ആളെ കിട്ടാനില്ല, ലക്ഷങ്ങൾ ശമ്പളം, നഴ്സുമാർക്ക് സുവർണാവസരം; ഐഇഎൽടിഎസ് സ്കോർ വരെ കുറച്ച് രാജ്യങ്ങൾ
‘‘ഡ്യൂട്ടി സമയത്ത് ഇരിക്കാൻ പോലും പറ്റില്ല. ഭക്ഷണം കഴിക്കാനോ ശുചിമുറിയിൽ പോകാനോ സമയം കിട്ടില്ല. നൈറ്റ് ഡ്യൂട്ടി ആണെങ്കിൽ പിന്നെ കാര്യം കഴിഞ്ഞു. പലപ്പോഴും രോഗികളെ കുളിപ്പിക്കേണ്ടതും അവരുടെ ഷീറ്റ് മാറേണ്ടതുമെല്ലാം നഴ്സിന്റെ ചുമതലയാണ്. അനുവദനീയമായതിലും ഇരട്ടിയിലധികം രോഗികൾ അഡ്മിറ്റ് ആയിട്ടുണ്ടാകും. അവരെ നോക്കാൻ ആകെ ഒന്നോ രണ്ടോ നഴ്സുമാർ മാത്രം. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും കാലൊക്കെ നീരു വച്ചിട്ടുണ്ടാകും. എന്നിട്ട് ഇതിനൊക്കെ കിട്ടുന്നതോ തുച്ഛമായ ശമ്പളം. അങ്ങനെയാണ് കുടിയേറാൻ തീരുമാനിച്ചത്. ജോലി രാജിവച്ച് പഠിച്ച് പരീക്ഷ എഴുതി. യുകെയിൽ എത്തിയിട്ട് ഇപ്പോൾ 2 വർഷമായി. ജീവിതത്തിൽ സമാധാനം എന്തെന്ന് അറിഞ്ഞത് ഈ 2 വർഷങ്ങൾക്കിടയിലാണ്.’’ കേരളത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്ത നഴ്സിന്റെ ഈ അനുഭവത്തിലുണ്ട് എല്ലാം. മാലാഖമാർ എന്നു വിളിക്കുമ്പോഴും ജീവിതത്തിൽ കഷ്ടപ്പാടിന്റെ കയ്പ്പുനീർ കുടിക്കുന്നവരാണ് ഓരോ നഴ്സുമാരും. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റും അധികം നഴ്സുമാർ ഉള്ളത് ഫിലിപ്പീൻസിലും പിന്നെ ഇന്ത്യയിലുമാണ്. ഇന്ത്യൻ നഴ്സുമാരിൽത്തന്നെ ഭൂരിഭാഗവും കേരളത്തിലാണ്. പക്ഷേ ഇന്ന് കേരളത്തിൽ തുടരണമെന്ന് ഒരാൾക്കു പോലും ആഗ്രഹമില്ലാത്ത അവസ്ഥ. എല്ലാവരും വിദേശത്തേക്കു കുടിയേറ്റത്തിനു തയാറെടുക്കുന്നു. ഇതിനോടകം ഒട്ടേറെ പേർ രാജ്യം വിട്ടുകഴിഞ്ഞു. എന്തുകൊണ്ടാണ് ഈ കൊഴിഞ്ഞുപോക്ക്? ആരാണ് ഇതിന് ഉത്തരവാദി? കേരളത്തിലെ മിഡിൽ ക്ലാസ് കുടുംബങ്ങളെ സാമ്പത്തിക ഭദ്രതയിലേക്കു നയിച്ച പ്രഫഷനാണ് നഴ്സിങ്. മധ്യ കേരളത്തിലെ ആളുകളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും വലിയ പങ്കു വഹിച്ചു. എന്നിട്ടും കുടിയേറ്റം ഇന്നും ശക്തം. വിദേശ രാജ്യങ്ങളിൽ മികച്ച അവസരങ്ങളാണ് നഴ്സുമാരെ കാത്തിരിക്കുന്നത്. യുകെയും യുഎസും സ്വിറ്റ്സർലൻഡും മാത്രമല്ല, പുറമെ നിന്ന് നഴ്സുമാരെ സ്വീകരിക്കാത്ത രാജ്യങ്ങൾ വരെ ഇപ്പോൾ റിക്രൂട്ട്മെന്റ് ആരംഭിച്ചിരിക്കുന്നു. മികച്ച ശമ്പളവും അവരെ കാത്തിരിക്കുന്നു. നഴ്സുമാരുടെ കുടിയേറ്റത്തിന്റെ പിന്നാമ്പുറത്തെ കാര്യങ്ങളറിയാം വിശദമായി.
