ദ ബ്ലൈൻഡ്, കാളകെട്ടി സ്‌കൂളിന് പത്തനംതിട്ട എം.പി. ആന്റോ ആന്റണിയുടെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച അഡാപ്റ്റഡ് സയൻസ് ലാബിന്റെയും ലോവിഷൻ എക്യുപ്മെന്റിന്റെയും ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡാനി ജോസ് അദ്ധ്യക്ഷയായി.

പി.റ്റി.എ. പ്രസിഡന്റ് സി. ബെന്നി എബ്രഹാം, സ്‌കൂൾ മാനേജർ സി. റെറ്റി ഫ്രാൻസീസ് , ഹെഡ്മിസ്ട്രസ് സി. റെൻസി റ്റി.എ., സ്‌കൂൾ ലീഡർ വൈ. എൽദോസ് എന്നിവർ പ്രസംഗിച്ചു .

കോരുത്തോട് സികെഎം എച്ച്എസ്എസിൽ ‘ വോൾ ഓഫ് ലവ് ’; കുഞ്ഞുങ്ങൾക്ക് സ്നേഹസ്പർശം ..

കോരുത്തോട് ∙ വസ്ത്രങ്ങളും പഠനോപകരണങ്ങളും ഇല്ലാതെ ഇനി കുഞ്ഞ് മനസ്സുകൾ വേദനിക്കരുത്. അതിനായി സികെഎം ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹം കൊണ്ടൊരു കൂടാരം ഒരുക്കിയിരിക്കുകയാണ്. ‘ വോൾ ഓഫ് ലവ് ’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയിൽ ഒരു മുറിയിൽ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങളും പഠന ഉപകരണങ്ങളും ആരും അറിയാതെ കുട്ടികൾക്ക് എടുക്കാൻ സാധിക്കും.

വസ്ത്രങ്ങൾ, ബാഗുകൾ, പേന, ബുക്കുകൾ, കുടകൾ തുടങ്ങിയവ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇവിടെ കൊണ്ടുവന്നു വയ്ക്കാം. ആദിവാസി വിഭാഗത്തിലെയടക്കമുള്ള നിർധനരായ കുട്ടികൾക്ക് പദ്ധതി ഏറെ ഗുണം ചെയ്യും. ആരാണ് എടുക്കുന്നതെന്നോ ഉപയോഗിക്കുന്നതെന്നോ മറ്റുള്ളവർക്ക് അറിയാൻ കഴിയാത്ത വിധമാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.

കായികമേളയുടെ ഭാഗമായി നടന്ന യോഗം മാനേജർ എ.എൻ.സാബുവും ‘വോൾ ഓഫ് ലവ്’ പദ്ധതി പിടിഎ പ്രസിഡന്റ് കെ.എം.രാജേഷും ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിന്ദു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.ടിറ്റി, അധ്യാപകരായ എം.ആർ.പ്രവീൺ, സനൂപ് ശേഖർ, അക്ഷയ് രോഹിത് ഷാ, രശ്മി സോമരാജ്, അനു ബാലൻ, എസ്.ലയമോൾ, വി.ആർ.ഹരിത, വി.പി.സജിമോൻ, കെ.എസ്.സലി എന്നിവർ പ്രസംഗിച്ചു.

പ്രളയത്തിൽ തകർന്ന നടപ്പാലം പുനർനിർമിക്കണം

ഏന്തയാർ ∙ മുക്കുളം റോഡിൽ വലയിഞ്ചിപ്പടിയിൽ പ്രളയത്തിൽ തകർന്ന നടപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 15 ലക്ഷം രൂപ മുടക്കി ഇവിടെ നിർമിച്ച കോൺക്രീറ്റ് നടപ്പാലവും റോഡും പ്രളയത്തിൽ തകർന്നതോടെ നാടിന്റെ സഞ്ചാരമാർഗം ഇല്ലാതായി.

കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനു നാട്ടുകാരുടെ ആശ്രയവും ആയിരുന്നു ഇൗ പാലം. പാലം ഇല്ലാതായതോടെ മറുകരയിൽ എത്താൻ 6 കിലോമീറ്റർ അധികമായി സഞ്ചരിക്കണം. 50 മീറ്റർ അകലെയുള്ള ഒലയനാട് ഗാന്ധി സ്മാരക സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും 5 കിലോമീറ്റർ ചുറ്റിസഞ്ചരിച്ചാണ് സ്കൂളിൽ എത്തുന്നത്.

