റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. വീടിന് ഭാഗിക കേടുപാട്
കൂട്ടിക്കൽ: കൂട്ടിക്കൽ ടൗണിന് സമീപം നിർമ്മാണത്തിലിരുന്ന റോഡിന്റെ സംരക്ഷണഭിത്തി വീടിന്റെ ഒരു വശത്തേക്ക് തകർന്നുവീണ് വീടിന് കേടുപാട് സംഭവിച്ചു. കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് സമീപം പൂവത്തുങ്കൽ റെജിയുടെ വീടിന് മുകളിലേക്കാണ് റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് വീണത്.
പൂഞ്ഞാർ- 35 മൈൽ സംസ്ഥാനപാതയുടെ ഭാഗമായുള്ള റോഡിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. വെളുപ്പിന് അഞ്ചുമണിയോടുകൂടിയായിരുന്നു 25 അടിയോളം ഉയരവും 80 അടിയോളം നീളവുമുള്ള ഭീമൻ സംരക്ഷണഭിത്തി തകർന്ന വീടിന്റെ പുറകുവശത്തേക്ക് പതിച്ചത്. അപകടത്തിൽ വീടിന്റെ ജനലിനും ഭിത്തിക്കും സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
റോഡിന്റെ വശത്ത് മുൻപ് ഉണ്ടായിരുന്ന സംരക്ഷണഭിത്തിക്ക് മുകളിലേക്ക് സംസ്ഥാനപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി മൂന്ന് അടി വീതിയിൽ പുതിയ കൽക്കെട്ട് നിർമ്മിക്കുകയായിരുന്നു. ബിഎം ആന്റ് ബിസി നിലവാരത്തിലാണ് റോഡിന്റെ നിർമ്മാണം നടക്കുന്നത്. കഴിഞ്ഞ ദിവസം വൈബ്രേറ്റർ ഉപയോഗിച്ച് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ബി എം ചെയ്തിരുന്നു. കൂടാതെ രണ്ടുദിവസമായി പെയ്യുന്ന മഴ കൂടിയായതോടെ പ്രദേശത്ത് വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതോടെ റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് വീഴുകയായിരുന്നു. വീട്ടിൽ റെജിയും കുടുംബവും ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നിലവിൽ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തിക്ക് മുകളിൽ ബലപരിശോധന നടത്താതെ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതാണ് അപകടത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.