ബസിൽ കുഴഞ്ഞുവീണ യാത്രക്കാരന് കരുതലായി കെ.എസ്.ആർ.ടി.സി ജീവനക്കാർ
കാഞ്ഞിരപ്പളളി : യാത്രക്കിടയിൽ കുഴഞ്ഞു വീണ യാത്രക്കാരനെ യഥാസമയം ആശുപത്രിയിൽ എത്തിച്ചു ചികിത്സ ഉറപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ . കുമിളി ഡിപ്പോയിലെ ജീവനക്കാരായ ഡ്രൈവർ ഷിബുമോൻ കെ എസ്, കണ്ടക്ടർ മണികണ്ഠൻ എന്നിവരാണ് അതെ ബസിൽ ഉടൻ തന്നെ രോഗിയെ സമീപത്തുള്ള കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ എമർജൻസി ആൻഡ് ട്രോമാ കെയർ വിഭാഗത്തിൽ എത്തിച്ചത്.
നാട്ടിലേക്ക് പോകുന്നതിനായി കോട്ടയത്തു നിന്നും കുമളിയിലേക്ക് പോയ തമിഴ്നാട് സ്വദേശിയാണ്, ബസ് കാഞ്ഞിരപ്പളളിയിൽ എത്തിയപ്പോൾ കുഴഞ്ഞു വീണത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ രോഗി അപകടനില തരണം ചെയ്‌തുവെന്നും, രോഗിയെ തുടർ ചികിത്സകൾക്കായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.