യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയുടെ പവിത്രത തകർക്കാൻ സർക്കാർ ശ്രമിച്ചാൽ തടയുമെന്ന് അയ്യപ്പ ഭക്തസംഗമം
എരുമേലി: തീർഥാടനകാലം തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ, ശബരിമല സന്നിധാനത്തും ഇടത്താവളങ്ങളിലും ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി നടപ്പാക്കണമെന്ന് എരുമേലിയിൽ നടന്ന അയ്യപ്പഭക്ത സംഗമത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു . ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻപോലും സർക്കാരും ദേവസ്വം ബോർഡും തയ്യാറാകുന്നില്ലെന്ന് ഹൈന്ദവ സംഘടനകൾ ആരോപിച്ചു . വീണ്ടും യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയുടെ പവിത്രത തകർക്കാൻ സർക്കാർ ശ്രമിച്ചാൽ എന്തു വിലകൊടുത്തും തടയുമെന്ന മുന്നറിയിപ്പോടെയാണ് അയ്യപ്പ ഭക്തസംഗമം സമാപിച്ചത്.
അന്നദാനം, നിലയ്ക്കൽ-പമ്പ യാത്ര ഉൾപ്പെടെ സൗജന്യമായി നടത്താൻ വിവിധ ഹൈന്ദവ സംഘടനകൾ തയ്യാറായിട്ടും അനുവദിക്കാതെ വരുമാന മാർഗമായി തീർഥാടന കാലത്തെ ഉപയോഗിക്കുകയാണ്. എരുമേലിയിൽ നടന്ന അയ്യപ്പഭക്ത സംഗമത്തിലാണ് അസൗകര്യങ്ങൾ സംബന്ധിച്ച് ഭക്തരുടെ പ്രതിഷേധം ഉയർന്നത്.
. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർഗ ദർശക് മണ്ഡൽ സംസ്ഥാന ജന. സെക്രട്ടറി സത്സ്വരൂപാനന്ദ സരസ്വതി ഭദ്രദീപം തെളിച്ചു. വാഴൂർ തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർഥപാദർ പ്രഭാാഷണം നടത്തി. ജി. രാമൻ നായർ, ശ്രീകുമാർ, ഇ.എസ്. ബിജു, അനിതാ ജനാർദനൻ, കെ.കെ. തങ്കപ്പൻ, സുനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.