∙ ആദരം, സ്നേഹം, മികച്ച ശമ്പളം… നഴ്സിങ്ങിന് വിദേശത്തേറെ പ്രിയം
നാട്ടിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പരിഗണന കിട്ടുന്നു, ശമ്പളവും ബഹുമാനവും ലഭിക്കുന്നു, കുടുംബത്തെയും കൊണ്ടുപോകാം. പല രാജ്യങ്ങളിലും പോകുമ്പോൾതന്നെ കുടുംബവുമായി ഒരുമിച്ചു പോകാം. പുറമെ, മക്കൾക്ക് സൗജന്യ വിദ്യാഭ്യാസവും ലഭിക്കും. ഇത്രയും കാര്യങ്ങൾ പരിഗണിച്ചാൽ തന്നെ വിദേശ ജീവിതം ആഗ്രഹിക്കാൻ നഴ്സുമാർക്ക് മറിച്ചൊന്നു ചിന്തിക്കേണ്ടതില്ല. ആഴ്ചയിൽ കുറച്ചു ദിവസങ്ങളിൽ മാത്രമാണ് ജോലി. ബാക്കി ദിവസങ്ങളിൽ ഓവർടൈം കൂടി ചെയ്താൽ വരുമാനവും വർധിക്കും. എല്ലാം കൊണ്ടും വിദേശ രാജ്യങ്ങൾ നഴ്സുമാരുടെ പറുദീസയാണ്. ലോകരാജ്യങ്ങളെല്ലാം നഴ്സുമാർക്കായി നിലവിൽ അവരുടെ വാതിൽ തുറന്നിട്ടുമുണ്ട്.
25,000 പൗണ്ടാണ് യുകെയിൽ ഒരു വർഷം ലഭിക്കുന്ന ശരാശരി വരുമാനം; എകദേശം 25 ലക്ഷം ഇന്ത്യൻ രൂപ. ഓവർടൈം കണക്കാക്കിയാൽ അത് വീണ്ടും ഇരട്ടിയാകും. ലീവ്, അവധി, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ വേറെയും. വർഷങ്ങൾക്കകം പൗരത്വം ലഭിക്കും. അതുമല്ലെങ്കിൽ ഓസ്ട്രേലിയയിൽ പോകാം. യുകെയിൽ ഒരു വർഷം ജോലി ചെയ്തവരെ ഓസ്ട്രേലിയ ഡയറക്ട് പിആർ (പെർമനന്റ് റെസിഡന്റ്) ആയി എടുക്കും. യുകെയിലുള്ളതിനേക്കാൾ ശമ്പളവും ലഭിക്കും.
ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലാണ് പോകാൻ എളുപ്പമെന്ന് സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറയുന്നു. ‘‘മറ്റു രാജ്യങ്ങളിൽ അവിടുത്തെ ഭാഷ പഠിക്കണമെന്നത് വെല്ലുവിളിയാണ്. നഴ്സുമാർക്ക് വർക്ക് വീസ ലഭിക്കുമെന്നത് വലിയ ആകർഷണമാണ്. ന്യൂസീലൻഡ് ഓസ്ട്രേലിയ, യുകെ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളെല്ലാം നഴ്സുമാർക്ക് വലിയ അവസരങ്ങൾ നൽകുന്നുണ്ട്. യുകെയിലൊക്കെ ഓൾഡ് ഏജ് ഹോമുകളിൽ കെയർ ഗിവേഴ്സിനെ ആവശ്യമുണ്ട്. പരീക്ഷ പാസാകാത്തവർക്ക്, ചെറിയ സ്കോർ നേടുന്നവർക്ക് കെയർ ഗിവേഴ്സ് നഴ്സുമാർ എന്ന നിലയിൽ പോകാൻ കഴിയും. അമേരിക്കയും ഒരുപാട് നഴ്സുമാരെ ക്ഷണിച്ചു കഴിഞ്ഞു’’–ഡെന്നി തോമസിന്റെ വാക്കുകൾ.
∙ വിദേശത്തുനിന്ന് ക്ഷണം, നഴ്സുമാരെ ഇതിലേ ഇതിലേ
യുകെയിലേക്കാണ് ഏറ്റവും കൂടുതൽ നഴ്സ് മൈഗ്രേഷൻ നടക്കുന്നത്. അൻപതിനായിരത്തിലേറെ തൊഴിൽ അവസരങ്ങളാണ് ഈ വർഷം അവിടെയുള്ളത്. ആകെ 20,000 പേരെ മാത്രമേ നിലവിൽ അവർക്കു കിട്ടിയിട്ടുള്ളൂ. ഇനിയും 30,000 ഒഴിവുകൾ അവിടെയുണ്ട്. എക്സ്പീര്യൻസ് പോലും ആവശ്യപ്പെടാതെയാണ് യുകെ അടക്കമുള്ള രാജ്യങ്ങൾ റിക്രൂട്ട് ചെയ്യുന്നത്. പല രാജ്യങ്ങളിലും പോകാൻ ചെലവായ തുകയും തിരികെ ലഭിക്കും. 2008ൽ നഴ്സുമാരുടെ വരവ് ബ്ലോക്ക് ചെയ്ത അമേരിക്ക പോലും നിലവിൽ ഓപ്പണായി.
