9 മാസങ്ങൾ കൊണ്ട് സമ്പൂർണ ബൈബിൾ പകർത്തിയെഴുതിയ മൂവർക്ക് ആർച്ച് ബിഷപ്പ് ഉപഹാരങ്ങൾ നൽകി
മുക്കൂട്ടുതറ : സമ്പൂർണ ബൈബിൾ പകർത്തി എഴുതാൻ പലരും ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമ്പോൾ ഒമ്പത് മാസം കൊണ്ട് അത് സാധ്യമാക്കി ഇടകടത്തി ഉമ്മിക്കുപ്പ സ്വദേശികളായ മൂന്ന് പേർ. മൂവർക്കും ഉപഹാരങ്ങൾ നൽകി ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആശിർവദിച്ചു.
ഇടവക വികാരി ഫാ.തോമസ് പാലയ്ക്കൽ ആണ് മൂവർക്കും ബൈബിൾ എഴുതാൻ പ്രചോദനം പകർന്നത്. നമ്പ്യാമഠത്തിൽ പ്രിൻസ്, മൂക്കൻമാക്കൽ റെനി, ഓലിക്കൽ ജെസി എന്നിവരാണ് ദൈവിക ചര്യയുടെ വഴിയിൽ മനസ് അർപ്പിച്ച്
ബൈബിൾ പകർത്തി എഴുതിയത്.
മൂവരും ചേർന്ന് മൂന്ന് മാസം കൊണ്ട് പുതിയ നിയമവും ആറുമാസം കൊണ്ട് പഴയനിയമവും പകർത്തിയെഴുതി
ദൈവിക ചിന്തയിൽ ധ്യാന നിരതമായ മനസും ക്ഷമയും സൂക്ഷ്മതയും നിറഞ്ഞ പരിശ്രമം കൊണ്ടാണ് ബൈബിൾ അതേപടി പകർത്തി എഴുതാൻ സാധിക്കുകയെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ബൈബിളിലെ വചനങ്ങളും വാചകഘടനകളും അതേ ക്രമത്തിൽ തന്നെ പകർത്തി എഴുതണം. അക്ഷരത്തെറ്റുകളോ വ്യത്യാസങ്ങളോ പാടില്ല. കൃത്യമായി എഴുതാൻ വചനങ്ങൾ മനസിൽ പതിഞ്ഞ് ഉൾക്കൊള്ളണമെന്നും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. ബൈബിൾ പകർത്തി എഴുതുന്നതിന് മാർഗ്ഗനിർദേശങ്ങൾ നൽകി ഉമിക്കുപ്പ സിഎംസി മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ റോസിയ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിൽ സിസ്റ്റേഴ്സ് സഹായവും പ്രോത്സാഹനവും പകർന്നിരുന്നു.