കർഷകരും സാധാരണക്കാരായ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഇതു മൂലം അധിക ബാധ്യതയായി.ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ, വലയിഞ്ചിപ്പടിയിലെ നടപ്പാലം പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മരശിഖരം ഒടിഞ്ഞ് റോഡി ൽ വീണു

കാഞ്ഞിരപ്പള്ളി ∙ ഇന്നലെയുണ്ടായ മഴയിൽ കുന്നുംഭാഗത്ത് ജനറൽ ആശുപത്രി വളപ്പിൽ നിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞു ദേശീയപാത 183ലേക്കു വീണു. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ശിഖരം ഒടിഞ്ഞുവീണത്. ദേശീയപാതയിൽ ഒരു വശത്തുകൂടിയുള്ള ഗതാഗതം 15 മിനിറ്റോളം തടസ്സപ്പെട്ടു. റോഡിൽ വീണുകിടന്ന ശിഖരം അഗ്നിരക്ഷാസേന എത്തി മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

രാമായണമാസാചരണം 16 മുതൽ

പൊൻകുന്നം ∙ അഖിലഭാരത അയ്യപ്പസേവാ സംഘം യൂണിയന്റെ ക്ഷേത്രങ്ങളിലും ശാഖകളിലും ഭവനങ്ങളിലും 16 മുതൽ ഓഗസ്റ്റ് 16 വരെ രാമായണമാസം ആചരിക്കും.

ഇതു സംബന്ധിച്ചു ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ പ്രസംഗിച്ചു.

വൈദ്യുതത്തൂണിൽ തീ പടർന്നു

എരുമേലി ∙ വൈദ്യുതത്തൂണിൽ തീ പടർന്നത് ആശങ്ക പടർത്തി. ഇന്നലെ പുലർച്ചെ ഒരു മണിയോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർ വശത്ത് കടകളുടെ സമീപമുള്ള വൈദ്യുതത്തൂണിന്റെ ബോക്സിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് വൈദ്യുതത്തൂണിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളിലേക്കു തീ പടർന്നു. കേബിളുകളും തീപിടിച്ചതോടെ ഏറെ സമയം നിന്നുകത്തി. വിവരമറിഞ്ഞ് കെഎസ്ഇബി അധികൃതർ വൈദ്യുത ലൈൻ ഓഫ് ചെയ്തു. വൈദ്യുതത്തൂണിലെ ബോക്സിൽ ഉണ്ടായ തകരാറാണ് തീ പിടിക്കാൻ കാരണമെന്നും തൂണിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.

പ്രതിഷ്ഠാദിന ഉത്സവം നാളെ

തമ്പലക്കാട് ∙ മഹാകാളിപാറ ധർമശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം നാളെ നടത്തും. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശാഭിഷേകം എന്നിവ നടത്തും അഷ്ടബന്ധകലശത്തിന്റെ തീയതിയും പ്രഖ്യാപിക്കും.

ആയുർവേദ മെഡിക്കൽ ക്യാമ്പ്

ഇളങ്ങുളം: ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ്, എലിക്കുളം പഞ്ചായത്ത് ആയുർവേദ ഡിസ്പൻസറി, നിറവ് @ 60 പ്ലസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 15 ന് ഇളങ്ങുളത്ത് നടക്കും.  രാവിലെ 9.30 മുതൽ ഒന്നുവരെ ഇളങ്ങുളം ശാസ്താ ആഡിറ്റോറിയത്തിലാണ് ക്യാമ്പ്. വിദഗ്ധ ഡോക്ടറന്മാർ പരിശോധിക്കുന്നതിനൊപ്പം മരുന്നുകൾ സൗജന്യമായും നൽകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ഡോണ എബ്രഹാം അറിയിച്ചു.

നേതൃസംഗമം

കാഞ്ഞിരപ്പള്ളി: രാഷ്ട്രീയ ജനതാദൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃസംഗമം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കണമെന്നു സണ്ണി തോമസ് പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് തോമസ് ഞള്ളാനി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് മടുക്കക്കുഴി, ടി.എസ്. റഷീദ്, ബെന്നി ജേക്ക ബ്, കെ.വി. ബിജുകുമാർ, പ്രിൻസ്തോട്ടത്തിൽ, ജോസ് പുതിയാത്ത്, എം.എ. ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഉപയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു.

നേത്രപരിശോധനാ ക്യാമ്പ്

ചിറ്റടി: കോട്ടയം അഹല്യാ ഐ ആശുപ്രതിയുടെയും മുണ്ടക്ക യം എൻഎസ്എസ് കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. നാളെ രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ചിറ്റടി എൻഎ സ്എസ് ഹാളിലാണ് ക്യാമ്പ്. പാ റത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശരികുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം ഡയസ്കോക്കാട്ട് പ്രസംഗിക്കും.