ഓസ്ട്രേലിയ, ന്യൂസീലൻഡ്, അയർലൻഡ് പോലുള്ള രാജ്യങ്ങൾ നഴ്സുമാരെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു. ഇതിനായി ഐഇഎൽടിഎസ് സ്കോർ പോലും അവർ കുറച്ചു. സ്കോറിൽ ക്ലബ്ബിങ്ങും അനുവദിച്ചു. മുൻപ് ഓസ്ട്രേലിയയിൽ പോകണമെങ്കിൽ 10–15 ലക്ഷം ചെലവു വന്നിരുന്നെങ്കിൽ ഇന്ന് അവരതും കുറച്ചു. മൊത്തം റിക്രൂട്ട്മെന്റ് പോലും സൗജന്യമാക്കി. യുഎഇ പോലും എക്സ്പീര്യൻസ് ഇല്ലാത്തവരെ എടുത്തു തുടങ്ങി. മുൻപ് ഗൾഫ് രാജ്യങ്ങളിലേക്ക് 3 വർഷം വരെ എകസ്പീര്യൻസ് വേണമായിരുന്നു. ജർമനിയിലും അവിടുത്തെ ഭാഷാ പ്രാവീണ്യം മാത്രം മതി. ഇന്ന് ഒരു മാസം അഞ്ഞൂറിലധികം ആളുകൾ കുടിയേറുന്നുണ്ടെന്നാണു കണക്ക്.
∙ ഫിലിപ്പീൻസ് ഒന്നാമത്, ഇന്ത്യ രണ്ടാമത്
ലോകത്ത് ഏറ്റവും കൂടുതൽ നഴ്സുമാരുള്ള രാജ്യങ്ങൾ ഫിലിപ്പീൻസും ഇന്ത്യയുമാണ്. ഇംഗ്ലിഷ് നന്നായി സംസാരിക്കുമെന്നതിനാലും നന്നായി വസ്ത്രം ധരിച്ച് സ്മാർട്ടായി നിൽക്കുമെന്നതിനാലും ഫിലിപ്പീൻസിലെ നഴ്സുമാർക്ക് ഡിമാൻഡ് ഉണ്ട്. ക്രൈസ്തവ സഭകളുടെ പ്രവർത്തനവും നഴ്സിങ്ങിനെ ജീവകാരുണ്യവും സേവന സ്വഭാവമുള്ളതുമായ തൊഴിലാക്കി മാറ്റുന്നതിൽ സഹായിച്ചു. കൂടാതെ അവിടുത്തെ നഴ്സുമാർ കൂടുതൽ സൗമ്യവതികളാണെന്നും വിലയിരുത്തപ്പെടുന്നു. ഫിലിപ്പീൻസ് നഴ്സുമാരുടെ അതേ മികവ് കേരളത്തിൽനിന്നുള്ള നഴ്സുമാർക്കുണ്ട്. ഇതേ കാരണങ്ങളാൽ കേരളത്തിലെ നഴ്സുമാർക്കും രാജ്യാന്തര തലത്തിൽ വൻ ഡിമാൻഡാണ്.
രോഗികളോടു സ്നേഹത്തോടും കരുതലോടും പെരുമാറുമെന്നതിനാലാണ് മലയാളി നഴ്സുമാർക്ക് ഇത്രയേറെ ഡിമാൻഡ്. ഇംഗ്ലിഷിൽ കുറച്ചു കൂടി പ്രാവീണ്യം നേടിയാൽ കേരളത്തിലെ നഴ്സുമാർ ഫിലിപ്പീൻസിനെ പിന്നിലാക്കും. ഇന്ത്യയിൽ 25,000 മുതൽ 30,000 പേർ വരെ ഒരു വർഷം നഴ്സിങ് പഠിച്ചിറങ്ങുന്നുണ്ട്. ഇന്ത്യയിൽനിന്നാണ് ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടക്കുന്നത്. കോവിഡ്‌കാലത്തിനു ശേഷം കാര്യമായി വളർന്ന ഒരു മേഖലയും നഴ്സിങ് ആണ്. ലോകരാജ്യങ്ങൾക്ക് ആരോഗ്യ മേഖല ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത മനസ്സിലായി. തൊഴിലവസരങ്ങൾ ഇരട്ടിയായി. ശമ്പളവും ഡിമാൻഡും വർധിച്ചു. മഞ്ജു വാര്യർ അടക്കമുള്ള പ്രമുഖ താരങ്ങൾ കേരളത്തിൽ ഐഎൽടഎസ് ഒഇടി അക്കാദമികളുടെ ബ്രാൻഡ് അംബാസഡർമാരായി.
