കൂട്ടിക്കൽ കരിങ്കൽ ക്വാറി വീണ്ടും തുറന്നു, ജനം തടഞ്ഞു
മുണ്ടക്കയം: ഉരുൾപൊട്ടൽ കാലത്ത് ജനരോഷം കാരണം അടപ്പിച്ച കൂട്ടിക്കൽ പഞ്ചായത്തിലെ വല്യേന്ത കരിങ്കൽ ക്വാറിക്ക് വീണ്ടും പ്രവർത്തനാനുമതി നൽകി ജില്ലാ ഭരണകൂടം. കളക്ടർ ചെയർപേഴ്സണായുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് അനുമതിക്ക് ഉത്തരവായത്. ഒാഗസ്റ്റ് 12 വരെയാണിത്. പാറപൊട്ടിക്കലിനെതിരേ നാട്ടുകാർ തിങ്കളാഴ്ച കോടതിയെ സമീപിക്കും. പാറ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു.
2021 ഒക്ടോബർ 16-ലെ ഉരുൾപൊട്ടലിന്റെ തലേദിവസംവരെ അത്യുഗ്ര സ്ഫോടനങ്ങൾ നടത്തി വല്യേന്തയിലും കൊടുങ്ങയിലും പാറമടകൾ പ്രവർത്തിച്ചിരുന്നു. ഉരുൾപൊട്ടലിൽ 22 പേരാണ് കൂട്ടിക്കൽ കൊക്കയാർ പഞ്ചായത്തുകളിൽ മരിച്ചത്. ഇതേ തുടർന്നാണ് രണ്ടുപാറമടകളുടെയും പ്രവർത്തനം താത്‌കാലമായി നിരോധിച്ചത്.
പ്രകൃതി ചൂഷണം ചൂണ്ടിക്കാട്ടി പ്രദേശവാസിയായ അഡ്വ. സിനി പി.സിജു ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് ഒക്ടോബർ ദുരന്തം. അപകടവിവരം ഹർജിക്കാർ കോടതിയെ അറിയിച്ചതോടെ കളക്ടറുടെ റിപ്പോർട്ട് തേടിയിരുന്നു. പരിസരവാസികളെ കേട്ട് തീരുമാനം എടുക്കാൻ കോടതി കളക്ടറോട് ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും ഫെബ്രുവരി 28 മുതൽ മാർച്ച് 28 വരെ കളക്ടർ പ്രവർത്തനാനുമതി നൽകി. എന്നാൽ, ഈ കാലത്ത് മഴയും മറ്റു പ്രശ്നങ്ങളുംമൂലം പാറമട പ്രവർത്തിച്ചില്ല. ഇതിനിടെ ഉടമ വീണ്ടും നൽകിയ അപേക്ഷയിൽ ഏപ്രിൽ 28 മുതൽ േമയ് 28 വരെ പ്രവർത്തനാനുമതി നീട്ടിക്കൊണ്ട് കളക്ടർ ഉത്തരവിട്ടു. അനുമതി ലഭിച്ചുവെങ്കിലും അപ്പോഴും ഖനനം നടന്നിരുന്നില്ല.
പുതിയ അനുമതിപ്രകാരം കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ഖനനം നടത്തി. ടിപ്പറിൽ കരിങ്കല്ലുകൾ മടയിൽനിന്ന് പുറത്തേക്ക് പോകുകയും ചെയ്തു. വിവരമറിഞ്ഞ് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും ടിപ്പർ തടയുകയും ചെയ്തു. ഇതിനുശേഷം പാറമട പ്രവർത്തനം താത്‌കാലികമായി നിർത്തി. പ്രദേശത്ത് കനത്ത മഴ പെയ്യാത്തതിനാലും മുന്നറിയിപ്പുകൾ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലുമാണ് അനുമതി നൽകിയതെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കനത്ത മഴയായിരുന്നുവെന്ന് ജനങ്ങൾ പറയുന്നു.
പ്രളയത്തിൽ ദുർബലമായ ഇളംകാട് പാലമാണ് വലിയന്ത, മളാക്കര, ഇളങ്കാട് ടോപ്പ് പ്രദേശങ്ങളിലുള്ള രണ്ടായിരത്തിലധികം കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗം. ഇൗ പാലം വഴിയാണ് പാറമടയിൽനിന്നുള്ള ഭാരവണ്ടികൾ ഓടുന്നത്.