മുസ്‌ലിം വ്യക്തിനിയമ പ്രകാരമുള്ള ‘പ്രായപൂർത്തി’പോക്സോ ഒഴിവാക്കില്ല

09/07/2022 

: മുസ്‌ലിം വ്യക്തിനിയമപ്രകാരം ‘പ്രായപൂർത്തി’യായി എന്നത് പോക്സോകുറ്റം ഒഴിവാക്കാനുള്ള കാരണമല്ലെന്ന് ഡൽഹി ഹൈക്കോടതി. പതിനാറുകാരിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതിന് പോക്സോ (കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയൽ) കുറ്റം ചുമത്തിയ മുസ്‌ലിംയുവാവിന്റെ വാദമാണ് ഹൈക്കോടതി തള്ളിയത്. 

പോക്സോ നിയമപ്രകാരം ഡൽഹി രഞ്ജിത് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യുത്പാദനശേഷി കൈവരിച്ചുകഴിഞ്ഞാൽ മുസ്‌ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും അതിനാൽ തനിക്കെതിരായ പോക്സോകുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. 

എന്നാൽ, പോക്സോ നിയമം മതവുമായല്ല, മറിച്ച് പ്രായവുമായി ബന്ധപ്പെട്ടതാണെന്ന പ്രോസിക്യൂഷന്റെ വാദം ജസ്റ്റിസ് ജസ്മീത് സിങ് അംഗീകരിച്ചു. കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ളതാണ് പോക്സോ നിയമമെന്നും അതിന് ആചാരങ്ങളുമായി ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിയെ വിവാഹംകഴിക്കാൻ ആഗ്രഹമുണ്ടെന്നുപറഞ്ഞ് പ്രതി വീട്ടുകാരെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് അതിനായി പത്തുലക്ഷം രൂപയും സമ്മാനങ്ങളും ഇയാൾ കൈപ്പറ്റി. എന്നാൽ പെൺകുട്ടി പന്ത്രണ്ടാംക്ലാസ് പാസായശേഷമേ വിവാഹം നടത്തിത്തരൂവെന്ന് വീട്ടുകാർ പറഞ്ഞു. ഇതിനിടെ പെൺകുട്ടിയുമായി ശാരീരികബന്ധത്തിലേർപ്പെട്ട പ്രതി, പിന്നീട് വിവാഹത്തിൽനിന്ന് പിൻമാറി. 

പതിനഞ്ചുവയസ്സുകഴിഞ്ഞ മുസ്‍ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് ഈയിടെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി വിധിച്ചിരുന്നു. മുസ്‍ലിങ്ങൾക്ക് പ്രത്യുത്പാദനശേഷി കൈവരിച്ചുകഴിഞ്ഞാൽ വിവാഹത്തിലേർപ്പെടാമെന്ന് വിവിധ കോടതിവിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച പതിനാറുകാരിയും 21-കാരനും, ജീവൻ അപകടത്തിലാണെന്നുകാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. 

മുസ്‍ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ആധികാരികഗ്രന്ഥങ്ങളിലൊന്നായ, സർ ദിൻഷാ ഫർദുൻജി മുല്ലയുടെ ‘പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ’യുടെ 195-ാം അനുച്ഛേദപ്രകാരം മുസ്‍ലിങ്ങൾക്ക് പ്രത്യുത്പാദനശേഷി കൈവരുന്ന പ്രായമായാൽ വിവാഹിതരാകാം. അത് തെളിയിക്കാനാവാത്തപക്ഷം 15 വയസ്സ് തികഞ്ഞാൽ മതി. ഈ കേസിലെ പെൺകുട്ടിക്ക് 16 വയസ്സ് തികഞ്ഞതിനാൽ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നായിരുന്നു പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെ നിലപാട്. 

-ഡൽഹി ഹൈക്കോടതി

error: Content is protected !!