പെരുവന്താനം പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് മാർച്ച് 17ന്

പെരുവന്താനം പഞ്ചായത്തിലെ വികസന മുരടിപ്പിനും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പ്രതിഷേധസമരവുമായി എൽഡിഎഫ്. യു ഡിഎഫ് അധികാരത്തിൽ വന്ന ശേഷം കാർഷിക – തോട്ടം മേഖലയായ പഞ്ചായത്തിന്റെ നാനാമേഖലകളിലും വികസന മുരടിപ്പാണ്. മുൻ എൽഡിഎഫ് ഭരണസമിതി 100 കോടിയുടെ വികസന പദ്ധതികൾ ദീർഘവീക്ഷണത്തോടെ പഞ്ചായത്തിൽ കൊണ്ടുവന്നു. എന്നാൽ അഭി മാനകരമായ എല്ലാ പദ്ധതികളും നശിപ്പിക്കുകമാത്രമാണ് നിലവിലെ ഭരണസമിതി ചെയ്തത്. അവസാനമായി പഞ്ചായത്ത് ഭരിക്കുന്ന പാർടിയുടെ നേതാവായ ജനപ്രതിനിധി പഞ്ചായത്ത് ഓഫീസിനെ മദ്യശാലയാക്കി മാറ്റി. സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറിയ പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തെ തകർക്കാനും കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.

നടൻ തിലകന്റെ സ്മരണയ്ക്കായി ജന്മനാടായ മണിക്കല്ലിൽ ‘തിലകൻ സ്മാരക ലേക്ക് ആൻഡ് പാർക്കും ബോട്ടിങ്ങും ആരംഭിച്ചിരുന്നു. എന്നാൽ ഇതിന്റെ നിർമാണത്തിൽ കരാറുകാരനുമായി ചേർന്ന് അഴിമതി കാട്ടിയതായി പരാതിയുണ്ട്. മഹാനടനെ പോലും അപമാനിച്ച ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിന്റെ ഭരണവൈകല്യങ്ങളും അഴിമതിയും തുറന്നുകാട്ടാൻ 16ന് പഞ്ചായത്തിലെ എല്ലാ വാർ ഡുകളിലും പ്രചാരണജാഥയും 17ന് പഞ്ചായത്ത് പടിക്കലേക്ക് ബഹുജനമാർച്ചും സംഘടിപ്പിക്കുമെന്ന് എൽഡിഎ ഫ്‌ പഞ്ചായത്ത് കൺവീനർ ബേബി മാത്യു പറഞ്ഞു.

കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ വിജയദിനാഘോഷം

മുണ്ടക്കയം :കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ 2023-24 അധ്യയന വർഷത്തിൽ എസ്എ സ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കലും കെസിഎസ്എല്ലിന്റെയും ഫാർമേഴ്‌സ് ക്ലബ്ബിന്റെയും ഉദ്ഘാടനവും നടന്നു. പാലാ കോർപറേറ്റ് എഡ്യുക്കേഷണൻ ഏജൻസി ഡയറക്ടർ റവ. ഫാ. ജോർ ജ് പുല്ലുകാലായിൽ ഉദ്ഘാട നം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് വടക്കേമംഗല ത്ത്, അസിസ്റ്റൻ്റ് വികാരി ഫാ. ജോസ് കുഴിഞ്ഞാലിൽ, ഹെഡ്‌മിസ്ട്രസ്സ് ജാനറ്റ് കുര്യൻ, പഞ്ചായത്ത് പ്രസിഡൻ്റ് ബി ജോയി മുണ്ടുപാലം, പിടിഎ പ്രസിഡന്റ് അനൂപ് തേനംമാക്കൽ എന്നിവർ സംസാരിച്ചു

പൊൻകുന്നം സ്റ്റാൻഡിൽ പാർക്കിങ് പൊലീസ് നിർദ്ദേശം പുറപ്പെടുവിച്ചു

പൊൻകുന്നം :സ്വകാര്യ ബസ്റ്റാന്റിൽ ബസുകളുടെ പാർക്കിങ് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പൊലീസ്. ബസ്റ്റാൻഡിൽ എൻഎസ്എസ് ബിൽഡിങ്ങിൽ വ്യാപാരം ചെയ്യുന്നവർക്കും വശങ്ങളിലൂടെ കടന്നുപോകുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ബസുകളും വ്യാപാര സ്ഥാപനവും തമ്മിൽ ആറടി അകലം പാലിക്കണം. ഈ ഭാഗത്ത് ക്ഷേത്രത്തിലേക്കും സ്കൂളുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും നിരവധി പേർ ബസിനു പിന്നിൽ കൂടി യാത്ര ചെയ്യുന്നുണ്ട്. ടൈം കീപ്പിങ് ഏജന്റുമാരും ബസ് ജീവനക്കാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകി. ഓടിയെത്തുന്ന ബസുകൾക്ക് അഞ്ചു മിനിറ്റും ഇവിടെ നിന്നും പുറപ്പെടുന്ന ബസുകൾക്ക് പത്തുമിനിറ്റുമാണ് പഞ്ചായത്ത് ബസ്റ്റാൻഡിൽ അനുവദിച്ചിട്ടുള്ളത്.

