ശബരിമല സീസണിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് എരുമേലിയിൽ 500 പോലീസുകാർ സേവനത്തിനുണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാർത്തിക്

എരുമേലി : ഇത്തവണ ശബരിമല സീസണിൽ 500 പോലീസുകാർ സുരക്ഷാ ക്രമീകരണങ്ങൾക്ക് സേവനത്തിനുണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാർത്തിക്. വ്യാഴാഴ്ച എരുമേലിയിൽ ഒരുക്കങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത വകുപ്പ് തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പ ഭക്തർ ശബരിമലയിലേക്ക്‌ നടന്ന് പോകുന്ന പരമ്പരാഗത പാത താൻ സന്ദർശിച്ച് വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തീർത്ഥാടക സഞ്ചാരം ഇല്ലാതിരുന്നതിനാൽ വനപാതയിൽ വന്യമൃഗ സാന്നിധ്യം ഉണ്ടാകുമെന്നതിനാൽ ശക്തമായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഈ മാസം പത്തിനകം ക്രമീകരണങ്ങൾ പൂർത്തിയാക്കുമെന്ന് യോഗത്തിൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇത്തവണ വലിയ തോതിൽ തീർത്ഥാടക പ്രവാഹം ഉണ്ടാകുമെന്നുള്ളത് കണക്കിലെടുത്ത് ജില്ലയിലെ ശബരിമല പാതകളിൽ അപകട സാധ്യത കൂടിയ ഭാഗങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിപുലമാക്കുമെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു. കണമല റോഡിൽ കൂടുതൽ പോലീസിനെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കും. കണമല ഇറക്കം അപകട രഹിതമാക്കും. വാഹന വേഗത ഇറക്കത്തിൽ പരമാവധി കുറയുന്നതിനുള്ള സംവിധാനമുണ്ടാകും. രാത്രിയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

17 മുതൽ എരുമേലി ടൗൺ റോഡിൽ വൺവെ ട്രാഫിക് നിലവിൽ വരും. പോലിസ് ഡ്യൂട്ടി പോയിന്റുകളുടെ എണ്ണം വർധിപ്പിക്കും. ബ്ലാക്ക് സ്പോട്ട് ആയി നിർണയിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കും. പോലിസ് നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാതെ സീസൺ കടകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ല. നടപ്പാതകളിൽ കച്ചവടം അനുവദിക്കില്ല. നിരോധിത ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കും. അമിത വില ഈടാക്കാൻ അനുവദിക്കില്ല. ഭക്ഷണ വില ഉൾപ്പടെ വിലവിവരം കടകളിൽ വിവിധ ഭാഷകളിൽ പ്രദർശിപ്പിച്ചിരിക്കണം. പാർക്കിംഗ്, ശുചി മുറി ഫീസുകൾ അംഗീകൃത നിരക്കിൽ ഈടാക്കണമെന്നും എസ് പി നിർദേശം നൽകി.

മലിനീകരണം തടയുന്നതിന് പോലീസിന്റെ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുഴകളും ജലാശയങ്ങളും മലിനമാക്കരുത്. മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ സേനയ്ക്ക് കൈമാറുകയോ പഞ്ചായത്ത്‌ നിർദേശിച്ചിട്ടുള്ള ബിന്നുകളിൽ ഇടുകയോ വേണം. മോഷണം, പിടിച്ചു പറി ഉൾപ്പടെ കുറ്റകൃത്യങ്ങൾ തടയാൻ മഫ്തി പോലീസിന്റെ സേവനവും സീസണിൽ ഉണ്ടാകും. പോലീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്യാമറാ നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കും. സ്റ്റേഷനിൽ ഹൈടെക് സെല്ലിൽ 24 മണിക്കൂറും ക്യാമറാ നിരീക്ഷണം ഉണ്ടാകും. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങളിൽ തീർത്ഥാടക യാത്ര അനുവദിക്കില്ലെന്നും എസ് പി അറിയിച്ചു. യോഗത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ്‌ ഇസ്മായിൽ, മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ്, ദേവസ്വം ബോർഡ് മുണ്ടക്കയം അസി. കമ്മീഷണർ ആർ പ്രകാശ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് ശ്രീധരശർമ, അയ്യപ്പ സേവാ സംഘം ശാഖ പ്രസിഡന്റ് അനിയൻ എരുമേലി, പുണ്യം പൂങ്കാവനം പദ്ധതി കോർഡിനേറ്റർ അശോക് കുമാർ, വ്യാപാരി സംഘടനാ പ്രതിനിധികളായ മുജീബ് റഹ്മാൻ, ഹരികുമാർ തുടങ്ങിയവരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

error: Content is protected !!