എരുമേലി സ്വദേശി സ്‌കൂൾ വിദ്യാർത്ഥി അയർലൻഡിൽ തടാകത്തില്‍ മുങ്ങിമരിച്ചു. മരിച്ചത് കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കൽ സെബാസ്റ്റ്യൻ ജോസഫ് (ജോപ്പു-16)

എരുമേലി : വടക്കന്‍ അയര്‍ലന്‍ഡിലെ ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ മലയാളികളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കൊളംബസ് കോളജ് വിദ്യാര്‍ഥികളായ പതിനാറു വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്. എരുമേലി കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് ( അജു) – വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, കണ്ണൂർ സ്വദേശി ജോഷി സൈമണിന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് മരിച്ചത്.

16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു

ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ അവധിയായതും നല്ല കാലാവസ്ഥയും കണക്കിലെടുത്താണ് കുട്ടികള്‍ സൈക്ലിംഗിന് ഇറങ്ങിയത്. എന്നാല്‍, പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റുവാന്‍ അപകടത്തില്‍ പെടുകയും രക്ഷിക്കുവാന്‍ ശ്രമിച്ച ജോസഫും അതേ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളത്തിലെ ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതാകാം അപകട കാരണം എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

അപകടം സംഭവിച്ചയുടന്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം റുവാനെ കണ്ടെടുക്കുകയും ഉടന്‍ ആശുപത്രിയിലെത്തുകയും അവിടെ വച്ച് മരണം സ്ഥീരികരിക്കുകയും ആയിരുന്നു. പിന്നീട് ആണ് ഫോയില്‍ സെര്‍ച്ചും റെസ്‌ക്യൂവും പോലീസ് ഡൈവേഴ്സും നടത്തിയ വിപുലമായ തിരച്ചിലിന് ശേഷം ജോസഫിന്റെ മൃതദേഹവും കണ്ടെടുത്തത്. സംഭവ സ്തലത്തു വച്ചു തന്നെ ജോസഫിന്റെ മരണം സ്ഥീരികരിച്ചിരുന്നു. മൃതദേഹങ്ങള്‍ സമീപത്തെ അല്‍റ്റ്‌നാഗെല്‍വിന്‍ ആശുപത്രിയിലേക്ക് എത്തിച്ചു .

അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ ഇരു കുടുംബങ്ങളും തകര്‍ന്നിരിക്കുകയാണ്. കുട്ടികളുടെ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയാണ് ബന്ധുക്കളും സഹൃത്തുക്കളും. അതിനേക്കാള്‍ വേദനയിലാണ് ദുരന്തം ഉറ്റകൂട്ടുകാരുടെ മരണം കണ്‍മുന്നില്‍ കണ്ട സുഹൃത്തുക്കള്‍. മരിച്ച കുട്ടികളടക്കം എട്ടു പേരാണ് സൈക്ലിംഗിന് ഇറങ്ങിയത്. ഫുട്ബോള്‍ കളിക്കാനും സൈക്ലിംഗിനും എല്ലാം ഒരുമിച്ചിറങ്ങുന്ന ഇവര്‍ തങ്ങളില്‍ രണ്ടു പേര്‍ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും.

മൃതദേഹങ്ങൾ ഇന്ന് വിട്ടുകിട്ടുമെന്നും തുടർന്ന് സംസ്കാരം അയർലൻഡിൽ നടത്താനാണ് തീരുമാനമെന്നും ബന്ധുക്കൾ പറഞ്ഞു. മരിച്ച ജോസഫിന്റെ മാതാപിതാക്കൾ 2005 മുതൽ അയർലൻഡിലാണ് താമസിക്കുന്നത്. പിതാവ് സെബാസ്റ്റ്യൻ ബിസിനസ് സ്ഥാപനം നടത്തുകയും മാതാവ് വിജി നഴ്‌സുമാണ്. സഹോദരങ്ങളായ കൊഹാന, ക്രിസ് എന്നിവർ അയർലൻഡിൽ സ്കൂളിൽ വിദ്യാർത്ഥികളാണ്.

error: Content is protected !!