∙ മികച്ച ശമ്പളം സ്വിറ്റ്സർലൻഡിൽ, ഒഴിവ് എല്ലായിടത്തും
ജപ്പാനിലേക്ക് 1.4 ലക്ഷം നഴ്സുമാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാൾട്ടയിലേക്ക് ആയിരത്തിലധികം. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുതിച്ചുചാട്ടം വന്നതോടെ ഗൾഫ് രാജ്യങ്ങൾക്ക് ആളെ കിട്ടാതെയായി. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്ക് എല്ലാ വർഷവും 2500 നഴ്സുമാരെ റിക്രൂട്ട് ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർക്ക് ആകെ കിട്ടിയത് 500 പേരെയാണ്. അവിടെയും വലിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. മുൻപ് സൗദി ഒരു ഇടത്താവളമായാണ് കണക്കാക്കിയിരുന്നത്. അവിടെപ്പോയി ഒന്നൊന്നര വർഷം ജോലിചെയ്ത് യുകെയ്ക്ക് പോകുക എന്നതായിരുന്നു ട്രെൻഡ്. ഇന്ന് ജപ്പാൻ ഭാഷ പഠിക്കുന്നവരുടെ വരെ എണ്ണം കൂടിയിരിക്കുകയാണ്.
ഇന്ത്യയിൽനിന്ന് ഏറ്റവും വേഗത്തിൽ പോകാൻ പറ്റുന്ന രാജ്യമാണ് മാൾട്ട. ഐഇഎൽടിഎസിൽ 5.5 സ്കോർ ഉണ്ടെങ്കിൽ മാൾട്ടയിലെത്താം. അവിടെ കുറച്ചു കാലം ജോലിചെയ്തതിനു ശേഷം ആളുകൾ ജർമനിയിൽ പോകും. ജർമനിയിൽ 5 വർഷം തികച്ചാൽ നേരെ സ്വിറ്റ്സർലൻഡിൽ പോകാം. നഴ്സുമാർക്ക് ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യം സ്വിറ്റ്സർലൻഡ് ആണ്. ഏകദേശം 62 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് അവിടെ ഒരു വർഷം അടിസ്ഥാന ശമ്പളം. ഓവർടൈം കണക്കാക്കിയാൽ ഇനിയും കൂടും. ഭംഗിയുള്ള രാജ്യമെന്നതിനു പുറമേ യുകെയിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി വരുമാനം ലഭിക്കുമെന്നതും നഴ്സുമാരെ ആകർഷിക്കുന്നു.
ഇറ്റലി, നോർവെ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളും വലിയ വരുമാനം ലഭിക്കുന്നവയാണ്. ഗൾഫ് രാജ്യങ്ങളിൽ ശമ്പളത്തിനു നികുതിയില്ലാത്തതിനാൽ കൂടുതൽ സേവ് ചെയ്യാം. അടുത്തകാലത്തായി ഫിൻലാൻഡ് ആദ്യമായി പുറത്തുനിന്ന് നഴ്സുമാരെ വിളിച്ച് തുടങ്ങിയിട്ടുണ്ട്. അവിടുത്തെ ഭാഷ പഠിക്കണമെന്നതാണ് നിബന്ധന. അതിനായി സഹായിക്കുന്ന സ്ഥാപനങ്ങളും കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു. മികച്ച ശമ്പളം തന്നെയാണ് വിദേശത്തേക്ക് പോകാൻ നഴ്സുമാരെ പ്രേരിപ്പിക്കുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജാസ്മിൻ ഷാ പറയുന്നു. ‘‘കേരളത്തിൽ യുഎൻഎ യൂണിയൻ ഉള്ളയിടത്തു മാസം മിനിമം 20,000 രൂപ ശമ്പളം നൽകുന്നുണ്ട്. എന്നാൽ വായ്പയെടുത്തു പഠിച്ച വ്യക്തിക്ക് അതുകൊണ്ടു ജീവിക്കാൻ കഴിയില്ല. വായ്പ അടയ്ക്കാനും ജീവിക്കാനും വിദേശത്തെ മികച്ച ശമ്പളം സഹായിക്കും. ഗവൺമെന്റ് നഴ്സുമാർ പോലും കുടിയേറിത്തുടങ്ങി’’– ജാസ്മിൻ ഷായുടെ വാക്കുകൾ.