ലാബ് ടെക്‌നിഷ്യൻ നിയമനം

പൈക ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിൽ താൽക്കാലികമായി നിയമിക്കുന്നതിനായി ലാബ് ടെക്‌നിഷ്യൻ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഎംഎൽടി/ ബിഎസ്‌‌സി എംഎൽടിയും കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 18ന് ഉച്ചയ്ക്ക് 2നു സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം.

സീറ്റൊഴിവ്

പാലാ ∙ മന്നം ഇൻസ്റ്റിറ്റ്യൂട്ട് ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9447121369.

ഗ്രാമസഭ നാളെ

വാഴൂർ ∙ പഞ്ചായത്ത് 4-ാം വാർഡ് ഗ്രാമസഭ നാളെ ഉച്ചകഴിഞ്ഞു 2.30നു 19-ാം മൈൽ സെന്റ് മേരീസ് സ്കൂളിൽ നടക്കും.

കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിംഗ്

കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതി യ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അം ശാദായം സ്വീകരിക്കുന്നതിനും പഞ്ചായത്ത് ഓഫീസുകളിൽ സിറ്റിം ഗ് നടത്തും. ഓഗസ്റ്റ് അഞ്ചിന് കാഞ്ഞിരപ്പള്ളി, എട്ടിന് വെളിയന്നൂർ, 12ന് രാമപുരം, 14ന് കൂട്ടിക്കൽ, 17ന് കടനാട്, 21ന് നീണ്ടൂർ, 24ന് മര ങ്ങാട്ടുപള്ളി, 29ന് കുറവിലങ്ങാട് പഞ്ചായത്ത് ഓഫീസുകളിലാണ് സിറ്റിംഗ്. അംശാദായം അടയ്ക്കാൻ വരുന്നവർ ആധാർ, ബാങ്ക് പാ സ്ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൊണ്ടു വരണം. 0481- 2585604.

ഇന്നത്തെ പരിപാടി

കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ മെറിറ്റ് ദിനാഘോഷം – ഉച്ചകഴിഞ്ഞ് രണ്ടിന്.

ആനക്കല്ല്: സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ പിടിഎ സമ്മേളനം – രാവിലെ 9.45 മുതൽ .

കോരുത്തോട്: സെന്റ് ജോർജ് പബ്ലിക് സ്കൂ‌ളിൽ അധ്യാപക രക്ഷാകർത്തൃയോഗവും വിദ്യാഭാസ സെമിനാറും – ഉച്ചകഴിഞ്ഞ് രണ്ടിന്.

വയലിൽ മിനി ജോണി(53) നിര്യാതയായി

പൊൻകുന്നം: വയലിൽ മിനി ജോണി(53) നിര്യാതയായി . കുമളി ചക്കുപള്ളം വട്ടോത്ത് കുടുംബാംഗമാണ്.
ഭർത്താവ്: എ.ജെ.ജോണി.
മക്കൾ: ജോമിൻ ജോൺ, ജോമിയ ജോൺ, ജോമോൾ ജോൺ, ജോംസി ജോൺ. മരുമകൻ: സനോജ്(ഇഞ്ചപ്പാറയിൽ, വാഴൂർ). സംസ്‌കാരം ശനിയാഴ്ച നാലിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.

എലിക്കുളം കണയംപുറത്ത് രത്‌നമ്മ (71)

എലിക്കുളം: കണയംപുറത്ത് രത്‌നമ്മ (71) നിര്യാതയായി . മാന്നാനം ചൂളപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ബി.ശശിധരൻ നായർ(ഉണ്ണി). മക്കൾ: അരുൺ, വരുൺ. മരുമക്കൾ: അനു അരുൺ(കിഴക്കഞ്ചേരിൽ, കുടക്കച്ചിറ), കാർത്തിക വരുൺ, കൊന്നയ്ക്കപ്പറമ്പിൽ, തമ്പലക്കാട്(അധ്യാപിക, എം.ജി.എം.യു.പി.സ്‌കൂൾ, എലിക്കുളം). സംസ്‌കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

error: Content is protected !!